ഭൂതകാല അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമുറ അനുസരിച്ച്‌ എന്താണ്‌ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നത്‌?ചോദ്യം: ഭൂതകാല അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമുറ അനുസരിച്ച്‌ എന്താണ്‌ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നത്‌?

ഉത്തരം:
പ്രെറ്ററിസം അഥവാ ഭൂതകാല വ്യാഖ്യാനമുറ അനുസരിച്ച്‌ വെളിപ്പാടുപുസ്തകത്തില്‍ നാം വായിക്കുന്നത്‌ ആദിമ സഭക്ക്‌ ഏര്‍പ്പെട്ട സഭവങ്ങളെ അലങ്കാരഭാഷയില്‍ വിവരിച്ചിരിക്കുന്നതല്ലാതെ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നതിനെപ്പറ്റിയുള്ള പരാമര്‍ശമല്ല. വെളിപ്പാടുപുസ്തകത്തിലെ മുഖ്യഭാഗവും ഭൂതകാല സംഭവങ്ങളെ വിവരിച്ചിരിക്കുകയാണ്‌. അതിന്‌ പ്രവചനപരമായ പ്രാധാന്യം ഒന്നും ഇല്ല എന്നവര്‍ പറയുന്നു. അവരുടെ അഭിപ്രായം അനുസരിച്ച്‌ എ. ഡി. 70ല്‍ യെരുശലേം നഗരം നിര്‍മ്മൂലമാക്കപ്പെട്ടപ്പോള്‍ നടന്ന സംഭവങ്ങളുടെ പരാമര്‍ശമാണ്‌ വെളിപ്പാടു പുസ്തകത്തില്‍ കാണുന്നത്‌.

എന്നാല്‍ വെളിപ്പാടുപുസ്തകത്തെ മറ്റു പ്രവചന ഗ്രന്ഥങ്ങളുമായി സംയോജിപ്പിച്ച്‌ പഠിക്കുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെ അല്ല എന്ന്‌ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്‌. വെളി.2-3 അദ്ധ്യായങ്ങളില്‍ കാണുന്ന ലേഖനങ്ങള്‍ ഒന്നാം നൂറ്റാണ്ടില്‍ വാസ്തവത്തില്‍ ഉണ്ടായിരുന്ന സഭകള്‍ക്ക്‌ എഴുതപ്പെട്ടവയാണ്‌. അവയില്‍ ഇന്നത്തെ സഭകള്‍ക്ക്‌ ആവശ്യമായ പ്രായോഗീക പാഠങ്ങള്‍ ഉണ്ട്‌. അതുപോലെ 6 മുതല്‍ 22 വരെയുള്ള അദ്ധ്യായങ്ങള്‍ ഇനിയും സംഭവിക്കുവാനുള്ള കാര്യങ്ങളെപ്പറ്റിയുള്ള പരാമര്‍ശമാണ്‌. വെളിപ്പാടുപുസ്തകത്തെ വെറും രൂപകഥകളായോ ആലങ്കാരികമായോ മാത്രം മനസ്സിലാക്കുവാനുള്ളതല്ല. പഴയനിയമ പ്രവചനങ്ങള്‍ എങ്ങനെ അക്ഷരീകമായി നിറവേറിയോ അതുപോലെ തന്നെ വെളിപ്പാടുപുസ്തകത്തിലെ പ്രവചനങ്ങളും നിറവേറുകതന്നെ ചെയ്യും. ക്രിസ്തു ഭൂജാതാകും എന്നു പറഞ്ഞ സമയത്തു തന്നെ അവന്‍ വന്നു (ദാനി.9:24-26). കന്യകയില്‍ പിറന്നു (യെശ. 7:14). പാപപരിഹാരിയായി മരിച്ചു (യെശ.53:5-9). നൂറുകണക്കിനു നിറവേറിയ പ്രവചനങ്ങളില്‍ ചിലതു മാത്രമാണിവ. അതുകൊണ്ട്‌ ഇനിയും നിറവേറുവാനുള്ള പ്രവചനങ്ങള്‍ അക്ഷരീകമായിത്തന്നെ നിറവേറും എന്നതില്‍ സംശയമില്ല. അവയെ മറ്റുരീതികളില്‍ വ്യാഖ്യാനിച്ചു തള്ളേണ്ട കാര്യമില്ല.

അതുമാത്രമല്ല, പ്രെറ്ററിസം വിശ്വസിക്കുന്നവര്‍ വെളിപ്പാടുപുസ്തകം വ്യാഖ്യാനിക്കുന്നതില്‍ ഒരേ രീതിയിലുള്ള വ്യാഖ്യാനമുറ സ്വീകരിക്കുന്നില്ല എന്നത്‌ വളരെ വ്യക്തമാണ്‌. 6 മുതല്‍ 18 വരെയുള്ള അദ്ധ്യായങ്ങളും 20 ആം അദ്ധ്യായവും മാത്രമേ അവര്‍ ഇത്തരത്തില്‍ വ്യാഖ്യാനിക്കറുള്ളൂ. 19 ആം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ കര്‍ത്താവു മടങ്ങി വരും എന്ന്‌ അവര്‍ വിശ്വസിക്കുന്നു. 21, 22 അദ്ധ്യായങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നും ദൈവം പുതിയ ആകാശഭൂമികളെ സൃഷ്ടിക്കുമെന്നും അവര്‍ വിശസിക്കുന്നു. എന്തുകൊണ്ട്‌ ചില അദ്ധ്യായങ്ങളെ മാത്രം ഭൂതകാലാസ്പദമായി വ്യാഖ്യാനിക്കുന്നു എന്നതിനു ശരിയായ ന്യായം പറയുവാന്‍ അവര്‍ക്കില്ല. വെളിപ്പാടുപുസ്തകത്തിലെ ഭാഷ മറ്റു പുസ്തകങ്ങളിലെ ഭാഷയില്‍ നിന്നു വ്യത്യസ്തമാണ്‌ എന്നതിനു സംശയമില്ല. എന്നാല്‍ ചില ഭാഗങ്ങള്‍ ഭൂതകാലാസ്പദമായും മറ്റുള്ളവ ഭാവികാല പ്രവചനമായും വ്യാഖ്യാനിക്കുന്നതിലെ ന്യായം എന്താണ്‌? പ്രെറ്ററിസം വിശ്വസിക്കുന്നവര്‍ക്ക്‌ പറ്റിയ ഏറ്റവും വലിയ അബദ്ധം ഇതാണ്‌. ഏകമായ ഒരു വ്യാഖ്യാനമുറ ഉപേക്ഷിച്ച്‌ വ്യാഖ്യാനിക്കുന്ന ആളിന്റെ ഇംഗിതത്തിനു കാര്യങ്ങളെ ഏല്‍പ്പിച്ചിരിക്കയാണ്‌ അവര്‍. എന്നാല്‍ ഈ പുസ്തകത്തെ മറ്റുള്ള ബൈബിള്‍ പ്രവചനങ്ങളുമായി ചേര്‍ത്തു പഠിക്കുമ്പോള്‍ ബൈബിള്‍ പ്രവചനങ്ങളുടെ താക്കോലാണ്‌ വെളിപ്പാടുപുസ്തകം എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. ഭാവിയില്‍ നടക്കുവാനിരിക്കുന്ന കാര്യങ്ങള്‍ ഏതു ക്രമത്തിലാണ്‌ സംഭവിക്കുവാന്‍ പോകുന്നത്‌ എന്ന്‌ മനസ്സിലാക്കണമെങ്കില്‍ വെളിപ്പാടുപുസ്തകം ഭാവി പ്രവചനങ്ങളായി വ്യാഖ്യാനിച്ചെങ്കിലേ സാധിക്കയുള്ളൂ.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഭൂതകാല അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമുറ അനുസരിച്ച്‌ എന്താണ്‌ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നത്‌?