ആരാണ്‌ സാത്താൻ? ആരാണ് പിശാച്?ചോദ്യം: ആരാണ്‌ സാത്താൻ? ആരാണ് പിശാച്?

ഉത്തരം:
സാത്താനെപ്പറ്റി പലരും പല രീതിയിലാണ്‌ മനസ്സിലാക്കിയിരിക്കുന്നത്‌. ചിലര്‍ക്ക്‌ ചുവപ്പുനിറക്കാരനായ, കൊമ്പുകള്‍ ഉള്ള, നമ്മെ പാപം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഒരു കുട്ടി പിശാചാണ് സാത്താൻ. മറ്റു ചിലര്‍ക്കാകട്ടെ, സാത്താന്‍ തിന്‍മയുടെ മൂര്‍ത്തീകരണം ആണ്‌. വേദപുസ്തകത്തില്‍ സാത്താനെപ്പറ്റിയും അവൻ നമ്മെ സ്വാധീനിക്കുന്ന വിധത്തെപ്പറ്റിയും വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ പാപം ചെയ്ത ദൈവദൂതനാണ്‌ സാത്താൻ എന്ന്‌ വേദപുസ്തകം പറയുന്നു. ഇന്ന്‌ സാത്താൻ ദൈവത്തിനും ദൈവീകപദ്ധതികള്‍ക്കും എതിരായി അവന്റെ സര്‍വ ശക്തിയും ഉപയോഗിച്ച്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ ഒരു ദൂതനായിട്ടാണ്‌ സാത്താൻ സൃഷ്ടിക്കപ്പെട്ടത്‌. അവന്‍ പാപം ചെയ്യുന്നതിനു മുമ്പ്‌ ഒരു പക്ഷെ അരുണോദയപുത്രൻ എന്നര്‍ത്ഥം വരുന്ന ലൂസിഫർ എന്നാണ് അവൻ വിളിക്കപ്പെട്ടിരുന്നത്‌ എന്ന്‌ യെശയ്യാവ്.14:12 ൽ നിന്ന്‌ മനസ്സിലാക്കാം. യെഹസ്ക്കേൽ.18:12-14 വരെ വായിച്ചാൽ സൃഷ്ടിക്കപ്പെട്ടതിൽ വച്ച്‌ അഗ്രഗണ്യനായ ഒരു കെരൂബ്‌ എന്ന ദൈവദൂതൻ ആയിരുന്നു സാത്താൻ എന്ന്‌ മനസ്സിലാക്കാം, അവന്റെ മനോഹരത്വത്തിലും അവന്റെ ഉയര്‍ച്ചയിലും അവൻ അഹങ്കരിച്ച്‌ ദൈവസിംഹാസനത്തിനു മേൽ ഇരിക്കുവാൻ അവൻ ആഗ്രഹിച്ചു (യെശയ്യാവ്.14:13-14; യെഹസ്കേൽ.28:15; 1തിമൊത്തിയോസ്.3:6). അവന്റെ അഹങ്കാരം അവന്റെ വീഴ്ചയ്ക്ക്‌ കാരണമായി. യെശയ്യാവ്.14:12-15 വരെയുള്ള വാക്യങ്ങളിൽ "ഞാന്‍" എന്നത്‌ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്‌ എന്ന്‌ ശ്രദ്ധിക്കുക. അവന്റെ പാപം നിമിത്തം അവന്‍ ദൈവത്താൽ പുറംതള്ളപ്പെട്ടു.

മനുഷ്യന്റെ പാപത്തിന്റെ ഫലമായി ഈ ലോകം ഇന്ന് ദുഷ്ടന്റെ കൈയിൽ അകപ്പെട്ടു പോയി (1യോഹന്നാൻ.5:19). സാത്താന്‍ ഈ ലോകത്തിന്റെ ദൈവവും (യോഹന്നാൻ.12:31; 2കൊരിന്ത്യർ.4:4) ദുഷ്ടാത്മ സേനകളുടെ അധിപനും (എഫെസ്യർ 2:2) ആണ്‌. അവന്‍ കുറ്റം പറയുന്നവനും (വെളിപ്പാട്.12:10), പരീക്ഷകനും (മത്തായി.4:3; 1തെസ്സലോനിക്യർ.3:5), വഞ്ചിക്കുന്നവനും (ഉല്‍പത്തി.3:2; 2കൊരിന്ത്യർ.4:4; വെളിപ്പാട് .20:3) ആണെന്ന് വേദപുസ്തകം പറയുന്നു. അവന്റെ പേരിന്റെ അര്‍ത്ഥം "എതിര്‍ക്കുന്നവന്‍" എന്നാണ്‌. അവനു കൊടുത്തിരിക്കുന്ന വേറൊരു പേര്‌ "അപവാദി" എന്നാണ്‌.

അവന്‍ ദൈവീക ശുശ്രൂഷയിൽ നിന്ന് പുറം തള്ളപ്പെട്ടെങ്കിലും, ഇന്നും അവൻ ദൈവസിംഹാസനത്തിനു മേല്‍ ഉയരുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ദൈവം ചെയ്യുന്നതിനെല്ലാം കള്ളനാണയം ഉണ്ടാക്കി ഇന്നവന്‍ ദൈവത്തെയും ദൈവരാജ്യത്തേയും എതിര്‍ത്തുകൊണ്ടിരിക്കുന്നു. ലോകത്തിലുള്ള സകലവിധ തെറ്റായ ദൈവാരാധനകളുടേയും മതങ്ങളുടേയും പിന്നിലുള്ള ശക്തി സാത്താന്‍ ആണ്‌ (1കൊരിന്ത്യർ.10:20). ദൈവത്തേയും ദൈവത്തെ അനുകരിക്കുന്നവരേയും ഇന്നവന്‍ അവന്റെ സര്‍വ ശക്തിയും ഉപയോഗിച്ചു എതിര്‍ത്തു കൊണ്ടിരിക്കുന്നു. എന്നാല്‍ അവന്റെ അന്ത്യം അഗ്നിക്കടലാണ്‌ എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (വെളിപ്പാട്.20:10).

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകആരാണ്‌ സാത്താൻ? ആരാണ് പിശാച്?