settings icon
share icon
ചോദ്യം

ആത്മീയ യുദ്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം


അത്മീയ യുദ്ധത്തെപ്പറ്റി പഠിക്കുമ്പോള്‍ സാധാരണ രണ്ടു തെറ്റുകള്‍ വരുത്താറുണ്ട്‌. ഒന്നുകില്‍ അതിനു ലഭിക്കേണ്ട സ്ഥാനം ലഭിക്കുന്നില്ല, അല്ലെങ്കില്‍ അതിന്‌ അമിത സ്ഥാനം കൊടുക്കപ്പെടുന്നു. ചിലര്‍ ചിന്തിക്കുന്നത്‌ സകല പാപങ്ങളും, സകല ഏറ്റുമുട്ടലുകളും, സകല പ്രശ്നങ്ങളും ഉണ്ടാക്കുന്നത്‌ പിശാചുക്കള്‍ ആണെന്നും അവയെ ആട്ടിപ്പായിക്കണം എന്നുമാണ്‌. നേരെ മറിച്ച്‌ മറ്റുചിലര്‍ ആത്മീയഗോളത്തെ മുഴുവനായി വിട്ടുകളഞ്ഞ്‌ നമുക്ക്‌ പോരാട്ടമുള്ളത്‌ ആകാശത്തിലെ അന്ധകാരശക്തികളോടാണ്‌ എന്നുള്ള ബൈബിള്‍ പഠിപ്പിക്കലിനെ മറന്നുകളയുന്നു. യഥാര്‍ത്ഥയി ആത്മീയ യുദ്ധത്തില്‍ വിജയം വരിക്കണമെങ്കില്‍ ഈ വിഷയത്തെപ്പറ്റി ബൈബിള്‍ പഠിപ്പിക്കുന്നത്‌ എന്താണ്‌ എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടത്‌ ആവശ്യമാണ്‌. യേശുകര്‍ത്താവ്‌ ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ ചിലപ്പോള്‍ ഭൂതങ്ങളെ പുറത്താക്കിയിട്ടുണ്ട്‌. എന്നാല്‍ പലപ്പോഴും ഭൂതങ്ങളെപ്പറ്റി ഒന്നും പറയാതെ രോഗത്തെ മാത്രം സൌഖ്യമാക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. അതുപോലെ റോമാലേഖനം 6 ആം അദ്ധ്യായത്തില്‍ അപ്പൊസ്തലനായ പൌലൊസ്‌ വിശ്വാസികളോടു പറയുന്നത്‌ അവര്‍ പാപത്തോടു പോരാടണം എന്നാണ്‌. എന്നാല്‍ പിശാചിനോട്‌ എതിര്‍ത്തുനില്‍ക്കുവാന്‍ എഫെ.6:10-18 വാക്യങ്ങളില്‍ തനിയെ പറഞ്ഞിട്ടുമുണ്ട്‌.

എഫെ.6:10-12 വരെ വയിക്കുക. "ഒടുവില്‍ കര്‍ത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവീന്‍. പിശാചിനോട്‌ എതിര്‍ത്തുനില്‍പാന്‍ കഴിയേണ്ടതിന്‌ ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗം ധരിച്ചുകൊള്ളുവീന്‍. നമുക്കു പോരാട്ടമുള്ളത്‌ ജഡരക്തങ്ങളോടല്ല; വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനകളൊടും അത്രേ." ഈ വേദഭാഗം ചില പ്രധാന സത്യങ്ങള്‍ നമുക്ക്‌ മനസ്സിലാക്കിത്തരുന്നു. കര്‍ത്താവിന്റെ ശക്തിയാല്‍ മാത്രമേ നമുക്ക്‌ ബലമുള്ളവര്‍ ആയിരിക്കുവാന്‍ സാധിക്കയുള്ളു. ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗമാണ്‌ നമ്മെ കാത്തുസൂക്ഷിക്കുന്നത്‌. യുദ്ധം ഈ പ്രപഞ്ചത്തിലെ ദുഷ്ടാത്മ ശക്തികള്‍ക്കതിരായാണ്‌.

യൂദാ 9 ആം വാക്യത്തില്‍ വായിക്കുന്ന പ്രധാനദൂതനായ മീഖായേല്‍ ആണ്‌ ദൈവീകശക്തിയാല്‍ ബലപ്പെട്ട ഒരാളിന്റെ നല്ല ഉദ്ദാഹരണം. ദൈവത്തിന്റെ അതിശക്തന്‍മാരായ ദൂതന്‍മാരില്‍ ഒരാളായ മീഖായേല്‍ പോലും സ്വന്തശക്തിയില്‍ പിശാചിനെ ഭത്സിക്കാതെ "കര്‍ത്താവു നിന്നെ ഭത്സിക്കുന്നു" എന്നത്രേ പറഞ്ഞത്‌. വെളി.12:7-8 ല്‍ മീഖായേല്‍ ഭാവികാലത്ത്‌ പിശാചിനെ തോല്‍പിക്കുന്നത്‌ കാണുവാന്‍ കഴിയും. എന്നിട്ടും പോരാട്ടനേരത്ത്‌ സ്വന്തശക്തിയില്‍ പിശാചിനെ ഭത്സിക്കാതെ കര്‍ത്താവിന്റെ നാമത്തിലാണ്‌ അതു ചെയ്യുന്നത്‌. വിശ്വാസികളായ നമുക്ക്‌ കര്‍ത്താവുമായുള്ള ബന്ധത്തില്‍ മാത്രമേ പിശാചിന്റെ മേല്‍ അധികാരം ഉള്ളവര്‍ ആയിരിക്കുവാന്‍ സാധിക്കയുള്ളൂ. അവന്റെ നാമത്തില്‍ നാം അവനെ എതിര്‍ത്തെങ്കില്‍ മാത്രമേ പിശാചു നമുക്കു കീഴടങ്ങുകയുള്ളൂ.

എഫെ.6:13-17 വരെ ദൈവം നമുക്കു തന്നിരിക്കുന്ന സര്‍വായുധവര്‍ഗ്ഗത്തിന്റെ വിശദീകരണം കാണാവുന്നതാണ്‌. സത്യം, നീതി, സമാധാനം, വിശ്വാസം, രക്ഷ, വചനം എന്നിവയാണ്‌ അവ. സര്‍വായുധ വര്‍ഗ്ഗത്തിലെ ഓരോ അംശവും ആത്മീയ യുദ്ധത്തിലെ ഓരോ വസ്തുതയെ ചൂണ്ടിക്കാണിക്കുന്നു. പിശാചിന്റെ ഭോഷ്കിനെതിരായി നാം എപ്പോഴും സത്യം മാത്രം സംസാരിച്ചുകൊണ്ടിരിക്കണം. ക്രിസ്തുവിന്റെ നീതി വിശ്വാസത്താല്‍ എപ്പോഴും ധരിച്ചവരായി നാം കാണപ്പെടണം. എത്‌ എതിര്‍പ്പുകളുടെയും മദ്ധ്യത്തില്‍ സുവിശേഷ സത്യങ്ങള്‍ ഘോഷിക്കുന്നവരായിരിക്കണം. ഏതു കഠിന സാഹചര്യത്തിലും വിശ്വാസം ഉപേകഷിംക്കുവാന്‍ പാടില്ലാത്തതാണ്‌. നമ്മുടെ മാറ്റപ്പെടാത്ത സ്വത്ത്‌ നമുക്കു ദാനമായി ലഭിച്ചിരിക്കുന്ന രക്ഷയാണ്‌. ശത്രുവിനെ തോല്‍പിക്കുവാന്‍ നാം ഉപയോഗിക്കേണ്ട ഒരേ ആയുധം ദൈവവചനം മാത്രമാണ്‌. ഇതെല്ലാം സാധ്യമാക്കേണ്ടത്‌ പ്രാര്‍ത്ഥനയാല്‍ മാത്രമാണ്‌ എന്ന് 18 അം വാക്യം നമ്മെ പഠിപ്പിക്കുന്നു.

മറ്റേതു കാര്യത്തിലും എന്നപോലെ ആത്മീയ യുദ്ധത്തിലും നാം യേശുകര്‍ത്താവിന്റെ മാതൃകയാണ്‌ പിന്‍പറ്റേണ്ടത്‌. മരുഭൂമിയില്‍ വെച്ച്‌ തന്നെ പരീക്ഷിക്കേണ്ടതിന്‌ പിശാച്‌ വന്നപ്പോള്‍ കര്‍ത്താവ്‌ ചെയ്തത്‌ എന്താണെന്നു നോക്കാം (മത്താ.4:1-11). എല്ലാ പരീക്ഷകള്‍ക്കും ഒരേ ഉത്തരമാണ്‌ കര്‍ത്താവു കൊടുത്തത്‌ "ഇങ്ങനെ എഴുതിയിരിക്കുന്നു" എന്ന്‌ അവന്‍ പറഞ്ഞു. പിശാചിന്റെ ഏതു പരീക്ഷയേയും ജയിക്കുവാന്‍ ഉതകുന്ന മഹല്‍ ശക്തി ദൈവ വചനത്തിനുണ്ടെന്ന്‌ താന്‍ അറിഞ്ഞിരുന്നു. നാമും അതേ മാതൃക തന്നെയാണ്‌ തുടരേണ്ടത്‌.

പിശാചിനോടുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടവരെപ്പറ്റിയും വേദപുസ്തകത്തില്‍ വായിക്കാം. ഉദ്ദാഹരണമായി സ്കേവയുടെ മക്കളെത്തന്നെ നോക്കുക. "എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്‍മാര്‍: പൌലൊസ്‌ പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട്‌ ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു. ഇങ്ങനെ ചെയ്യുവാന്‍ തുനിഞ്ഞവര്‍ മഹാപുരോഹിതനായ സ്കേവ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്‍മാര്‍ ആയിരുന്നു. ദുരാത്മാവ്‌ അവരോട്‌: യേശുവിനെ ഞാന്‍ അറിയുന്നു; പൌലോസിനേയും പരിചയം ഉണ്ട്‌. എന്നാല്‍ നിങ്ങള്‍ ആര്‍ എന്ന്‌ ചോദിച്ചു. പിന്നെ ദുരാത്മാവുള്ള മനുഷന്‍ അവരുടെ മേല്‍ ചാടി അവരെ കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍ നിന്ന്‌ ഓടിപ്പോയി" (അപ്പൊ.19:13-16). സ്കേവയുടെ ഏഴു മക്കളും യേശുവിന്റെ നാമമായിരുന്നു ഉപയോഗിച്ചത്‌. എന്നാല്‍ അത്‌ മതിയാകുമായിരുന്നില്ല. അവര്‍ക്ക്‌ യേശുകര്‍ത്താവുമായി ബന്ധം ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട്‌ അവരുടെ വാക്കുകള്‍ ബലനറ്റതായിരുന്നു. സ്കേവയുടെ മക്കള്‍ കരുതിയത്‌ ആ പേരിന്‌ എതോ മാന്ത്രീക ശക്തി ഉണ്ട്‌ എന്നായിരുന്നു. അവര്‍ യേശുക്രിസ്തുവിന്റെ രക്ഷയിലും അവന്റെ കര്‍ത്തൃത്വത്തിലും വിശ്വാസം അര്‍പ്പിച്ചിരുന്നില്ല. അതുകൊണ്ട്‌ ദൈവീകശ്ക്തി അവരില്‍ വ്യാപരിച്ചിരുന്നില്ല. പിശാചുമായുള്ള പോരാട്ടത്തില്‍ അവര്‍ പരാജയപ്പെട്ടതിന്റെ കാരണം അത്‌ മാത്രം ആയിരുന്നു. ഇതില്‍ നിന്ന്‌ നാമും പാഠം ഉള്‍ക്കൊണ്ട്‌ തിരുവചന വെളിച്ചത്തില്‍ പിശാചിനോട്‌ പോരാടുവാന്‍ പഠിക്കേണ്ടതാണ്‌.

അവസാനമായി ആത്മീയ യുദ്ധത്തില്‍ ജയം വരിക്കുവാന്‍ ആവശ്യമായ കരുക്കള്‍ ഏതൊക്കെയാണ്‌ എന്ന് വീണ്ടും നോക്കം. ആദ്യമായി നാം ദൈവത്തിന്റെ ശക്തിയില്‍ മാത്രം ആശ്രയിക്കേണ്ടതാണ്‌. അടുത്ത്‌ യേശുകര്‍ത്താവിന്റെ നാമത്തില്‍ നാം ഭത്സിക്കേണ്ടതാണ്‌. മൂന്നാമതായി നാം ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗത്താല്‍ നമ്മെത്തന്നെ സംരക്ഷിക്കേണ്ടതാണ്‌. നാലാമതായി തിരുവചനം എന്ന വാള്‍ ഉപയോഗിച്ച്‌ പൊരുതേണ്ടതാണ്‌. അവസാനമായി പ്രാര്‍ത്ഥനയാലാണ്‌ വിജയം എന്ന്‌ മനസ്സിലാക്കേണ്ടതാണ്‌. പാപത്തോടു പോരാടുന്നതും പിശാചിനോടു പോരാടുന്നതും വ്യത്യാസമുള്ള കാര്യങ്ങളാണ്‌ എന്നത്‌ ഒരിക്കലും മറക്കുവാന്‍ പാടുള്ളതല്ല.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ആത്മീയ യുദ്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?
© Copyright Got Questions Ministries