settings icon
share icon
ചോദ്യം

ബൈബിൾ അനുസരിച്ച്‌ യൂണിവേര്‍സലിസം അല്ലെങ്കിൽ എല്ലാവരും രക്ഷിക്കപ്പെടും എന്നത്‌ ശരിയാണോ?

ഉത്തരം


എല്ലാവരും രക്ഷിക്കപ്പെടും എന്ന പഠിപ്പിക്കലിനെയാണ്‌ യൂണിവേര്‍സലിസം എന്ന്‌ പറയുന്നത്‌. അവസാനത്തില്‍ എല്ലാവരും രക്ഷിക്കപ്പെടും എന്നും എല്ലാവരും സ്വർഗ്ഗത്തിൽ എത്തി ചേരും എന്നും വിശ്വസിക്കുന്നവര്‍ ഇന്ന്‌ അനേകരാണ്‌. അഗ്നിക്കടലില്‍ നിത്യനിത്യമായി കിടക്കേണ്ടി വരുമെന്ന് കരുതുന്നവരാണ് ഇങ്ങനെ വിശ്വസിക്കുന്നത്. ദൈവനീതിയെ കണക്കിലെടുക്കാതെ ദൈവ സ്നേഹത്തിൽ മാത്രം ഊന്നി വിശ്വസിക്കുന്നവരാണ് ദൈവം എല്ലാവരോടും കരുണ കാണിക്കും എന്ന് ചിന്തിക്കുന്നത്. എന്നാല്‍ വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നത്‌ ഒരു നിത്യ നരകം ഉണ്ട്‌ എന്നു തന്നെയാണ്‌.

വീണ്ടെടുക്കപ്പെടാത്തവര്‍ അവരുടെ നിത്യത നരകത്തിൽ ചിലവിടും എന്ന്‌ വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നു. യേശുകര്‍ത്താവിന്റെ വാക്കുകൾ തന്നെ ഈ കാര്യം വളരെ വ്യക്തമാക്കുന്നുണ്ട്‌. "ഇവര്‍ നിത്യദണ്ഡനയിലേക്കും നീതിമാന്‍മാർ നിത്യജീവനിലേക്കും പോകും" (മത്തായി 25:46). ഈ വാക്യം വ്യക്തമാക്കുന്നത്‌ എത്രകാലം നീതിമാന്‍മാർ സ്വര്‍ഗ്ഗത്തിൽ ആയിരിക്കുമോ അത്രയും കാലം അവിശ്വാസികള്‍ നരകത്തിൽ ആയിരിക്കും എന്നാണ്‌. ചിലര്‍ ചിന്തിക്കുന്നത്‌ നരകത്തിലുള്ളവർ കാലക്രമത്തില്‍ ഇല്ലാതായിത്തീരും എന്നാണ്‌. എന്നാല്‍ അങ്ങനെ വിശ്വസിക്കുവാൻ വേദപുസ്തകം അനുവദിക്കുന്നില്ല. മത്തായി 25:41, മര്‍ക്കോസ് 9:44 എന്നീ വാക്യങ്ങളിൽ നരകത്തെ നിത്യാഗ്നി എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.

ഈ നിത്യാഗ്നിയിൽ നിന്ന് രക്ഷപ്പെടുവാൻ എന്താണ്‌ വഴി? പലരും ചിന്തിക്കുന്നത്‌ എല്ലാ വഴികളും ഒടുവില്‍ ദൈവത്തിങ്കൽ ചെന്നെത്തും എന്നാണ്‌. അല്ലെങ്കില്‍ സ്നേഹനിധിയായ ദൈവം ഒടുവിൽ എല്ലാവരേയും സ്വര്‍ഗ്ഗത്തിൽ സ്വീകരിക്കും എന്നാണ്‌. വാസ്തവത്തില്‍ ദൈവം സ്നേഹം തന്നെയാണ്‌. അതുകൊണ്ടു തന്നെയാണ്‌ ദൈവപുത്രൻ മനുഷ്യനായി ലോകത്തിൽ വന്നു പാടുപ്പെടുവാൻ ദൈവം അനുവദിച്ചത്‌. ഇന്ന് നാം രക്ഷിക്കപ്പെടുവാന്‍ അവൻ മാത്രമാണ്‌ വഴി. "മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവുമില്ല" (പ്രവർത്തികൾ 4:12). "ദൈവം ഒരുവനത്രേ; ദൈവത്തിനും മനുഷര്‍ക്കും മദ്ധ്യസ്ഥനും ഒരുവനത്രേ. എല്ലാവര്‍ക്കുമായി തന്നെത്താന്‍ മറുവിലയായി ഏല്‍പ്പിച്ചുകൊടുത്ത ക്രിസ്തു യേശു തന്നെ" (1തിമോത്തിയോസ് 2:5). യേശു പറഞ്ഞു: "ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തിരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല" (യോഹന്നാൻ 14:6). "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹന്നാൻ 3:16,18,36). നിത്യജീവന്‍ പ്രാപിക്കുവാന്‍ ദൈവം ഒരുക്കിയിരിക്കുന്ന വഴിയെ നിരാകരിക്കുന്നവരാണ്‌ ദൈവപുത്രനെ നിരാകരിക്കുന്നവര്‍.

ഇത്തരം നിരവധി വാക്യങ്ങളുടെ വെളിച്ചത്തില്‍ സര്‍വലൌകീക രക്ഷ എന്നത്‌ വേദപുസ്തകം അനുസരിച്ച്‌ സ്വീകാര്യമല്ല. വേദപുസ്തക സത്യങ്ങളുടെ നേരേ വിപരീതമായ ഉപദേശമാണത്‌. വേദപുസ്തകം വിശ്വസിക്കുന്നവരെ ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ എന്ന് പലരും എഴുതി തള്ളി എന്ന് വരാവുന്നതാണ്‌. എന്നാല്‍ ഈ ഉപദേശം ക്രിസ്തുവിന്റെ വാക്കുകൾ അടിസ്ഥാനമാക്കിയുള്ളതാണ്‌ എന്നത്‌ മറക്കരുത്‌. പലപ്പോഴും ഈ സത്യങ്ങള്‍ മറുതലിക്കുന്നവർ അവരുടെ പാപപ്രവര്‍ത്തികൾ വിടുവാന്‍ മനസ്സില്ലാത്തവരും ഒരു രക്ഷകന്റെ ആവശ്യം ഉണ്ടെന്ന് അംഗീകരിക്കാത്തവരുമാണ്‌. ദൈവത്തിന്റെ രക്ഷാമാര്‍ഗ്ഗത്തെ അവഗണിക്കുന്നവര്‍ക്കും സ്വര്‍ഗ്ഗം ഉണ്ട്‌ എന്നു പറയുന്നത്‌ ദൈവനീതിയെ അവഹേളിക്കുന്നതിനും ക്രിസ്തുവിന്റെ മരണത്തെ പുച്ഛിക്കുന്നതിനും തുല്യമാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ബൈബിൾ അനുസരിച്ച്‌ യൂണിവേര്‍സലിസം അല്ലെങ്കിൽ എല്ലാവരും രക്ഷിക്കപ്പെടും എന്നത്‌ ശരിയാണോ?
© Copyright Got Questions Ministries