settings icon
share icon
ചോദ്യം

സ്ത്രീകള്‍ പാസ്റ്റർമാരായും പ്രസംഗിമാരായും ശുശ്രൂഷ ചെയ്യുന്നത്‌ അനുവദനീയമോ? സ്ത്രീകളുടെ ശുശ്രൂഷകളെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു?

ഉത്തരം


സ്ത്രീകള്‍ പാസ്റ്റർമാരായും പ്രസംഗിമാരായും ശുശ്രൂഷകളിൽ പങ്കെടുക്കാമോ എന്ന വിഷയത്തെപ്പോലെ വാദപ്രതിവാദങ്ങള്‍ക്കുള്‍പ്പെട്ട വേറൊരു വിഷയം ക്രിസ്തീയ സഭകളില്‍ ഇന്നുണ്ടോ എന്ന്‌ സംശയമാണ്‌. അതുകൊണ്ട്‌ സ്ത്രീയും പുരുഷനും എന്നരീതിയിൽ വിഷയം കണക്കാക്കുന്നില്ല എന്ന കാര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. സ്ത്രീകള്‍ ഇത്തരം ശുശ്രൂഷകള്‍ ചെയ്യുവാൻ പാടില്ല എന്ന്‌ വിശ്വസിക്കുന്ന സ്ത്രീകളും, അവ അനുവദനീയമാണ്‌ എന്നു വിശ്വസിക്കുന്ന പുരുഷന്‍മാരും ഉണ്ട്‌. ഇതിനെ വിവേകശുന്യത എന്നോ വിവേചനം എന്നോ മനസ്സിലാക്കുവാന്‍ പാടില്ലത്തതാണ്‌. വേദപുസ്തക വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഒരു വിവാദമാണിത്..

1തിമോത്തിയോസ്.2:11-12 ഇങ്ങനെ വായിക്കുന്നു. "സ്ത്രീ മൌനമായിരുന്ന്‌ പൂര്‍ണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൌനമായിരിപ്പാനല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെ മേല്‍ അധികാരം നടത്തുവാനോ ഞാൻ അനുവദിക്കുന്നില്ല". ഇതിങ്ങനെ ആയിരിക്കുന്നത്‌ മനുഷ സൃഷ്ടിയുടേയും (1തിമോത്തിയോസ്.2:13) പാപം ലോകത്തില്‍ പ്രവേശിച്ച വിധത്തിന്റേയും കാരണത്തിനാലാണ്‌ (1തിമോത്തിയോസ്.2:14). സ്ത്രീകൾ പുരുഷന്‍മാരെ ഉപദേശിക്കുന്നതും പുരുഷന്‍മാരുടെ മേൽ അധികാരം ചെലുത്തുന്നതും ദൈവം അപ്പൊസ്തലനായ പൌലൊസില്‍കൂടെ വിലക്കിയിരിക്കുകയാണ്‌. പുരുഷന്മാരുടെ മേൽ കർതൃത്വം നടത്തുന്ന ഇടയന്മാരായോ, പ്രാസംഗികരായോ, ഉപദേഷ്ടാക്കന്മാരായോ,പുരുഷന്മാരുടെമേൽ ആത്മീക ശുശ്രൂഷകൾ നിർവഹിക്കുന്നവരോ ആയിരിക്കാൻ ഈ വചനം സ്ത്രീകളെ അനുവദിക്കുന്നില്ല.

സ്ത്രീകള്‍ പാസ്റ്റർമാരായിക്കുവാൻ പാടില്ല എന്ന തീരുമാനത്തെ തിരസ്കരിക്കുന്നവര്‍ ചില ന്യായങ്ങള്‍ ഉന്നയിക്കാറുണ്ട്‌. സാധാരണയായി ഉന്നയിക്കുന്ന വാദം അപ്പൊസ്തലനായ പൌലോസ്‌ അന്ന്‌ സ്ത്രീകള്‍ ഉപദേശിക്കുന്നതില്‍ നിന്ന്‌ അവരെ വിലക്കിയതിന്റെ കാരണം അന്നത്തെ സ്ത്രീകള്‍ വിദ്യാസമ്പന്നരല്ലായിരുന്നു എന്നതാണ്‌. എന്നാല്‍ ശ്രദ്ധിക്കുക: 1തിമോത്തിയോസ്.2:11-14 വരെയുള്ള ഭാഗത്ത്‌ വിദ്യാഭ്യാസയോഗ്യതയെപ്പറ്റി ഒരു പരാമര്‍ശവുമില്ല. എന്നുതന്നെയല്ല വിദ്യാഭ്യാസമാണ്‌ ശുശ്രൂഷകള്‍ക്ക്‌ മാനദണ്ഡമെങ്കില്‍ കര്‍ത്താവിന്റെ ശിഷ്യന്‍മാർ പലരും അതിന്‌ യോഗ്യതയുള്ളവരാകുമായിരുന്നില്ലതാനും.

രണ്ടാമത്‌ അവര്‍ പറയുന്ന ന്യായം പൌലൊസ്‌ എഫെസോസ്‌ സഭയിലുള്ള സ്ത്രീകളെ മാത്രമേ ഇത്തരം ശുശ്രൂഷകളില്‍ നിന്ന്‌ വിലക്കിയുള്ളു എന്നാണ്‌. അതിന്‌ അവര്‍ പറയുന്ന വിശദീകരണം തിമോത്തിയൊസ്‌ അന്ന്‌ എഫെസോസ്‌ സഭയുടെ ചുമതലയില്‍ ആയിരുന്നുവെന്നും ആ പട്ടണത്തിലെ പുറജാതികള്‍ ആര്‍ത്തെമിസ്‌ എന്ന മഹാദേവിയുടെ ആരാധകരായിരുന്നു എന്നും സ്ത്രീകളായിരുന്നു ആരാധനയില്‍ പ്രധാന പങ്കുകള്‍ വഹിച്ചിരുന്നത്‌ എന്നും അതുകൊണ്ട്‌ അവരിൽനിന്നു വ്യത്യസ്തരായിരിപ്പാൻ ആ പട്ടണത്തിലെ സ്ത്രീകൾ ക്രിസ്തീയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനെ പൌലോസ്‌ വിലക്കി എന്നുമാണ്‌. എന്നാല്‍ 1തിമോത്തിയോസ്.2:11-14 വരെയുള്ള ഭാഗത്ത്‌ എവിടെയും ആര്‍ത്തെമിസിനെപ്പറ്റിയോ അതിന്റെ ആരാധനയെപ്പറ്റിയോ ഒരു സൂചന പോലുംപൗലോസ് നൽകുന്നില്ല മാത്രമല്ല 1തിമത്തിയോസ്‌2:11-12 ഉള്ള നിയന്ത്രണത്തിന് ഇതൊരു കാരണവുമായി പറയുന്നില്ല..

മൂന്നാമതായി അവര്‍ പറയുന്നത്‌ ഈ വേദഭഗം പുരുഷനേയും സ്ത്രീയേയും പറ്റിയല്ല, ഭാര്യയേയും ഭര്‍ത്താവിനേയും പറ്റിയുള്ളതാണ്‌ എന്നാണ്‌. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ഭാര്യയും ഭര്‍ത്താവും എന്നും തർജ്ജിമ ചെയ്യാവുന്നതാണ്‌ എന്നത്‌ ശരിയാണ്‌. എന്നാല്‍ ആ വാക്കുകളുടെ പ്രാധമീക അര്‍ത്ഥം സ്ത്രീയും പുരുഷനും എന്നു തന്നെയാണ്‌. ശ്രദ്ധിക്കുക: ഇതേ വാക്കുകള്‍ ഇതേ അദ്ധ്യായത്തില്‍ 8-10 വരെയുള്ള വാക്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്‌. അവിടെ ഭാര്യയും ഭര്‍ത്താവും എന്ന്‌ ഈ വാക്കുകൾ തർജ്ജിമ ചെയ്താൽ അര്‍ത്ഥം വികലമായിപ്പോകും. ഈ വാക്കുകളുടെ പ്രാധമീക അര്‍ത്ഥം സ്ത്രീയും പുരുഷനും എന്നു തന്നെയാണ്‌. ഭാര്യാഭർത്താക്കന്മാർ മാത്രം യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ അലങ്കരിച്ചാൽ മതിയോ?തീർച്ചയായും അല്ല 8മുതൽ 10 വരെ വാക്യങ്ങൾ വ്യക്തമായും പറയുന്നത് എല്ലാ പുരുഷന്മാരും, സ്ത്രീകളും എന്നാണ് അല്ലാതെ ഭർത്താവും ഭാര്യയും എന്നല്ല.11-14 വരെയുള്ള വാക്യങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്‍മാരേയാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്ന്‌ സന്ദര്‍ഭത്തിൽ നിന്ന്‌ ഒരു സൂചനയുമില്ലതാനും.

മറ്റൊരു തടസ്സവാദം ഉന്നയിക്കുന്നത് ബൈബിളിൽ നേതൃത്വ നിറയിൽ ഉണ്ടായിരുന്ന പ്രത്യേകിച്ച് പഴയ നിയമത്തിലെ വനിതകളായ മിര്യാം,ദെബോര, ഹുൽദ എന്നിവരുമായി ബന്ധപ്പെട്ടാണ്. ദൈവം അവരെ തനിക്കായി പ്രത്യേകമായ ശുശ്രൂഷകൾക്കായി തിരഞ്ഞെടുക്കുകയും അവർ വിശ്വാസത്തിന്റെയും ധീരതയുടെയും,പ്രതീകങ്ങളായി നിലകൊണ്ടു എന്നതും സത്യമാണ്.എന്നിരുന്നാലും പഴയ നിയമത്തിൽ സ്ത്രീകൾക്ക് ലഭിച്ച അധികാരം പുതിയനിയമത്തിൽ സ്ത്രീകളെ ഇടയന്മാരായി സഭയിൽ നിയമിക്കുവാൻ മാത്രം പ്രസക്തമല്ല.എന്നാൽ ക്രിസ്തുവിന്റെ ശരീരം അഥവാ സഭക്ക് ഒരുമാതൃകയാണ് പുതിയനിയമ ലേഖനങ്ങൾ നൽകുന്നത്. ഈ മാതൃക യിസ്രായേൽ രാഷ്ട്രത്തിനോ,പഴയനിയമ ആസ്‌തിത്വങ്ങൾക്കോ നൽകാതെ സഭക്ക് മാത്രമായി നൽകുന്ന ഘടനയും അധികാരവുമാണ്.

പ്രവർത്തികൾ 18 ൽ അക്വില്ലാവിനെപ്പറ്റിയും പ്രിസ്കില്ലായെപ്പറ്റിയും വായിക്കുന്നു. അവര്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായിരുന്നുവെന്നും കാണുന്നു. പ്രിസ്കില്ലയുടെ പേര്‌ ആദ്യം എഴുതിയിരിന്നതുകൊണ്ട്‌ ഒരു പക്ഷേ ശുശ്രൂഷകളില്‍ അവൾ തന്റെ ഭര്‍ത്താവിനേക്കാൾ ഗണനീയയായിരുന്നിരിക്കാം എന്ന്‌ മനസ്സിലാക്കാം. പ്രിസ്കില്ലയും തന്റെ ഭർത്താവും യേശുവിന്റെ സുവിശേഷം അപ്പൊല്ലോസിനെ പഠിപ്പിച്ചിരുന്നുവോ? പ്രവർത്തികൾ.18:26 ൽ അവര്‍ അപ്പൊലോസിനെ വീട്ടില്‍ കൈക്കൊണ്ട്‌ ദൈവവചനം വ്യക്തമായി അവനു തെളിയിച്ചുകൊടുത്തു എന്ന്‌ കാണുന്നു. പ്രിസ്കില്ല ഒരുസഭയിൽ പാസ്റ്ററായിരുന്ന് വചനം പഠിപ്പിക്കുകയും, വിശുദ്ധന്മാരുടെ സഭയിൽ പൊതുവായി വചനം പഠിപ്പിക്കുകയും ചെയ്തിരുന്നതായി ബൈബിൾ പറയുന്നുവോ? ഇല്ല നമുക്ക് ലഭിക്കുന്ന അറിവനുസരിച്ച് അവളുടെ ശുശ്രൂഷ 1തിമോത്തിയോസ്.2:11-14 വരെയുള്ള വാക്യങ്ങളെ അവഹേളിച്ചുള്ളതായിരിക്കുവാന്‍ ഒരു ന്യായവുമില്ല.

റോമർ 16:1 ൽ ഫേബയെ ഒരു ശുശ്രൂഷക്കാരത്തിയായി ഉള്‍പ്പെടുത്തിയ കാര്യം പൗലോസ് അൽപ്പം പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്. ഫേബ ആ സഭയിലെ പാസ്റ്ററോ ,ഉപദേഷ്ടാവോ ആയിരുന്നു എന്ന്‌ ഊഹിക്കുവാൻ ഒരു ന്യായമില്ല. "ഉപദേശിപ്പാൻ സമര്‍ദ്ധൻ" എന്നത്‌ മൂപ്പന്‍മാരുടെ യോഗ്യതകളിൽ ഒന്നായി എഴുതിയിട്ടുള്ളപ്പോള്‍ ശുശ്രൂഷകരുടെ യോഗ്യതകളിൽ അത്‌ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌ (1തിമോത്തിയോസ്.3:1-13;തീത്തോസ്.1:6-9).

1തിമോത്തിയോസ്.2:11-14 ലേക്ക്‌ വീണ്ടും ശ്രദ്ധ തിരിക്കാം. 11,12 വാക്യങ്ങളിൽ സ്ത്രീ ഉപദേഷ്ടാവായിരിക്കുവാന്‍ പാടില്ല എന്നു പറഞ്ഞ ശേഷം 13 ആം വാക്യത്തില്‍ അതിനുള്ള കാരണം പൌലോസ്‌ പറഞ്ഞിരിക്കുന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. "ആദാം ആദ്യം നിര്‍മ്മിക്കപ്പെട്ടു; പിന്നെ ഹവ്വ. ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടത്‌". ആദ്യം ആദാമിനെ സൃഷ്ടിച്ച്‌ അവനു തുണയായിട്ടാണ്‌ ദൈവം ഹവ്വയെ സൃഷ്ടിച്ചത്‌. സൃഷ്ടിയിലെ ഈ ക്രമം മാനവകുലത്തെ സര്‍വലൌകീകമായി അവരുടെ കുടുംബജീവിതത്തേയും സഭാജീവിത്തേയും സ്വാധീനിക്കേണ്ടതാണ്‌ (എഫേസ്യർ.5:22-33). ഹൗവ്വ വഞ്ചിക്കപ്പെട്ടു എന്ന കാരണത്താലാണ് തിമത്തിയോസിൽ സ്ത്രീകൾ ഇടയന്മാരായി നിയമിക്കപ്പെടാത്തതും,പുരുഷന്റെമേൽ ആത്മീക അധികാരം നൽകാത്തതും. അതിനർത്ഥം സ്ത്രീകൾ എന്തിനെയും ഏതിനെയും വേഗത്തിൽ കണ്ണടച്ചു വിശ്വസിക്കുന്നവരും,പെട്ടന്ന് കബളിപ്പിക്കാൻ പറ്റുന്നവരുമാണ് എന്നല്ല. അപ്രകാരമായിരുന്നുവെങ്കിൽ ഒരിക്കലും കുഞ്ഞുങ്ങളെ പരിപാലിക്കുവാനോ (അവരാണ് വേഗത്തിൽ വഞ്ചിക്കപ്പെടുന്നത്),മറ്റു സ്ത്രീകളെ പഠിപ്പിക്കുവാനോ അനുവദിക്കുകയില്ലായിരുന്നു.ഹൗവ്വ വഞ്ചിക്കപ്പെട്ട ഒറ്റകരണത്താലാണ് പുരുഷനെ വചനം പഠിപ്പിക്കുവാനോ, അവന്റെമേൽ ആത്മീകാധികാരം നടത്തുവാനോ സ്ത്രീയെ അനുവദിക്കാത്തത്. വചനം പഠിപ്പിക്കുവാനുള്ള അധികാരം ദൈവം ഇന്ന് പുരുഷനാണ് നൽകിയിരിക്കുന്നത്..

അതിഥിസല്‍കാരം, ദയ, സഹായം എന്നീ മറ്റു പല കൃപാവരങ്ങളില്‍ സ്ത്രീകൾ പുരുഷന്‍മാരെ വെല്ലാറുണ്ട്‌. സഭയിലെ മറ്റു പല ശുശ്രൂഷകളും സ്ത്രീകളെ ആശ്രയിച്ചാണിരിക്കുന്നത്‌. പരസ്യമായി പ്രാര്‍ത്ഥിക്കുന്നതിനോ പ്രവചിക്കുന്നതിനോ സ്ത്രീകള്‍ക്ക്‌ വിലക്കു കല്‍പിച്ചിട്ടില്ല (1കൊരിന്ത്യർ.11:15). പുരുഷന്‍മാരുടെമേലുള്ള ആത്മീക അധികാരം മാത്രമാണ്‌ വിലക്കിയിട്ടുള്ളത്‌. സ്ത്രീകള്‍ അവരുടെ കൃപാവരങ്ങൾ പരസ്യമായി വെളിപ്പെടുത്തുന്നതിനെ വേദപുസ്തകം വിലക്കിയിട്ടില്ല (1കൊരിന്ത്യർ.12). മറ്റുള്ളവരുടെ മുമ്പില്‍ ആത്മാവിന്റെ ഫലം വെളിപ്പെടുത്തുവാനും (ഗലാത്യർ.5:22-23) നഷ്ടപ്പെട്ടവരോടു സുവിശേഷം അറിയിക്കുവാനും സ്ത്രീയും പുരുഷനും ഒരുപോലെ ബാദ്ധ്യസ്തരാണ്‌ (മത്തായി.28:18-20; പ്രവർത്തികൾ.1:8; 1പത്രോസ്.3:15).

ആത്മീയ നേതൃത്വം കൊടുക്കുന്നതിനും ഉപദേശിക്കുന്നതിനും സഭയിൽ ദൈവം പുരുഷന്‍മാരെയാണ്‌ ഏര്‍പ്പെടുത്തിരിക്കുന്നത്‌. സ്ത്രീകള്‍ ബുദ്ധികൂര്‍മതയിൽ കുറവുള്ളവരായതുകൊണ്ടോ, പുരുഷന്മാർ സ്ത്രീകളേക്കാൾ ഉപദേശിക്കുവാന്‍ കഴിവുള്ളവര്‍ ആയതുകൊണ്ടോ അല്ല ഈ ക്രമീകരണം. തന്റെ സഭ ഇങ്ങനെ നടത്തപ്പെടണമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്നു മാത്രം. ആത്മീക നേതൃത്വ നിരയിൽ നിൽക്കുന്നവർ തങ്ങളുടെ ജീവിതത്തിലും, വാക്കുകളിലും മാതൃക ഉള്ളവരായിരിക്കേണം. എന്നാൽ സ്ത്രീകൾക്ക് ഉത്തരവാദിത്വം അൽപ്പം കുറവാണ്. സ്ത്രീകളെ പഠിപ്പിക്കുവാന്‍ സ്ത്രീകള്‍ക്ക്‌ അധികാരം ഉണ്ട്‌ (തീത്തോസ്.2;3-5). കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതില്‍ നിന്നും ബൈബിള്‍ സ്ത്രീകളെ വിലക്കിയിട്ടില്ല. പുരുഷന്റെ മേല്‍ അധികാരം ചെലുത്തുവാനും അവരെ ഉപദേശിക്കുവാനും മാത്രമേ സ്ത്രീകള്‍ക്ക്‌ വിലക്കുള്ളു. അങ്ങനെ നോക്കുമ്പോള്‍ ന്യായമായി പാസ്റ്റർമാരായിരിക്കുവാൻ ബൈബിൾ സ്ത്രീകളെ അനുവദിക്കുന്നില്ലെന്നര്‍ത്ഥം. അവരെ ഏതെങ്കിലും രീതിയില്‍ കൊച്ചാക്കുവാനുള്ള ഒരു ശ്രമമല്ലിത്‌. ഇതിനർത്ഥം സ്ത്രീകൾക്ക് ഒരു പ്രാധാന്യവും ഇല്ല എന്നല്ല മറിച്ച് ദൈവീക പദ്ധതികൾക്കും,ദൈവം അവർക്കു നൽകിയ താലന്തുകൾക്കും അനുസൃതമായ ശുശ്രൂഷകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് മാത്രം.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

സ്ത്രീകള്‍ പാസ്റ്റർമാരായും പ്രസംഗിമാരായും ശുശ്രൂഷ ചെയ്യുന്നത്‌ അനുവദനീയമോ? സ്ത്രീകളുടെ ശുശ്രൂഷകളെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു?
© Copyright Got Questions Ministries