settings icon
share icon
ചോദ്യം

എന്താണ്‌ തുറന്ന ദൈവത്വം?

ഉത്തരം


മനുഷ്യന്റെ സ്വാതന്ത്ര്യവും ദൈവത്തിന്റെ മുന്നറിവും തമ്മിലുള്ള ബന്ധത്തെപറ്റി പഠിക്കുന്ന രീതിയാണ് തുറന്ന ദൈവത്വം. ഓപ്പണ്‍ തീയിസത്തിന്റെ വക്താക്കള്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: മനുഷ്യന്‌ ദൈവം പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തിരിക്കയാണ്‌. ഭാവിയില്‍ എന്തു സംഭവിക്കുവാന്‍ പോകുന്നു എന്ന്‌ ദൈവം വ്യക്തമായി അറിഞ്ഞിരുന്നാല്‍ അത്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം ആകയില്ല. അതുകൊണ്ട്‌ വാസ്തവത്തില്‍ ഭാവിയിൽ എന്തു സംഭവിക്കുവാന്‍ പോകുന്നു എന്ന്‌ ദൈവത്തിനു വ്യക്തമായി അറിഞ്ഞുകൂടാ എന്നവര്‍ പറയുന്നു. ഭാവി പൂര്‍ണ്ണമായി വ്യക്തമല്ല എന്നതാണ്‌ ഓപ്പണ്‍ തീയിസത്തിന്റെ വാദഗതി. അറിയുവാന്‍ കഴിയുന്നതെല്ലാം ദൈവത്തിനറിയാം. എന്നാല്‍ ഭാവി പൂര്‍ണ്ണമായി ദൈവത്തിന് അറിയില്ല എന്നാണ്‌ അവരുടെ അഭിപ്രായം.

ഉല്‍പത്തി 6:6; 22:12; പുറപ്പാട് 32:14; യോന 3:10 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ "യഹോവ അനുതപിച്ചു", "ഞാന്‍ ഇപ്പോൾ അറിയുന്നു", എന്നുള്ള പദപ്രയോഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഓപ്പൺ തീയിസം വിശ്വസിക്കുന്നവർ അവരുടെ നിഗമനത്തിൽ എത്തിയിരിക്കുന്നത്‌. എന്നാല്‍ വേദപുസ്തകത്തിലെ മറ്റനേക വാക്യങ്ങളിൽ ദൈവം സകലവും അറിയുന്നവനാണ്‌ എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതുകൊണ്ട്‌ ഈ വാക്യങ്ങൾ അവയുടെ വെളിച്ചത്തില്‍ മാത്രമേ മനസ്സിലാക്കുവാൻ പാടുള്ളൂ. നമ്മുടെ തീരുമാനങ്ങള്‍ എന്തായിരിക്കും എന്ന് ദൈവം മുമ്പുതന്നെ അറിഞ്ഞിരുന്നു. നമ്മുടെ തീരുമാനം അനുസരിച്ച്‌ ദൈവവും തന്റെ തീരുമാനത്തെ മാറ്റുകയത്രെ ചെയ്യുന്നത്‌. മനുഷ്യന്റെ തെറ്റുകൾ കണ്ട്‌ ദൈവം സങ്കടപ്പെടുന്നത്‌ അത്‌ അങ്ങനെ സംഭവിക്കും എന്ന് ദൈവം മുന്നമേ അറിഞ്ഞിരുന്നത് കൊണ്ടാണ്.

ഓപ്പണ്‍ തീയിസത്തിനു നേരേ വിപരീതമായി സങ്കീർത്തനം 139:4,16 എന്നീ വാക്യങ്ങൾ വ്യക്തമായി നിലകൊള്ളുന്നു. "യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവില്‍ ഇല്ല" "ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്റെ കണ്ണു എന്നെ കണ്ടു. നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു". പഴയനിയമത്തില്‍ ക്രിസ്തുവിന്റെ ജനന മരണങ്ങളെപ്പറ്റി ഇത്ര കൃത്യമായി പറയുവാന്‍ ദൈവത്തിനു കഴിഞ്ഞത്‌ അവന്‍ ഭാവി വ്യക്തമായി അറിഞ്ഞിരുന്നതുകൊണ്ടല്ലേ? ഭാവി വ്യക്തമായി ദൈവത്തിനു അറിഞ്ഞുകൂടാ എങ്കില്‍ നമ്മുടെ നിത്യരക്ഷയെപ്പറ്റിയും ഭാവിയില്‍ ഈ ലോകത്തിനു സംഭവിക്കുവാന്‍ പോകുന്നതിനെപ്പറ്റിയും ബൈബിളിലില്‍ എങ്ങനെ പറയുവാൻ കഴിയും?

ആത്യന്തീകമായി ഓപ്പണ്‍ തീയിസത്തിനു പറ്റിയ തെറ്റ്‌ നമുക്കു മനസ്സിലാക്കുവാൻ സാധിക്കാത്ത ഒരു വിഷയത്തെ, അഥവാ ദൈവത്തിന്റെ മുന്നറിവും മനുഷന്റെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെ, അവര്‍ മനസ്സിലാക്കിത്തരുവാന്‍ ശ്രമിക്കുന്നു എന്നതാണ്‌. അതിരുകടന്ന കാല്വനിസം മനുഷ്യനെ ഒരു പാവയാക്കിമാറ്റുന്നതുപോലെ ഓപ്പണ്‍ തീയിസം ദൈവത്തിന്റെ മുന്നറിവിനും അവന്റെ സര്‍വാധികാരത്തിനും കടിഞ്ഞാണിടുന്നു. ദൈവത്തെ വിശ്വാസത്തില്‍ കൂടെ മാത്രമേ മനസ്സിലാക്കുവാൻ സാധിക്കയുള്ളു (എബ്രായർ.11:6). ഓപ്പണ്‍ തീയിസം ദൈവവചനാടിസ്ഥാനത്തിൽ ഉള്ളതല്ല. പരിമിതനായ മനുഷ്യൻ അപരിമിതനായ ദൈവത്തെ മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ ഏര്‍പ്പെടുന്ന പാളിച്ച മാത്രമാണ്‌ അത്‌. വചനം വിശ്വസിക്കുന്നവര്‍ ഈ വിശദീകരണം സ്വീകരിക്കുവാൻ പാടില്ലാത്തതാണ്‌. ദൈവത്തിന്റെ മുന്നറിവും മനുഷ്യന്റെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കുവാനുള്ള ശ്രമമാണ്‌ അതെങ്കിലും അത്‌ വേദപുസ്തക അടിസ്ഥാനത്തിൽ ഉള്ള വിശദീകരണം അല്ല എന്നതിൽ തെല്ലും സംശയമില്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ്‌ തുറന്ന ദൈവത്വം?
© Copyright Got Questions Ministries