ഭാര്യമാർ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങിയിരിക്കേണ്ടത്‌ ആവശ്യമാണോ?ചോദ്യം: ഭാര്യമാർ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങിയിരിക്കേണ്ടത്‌ ആവശ്യമാണോ?

ഉത്തരം:
വിവാഹജീവിതത്തില്‍ കീഴങ്ങിയിരിക്കുന്നതിന്‌ വലിയ പ്രാധാന്യം ഉണ്ട്‌. ലോകത്തില്‍ പാപം പ്രവേശിക്കുന്നതിനു മുമ്പുതന്നെ ദൈവം അങ്ങനെയാണ്‌ തീരുമാനിച്ചിരുന്നത്‌. ആദ്യം ആദാം സൃഷ്ടിക്കപ്പെട്ടു. ആദാമിനു തുണയായി ഹവ്വയെ ദൈവം സൃഷ്ടിച്ചു (ഉല്‍പത്തി 2:18-20). അക്കാലത്ത്‌ ദൈവീക കല്‍പന അല്ലാതെ മറ്റൊരു അധീനതയും ആവശ്യമില്ലായിരുന്നു. പാപം ലോകത്തില്‍ പ്രവേശിച്ചപ്പോള്‍ സ്ത്രീ ഭരിക്കപ്പെടുന്ന അവസ്ഥയിലേക്ക്‌ മാറ്റപ്പെട്ടു (ഉല്‍പത്തി 3:16). നാം ഇന്ന്‌ ദൈവത്തിനു കീഴടങ്ങിയിരിക്കണം. എങ്കിലേ നമുക്ക്‌ അവനെ അനുസരിക്കുവാൻ സാധിക്കയുള്ളൂ (യാക്കോബ് 1:21; 4:7). 1കൊരിന്ത്യർ 11:2-3 പറയുന്നതു ക്രിസ്തു തന്നത്താൻ ദൈവത്തിനു കീഴടങ്ങിയിരിക്കുന്നതുപോലെ ഭര്‍ത്താവു ക്രിസ്തുവിനു കീഴടങ്ങിയിരിക്കണം എന്നാണ്‌. ഭര്‍ത്താവ്‌ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതിനെ അനുകരിച്ച്‌ ഭാര്യ ഭര്‍ത്താവിനു കീഴടങ്ങേണ്ടതാണ്‌.

കീഴടങ്ങിയിരിക്കുക എന്നത്‌ സ്നേഹത്തോടുകൂടിയുള്ള നേതൃത്വത്തിനു പ്രകൃത്യാ ലഭിക്കുന്ന പ്രതികരണമാണ്‌. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഒരു ഭര്‍ത്താവ്‌ തന്റെ ഭാര്യയെ സ്നേഹിക്കുമ്പോള്‍ സ്വാഭാവീകമായി ആ ഭാര്യ തന്റെ ഭര്‍ത്താവിനു കീഴടങ്ങിയിരിക്കും എന്നതിൽ സംശയമില്ല. ദൈവത്തിനു, സർക്കാരിനു, ഭര്‍ത്താവിനു കീഴടങ്ങിയിരിക്കുക എന്നു പറയുന്നത്‌ ഒരിക്കൽ മാത്രം ചെയ്യുന്ന കാര്യമായിട്ടല്ല, മനസ്സിന്റെ അനുഭാവമായിട്ടാണ്‌ മനസ്സിലാക്കേണ്ടത്‌. സ്വാര്‍ത്ഥതയുള്ള അധികാരമോഹിയായ ഒരു ഭര്‍ത്താവിനു ഭാര്യ കീഴടങ്ങുന്ന ചിത്രമല്ല എഫെസ്യർ 5 ൽ നാം കാണുന്നത്‌. ദൈവാത്മാവിനാല്‍ നടത്തപ്പെടുന്ന രണ്ടു പേർ സ്നേഹത്തോടുകൂടി അന്യോന്യവും ദൈവത്തിനും കീഴടങ്ങിയിരിക്കുന്ന ചിത്രമാണ്‌ പുതിയനിയമത്തിൽ നാം കാണുന്നത്‌.

മാത്യു ഹെന്രി ഇങ്ങനെ എഴുതി: "ദൈവം സ്ത്രീയെ പുരുഷന്റെ വാരിയെല്ലില്‍ നിന്നാണ്‌ എടുത്തത്‌. അവള്‍ അവനെ ഭരിക്കേണ്ടതിനു അവളെ അവന്റെ തലയിൽ നിന്നോ, അല്ലെങ്കില്‍ അവനാൽ മെതിക്കപ്പെടേണ്ടതിനു അവന്റെ കാലില്‍ നിന്നോ എടുക്കാതെ, അവന്‍ അവളെ തുല്യയായി കാണേണ്ടതിനു അവന്റെ വശത്തുനിന്നും, അവളെ സൂക്ഷിക്കേണ്ടതിനു അവന്റെ കൈകളുടെ അടിയില്‍ നിന്നും, അവളെ സ്നേഹിക്കേണ്ടതിനു അവന്റെ ഹൃദയത്തിന്റെ അരികില്‍ നിന്നും ആണ്‌ ദൈവം അവളെ എടുത്തത്‌". ക്രിസ്തുവിനോടുള്ള ബഹുമാനത്താല്‍ വിശ്വാസികൾ അന്യോന്യം കീഴടങ്ങിയിരിക്കേണ്ടതാണ്‌ (എഫെസ്യർ 5:21). എഫെസ്യർ 5:19-33 വരെയുള്ള വാക്യങ്ങൾ ആത്മാവിൽ നിറഞ്ഞ ജീവിതത്തിനെയാണ്‌ കാണിക്കുന്നത്‌. ആത്മാവില്‍ നിറഞ്ഞ വിശ്വാസി ആരാധിക്കുന്നവനും (വാക്യം 19), നന്ദിയുള്ളവനും (വാക്യം 20), കീഴടങ്ങുന്നവനും (വാക്യം 21) ആയിരിക്കും എന്ന്‌ പൌലൊസ്‌ പറയുന്നു. ആത്മാവില്‍ നിറഞ്ഞ ജീവിതം ഭാര്യാഭര്‍ത്താക്കന്‍മാരെ എങ്ങനെ ബാധിക്കും എന്നാണ്‌ 22,23 എന്നീ വാക്യങ്ങളില്‍ കാണുന്നത്‌. ഭാര്യ ഭര്‍ത്താവിനു കീഴടങ്ങേണ്ടത്‌ സ്തീകൾ തരം താഴ്ന്നവർ ആയതുകൊണ്ടല്ല. ഭാര്യഭര്‍തൃ ബന്ധത്തെ ദൈവം അങ്ങനെ ഏര്‍പ്പെടുത്തിയതുകൊണ്ടു മാത്രമാണ്‌. കീഴടങ്ങുക എന്നതുകൊണ്ട്‌ ചവിട്ടുമെത്ത ആവുക എന്ന അര്‍ത്ഥം അതിനില്ല. ക്രിസ്തു നിസ്വാര്‍ത്ഥം സഭയെ സ്നേഹിച്ചതുപോലെ ഭര്‍ത്താവ്‌ ഭാര്യയെ സ്നേഹിക്കുമ്പോൾ അവളിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്‌ കീഴടങ്ങുക എന്നത്.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഭാര്യമാർ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങിയിരിക്കേണ്ടത്‌ ആവശ്യമാണോ?