settings icon
share icon
ചോദ്യം

ആത്മസഖി എന്നു ഒന്നുണ്ടോ? എന്റെ ജീവിത പങ്കാളി ആകുവാൻ വേണ്ടി ദൈവം ഒരാളെ പ്രത്യേകമായി സൃഷ്ടിച്ചിട്ടുണ്ടോ?

ഉത്തരം


പലരും ചിന്തിക്കുന്നത്‌ ഞാൻ വിവാഹം കഴിക്കണം എന്ന്‌ കരുതി ദൈവം ഒരാളെ എവിടെയോ സൃഷ്ടിച്ചിട്ടുണ്ട്‌ എന്നും ഞാൻ ആ ആളിനെ അല്ലാതെ വേറെ ആരെ വിവാഹം കഴിച്ചാലും എനിക്ക്‌ സന്തോഷമായിരിക്കുവാന്‍ കഴിയുകയില്ല എന്നുമാണ്‌. ഇങ്ങനെ വേദപുസ്തകം പഠിപ്പിക്കുന്നുണ്ടോ? ഒരിക്കലും ഇല്ല. ആത്മസഖി എന്ന ഈ ആശയം പലപ്പോഴും പലരും ഉപയോഗിക്കുന്നത്‌ വിവാഹമോചനത്തെ ന്യായീകരിക്കുന്നതിനു വേണ്ടി ആണ്‌. വിവാഹജീവിതത്തില്‍ ഏതെങ്കിലും കാരണം കൊണ്ട്‌ സംതൃപ്തി ഇല്ലാത്തവര്‍ ചിന്തിക്കുന്നത്‌ അവർ അവരുടെ ആത്മസഖിമാരെ വിവാഹം കഴിക്കാതെ പോയതു കൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചത്‌ എന്നാണ്‌. ചിലര്‍ ഇതിനെ അവരുടെ സകല പ്രശ്നങ്ങള്‍ക്കും കാരണമായി കാണാറുമുണ്ട്‌. എന്നാല്‍ ഇത്‌ വാസ്ഥവം അല്ല എന്നത്‌ മറക്കരുത്‌. നിങ്ങള്‍ വിവാഹം കഴിഞ്ഞ ആളാണെങ്കില്‍ നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ നിങ്ങളുടെ ആത്മസഖിയാണ്‌. മര്‍ക്കോസ് 10:7-9 വരെയുള്ള വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു. "അതുകൊണ്ട്‌ മനുഷ്യൻ അപ്പനേയും അമ്മയേയും വിട്ട്‌ ഭാര്യയോട്‌ പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. അങ്ങനെ അവര്‍ പിന്നെ രണ്ടല്ല; ഒരു ദേഹമത്രേ. അകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേര്‍പിരിക്കരുത്‌ എന്നു പറഞ്ഞു". ഭാര്യയും ഭര്‍ത്താവും "പറ്റിച്ചേര്‍ന്നവരാണ്‌", "ഒരു ദേഹമാണ്‌", "അവര്‍ പിന്നെ രണ്ടല്ല", "യോജിപ്പിക്കപ്പെട്ടവരാണ്‌" അഥവാ അവര്‍ ആത്മസഖികൾ ആണ്‌.

ചിലപ്പോള്‍ ദമ്പതികൾ ആഗ്രഹിക്കുന്നതുപോലെ അവരുടെ വിവാഹം സന്തോഷപൂര്‍ണ്ണം ആയെന്ന് വരികയില്ല. അവര്‍ ആഗ്രഹിക്കുന്നതുപോലെ അവര്‍ക്കു രണ്ടുപേര്‍ക്കും തമ്മിൽ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ശാരീരികവും, മാനസീകവും, ആത്മീയവുമായ യോജിപ്പ്‌ ഉണ്ടായി എന്ന്‌ വരികയില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലും അവർ ആത്മസഖികൾ തന്നെയാണ്‌. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ അവർ തമ്മിൽ വാസ്തവത്തിൽ ആത്മസഖിത്വത്തിലേക്ക്‌ ഉയരേണ്ടതിനു രണ്ടു പേരും യത്നിക്കേണ്ടതാണ്‌. ദമ്പതികള്‍ എങ്ങനെ ജീവിക്കണം എന്ന്‌ വേദപുസ്തകം പറയുന്നുവോ, അങ്ങനെ ജീവിക്കുവാന്‍ കഴിഞ്ഞെങ്കിൽ വാസ്തവത്തിൽ ഒരേ ദേഹമായി പ്രായോഗിക ജീവിതത്തിൽ അവര്‍ക്ക്‌ ആയിരിക്കുവാന്‍ കഴിയും (എഫെസ്യർ 5:22-23). നിങ്ങള്‍ വിവാഹിതരാണെങ്കിൽ നിങ്ങളുടെ ആത്മസഖിയുമായിത്തന്നെയാണ്‌ വിവാഹം നടന്നിരിക്കുന്നത്‌. ഇപ്പോള്‍ നിങ്ങളുടെ വിവാഹം എത്രകണ്ട്‌ വിഷമതകള്‍ നിറഞ്ഞിരുന്നാലും നിങ്ങൾ തമ്മിൽ സ്നേഹവും ഐക്യവും, സന്തോഷവും പുനഃസ്ഥാപിക്കുവാന്‍ ദൈവത്തിനു കഴിയും.

ഒരാള്‍ തെറ്റായ ആളിനെ വിവാഹം കഴിച്ചിരിക്കുവാൻ ഇടയുണ്ടോ? നാം ദൈവ കരങ്ങളില്‍ നമ്മെത്തന്നെ സമര്‍പ്പിച്ച്‌ അവന്റെ വഴിയിൽ നടക്കുവാൻ തീരുമാനിച്ചിരുന്നാൽ നമ്മെ വഴി നടത്താം എന്ന് അവൻ വാക്കു പറഞ്ഞിട്ടുണ്ട്‌. പൂര്‍ണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുത്‌. നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും" (സദൃശ്യവാക്യങ്ങൾ 3:5-6). ഈ വാക്യങ്ങളുടെ അര്‍ത്ഥം നാം യഹോവയിൽ ആശ്രയിക്കാതെ സ്വന്തവിവേകത്തില്‍ ഊന്നിയാൽ നമുക്കു വഴിതെറ്റുവാൻ ഇടയുണ്ട്‌ എന്നാണ്‌. ഒരു ദൈവ പൈതല്‍ ദൈവഹിതത്തിനു പ്രാധാന്യം കൊടുക്കാതെ മറ്റു കാര്യങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്താൽ തെറ്റായ ആളിനെ വിവാഹം ചെയ്യുവാന്‍ ഇട വന്നേക്കാം എന്നതിൽ സംശയമില്ല. അങ്ങനെ ആയിരുന്നാൽ കൂടെ ദൈവം സര്‍വശക്തൻ എന്നതു മറക്കാതെ അവനിൽ ആശ്രയിച്ച്‌ പരിഹാരം കാണാവുന്നതാണ്‌.

ദൈവത്തിന്റെ പൂര്‍ണ്ണഹിതത്തിൽ അല്ലാതെ ആരെങ്കിലും വിവാഹം കഴിച്ചാലും, അവര്‍ അന്യോന്യം വിവാഹസമയത്ത്‌ കൊടുക്കുന്ന വാക്ക്‌ ദൈവസന്നിധിയിൽ വിലയുള്ളതാണ്‌. ദൈവം ഉപേക്ഷണത്തെ വെറുക്കുന്നതുകൊണ്ട്‌ (മലാഖി 2:16), തെറ്റായ ആളിനെ വിവാഹം കഴിച്ചു എന്നത്‌ വിവാഹ മോചനത്തിനുള്ള ന്യായമല്ല. "ഞാന്‍ തെറ്റായ ആളിനെ ആണ്‌ വിവാഹം കഴിച്ചതെന്നും, എന്റെ ആത്മസഖിയെ കണ്ടുപിടിക്കുന്നതു വരെ എനിക്കു സന്തോഷവാനായിരിക്കുവാന്‍ സാധിക്കയില്ല" എന്നും പറയുന്നത്‌ താഴെപ്പറയുന്ന കാരണങ്ങളാൽ വേദാധിഷ്ടിതമല്ല. അങ്ങനെ പറഞ്ഞാല്‍ നിങ്ങളുടെ തെറ്റായ തീരുമാനം ദൈവത്തിന്റെ പദ്ധതികളെ മറികടന്നു എന്ന് അര്‍ത്ഥമാകും. മാത്രമല്ല, നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കുവാൻ ദൈവത്തിനു കഴിവില്ല എന്നും വരും. ദൈവത്തിനാല്‍ അസാദ്ധ്യമായത്‌ ഒന്നുമില്ല. നാം ദൈവ ഹിതത്തിനു നമ്മെത്തന്നെ കീഴ്പ്പെടുത്തിയാല്‍ എത്ര വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ രണ്ടുപേരേയും ഒന്നാക്കിത്തീര്‍ക്കുവാൻ ദൈവത്തിനു കഴിയും.

നാം ദൈവവുമായി അടുത്ത ബന്ധത്തില്‍ തുടര്‍ന്നാൽ, അവൻ നമ്മെ വ്യക്തമായി വഴി നടത്തും. ദൈവഹിതം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളേയും ദൈവം ആഗ്രഹിക്കുന്ന ആളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാൻ ദൈവം സഹായിക്കും എന്നതിൽ സംശയമില്ല. കൃത്യമായി നമ്മുടെ ആത്മസഖിയെ കണ്ടുപിടിക്കുവാന്‍ ദൈവം ഇടയാക്കും. എന്നാല്‍ ആത്മസഖി ആയിരിക്കുക എന്നത്‌ ഒരു അവസ്ഥ മാത്രമല്ല; അത്‌ ആജീവനാന്ത അനുഭവം കൂടെ ആണ്‌. ഏതു ഭാര്യാഭര്‍ത്താക്കന്‍മാരും ദൈവത്താല്‍ ഇണെക്കപ്പെട്ട്‌ ആത്മീയമായും, മാനസീകമായും, ശാരീരികമായും ഒരു ദേഹം ആയിത്തീര്‍ന്നതു കൊണ്ട്‌ അവർ ആത്മസഖികൾ ആണ്‌. ഇത്‌ അനുഭവത്തിൽ കൊണ്ടുവരേണ്ടത്‌ അവരവരുടെ കടമയാണ്‌. ഏതു ദമ്പതികളും വാസ്തവത്തിൽ പ്രായോഗിക ജീവിതത്തിൽ ആത്മസഖികൾ ആയിത്തീരുന്നത്‌ വേദപുസ്തകത്തില്‍ ദാമ്പത്ത്യജീവിതത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ പിന്തുടരുമ്പോൾ മാത്രമാണ്‌.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ആത്മസഖി എന്നു ഒന്നുണ്ടോ? എന്റെ ജീവിത പങ്കാളി ആകുവാൻ വേണ്ടി ദൈവം ഒരാളെ പ്രത്യേകമായി സൃഷ്ടിച്ചിട്ടുണ്ടോ?
© Copyright Got Questions Ministries