settings icon
share icon
ചോദ്യം

എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം?

ഉത്തരം


എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം? എന്റെ ജീവിതം ഞാന്‍ എങ്ങനെ സംതൃപ്തിയും അര്‍ത്ഥസമ്പൂര്‍ണ്ണതയും ഉള്ളതാക്കിത്തീര്‍ക്കാം? എന്തെങ്കിലും നിലനില്‍കുന്ന കാര്യങ്ങൾ ചെയ്തു തിര്‍ക്കുവാൻ എനിക്ക്‌ കഴിയുമോ? ഈ ചോദ്യങ്ങൾ പലരും ജീവിതത്തിൽ എപ്പോഴും ചോദിക്കും. അവരുടെ ജീവിതം കൊണ്ട്‌ അവർ ചെയ്യുവാനുദ്ദേശിച്ചതൊക്കെ സാധിച്ചിട്ടും ജീവിതത്തിലേക്ക്‌ തിരിഞ്ഞു നോക്കി അതിന്റെ അര്‍ത്ഥ ശൂന്യത കണ്ട്‌ പലരും ആശ്ചര്യപ്പെടാറുണ്ട്‌. ബേസ്ബോള്‍ കളിയിൽ അഗ്രഗണ്യനായി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കളിക്കാരനോട്‌ ഒരിക്കൽ ഒരാൾ ഇങ്ങനെ ചോദിച്ചു: "നിങ്ങള്‍ കളി ആരംഭിക്കുന്ന കാലത്ത്‌ ആരെങ്കിലും നിങ്ങള്‍ക്ക്‌ എന്തുപദേശം തന്നിരിക്കണമെന്നാണ്‌ നിങ്ങൾ ഇന്നാഗ്രഹിക്കുന്നത്‌?" അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത്‌ ഇപ്രകാരമായിരുന്നു: "'നിങ്ങള്‍ ജീവിതത്തിന്റെ ഉച്ചകോടിയില്‍ എത്തുമ്പോൾ

അവിടെ ഒന്നും ഉണ്ടായിരിക്കയില്ല' എന്ന്‌ ആരെങ്കിലും അന്ന്‌ എന്നോട്‌ ‌പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു". പല ജീവിതലക്ഷ്യങ്ങളും അനേകവര്‍ഷങ്ങൾ പിന്നിട്ട ശേഷം മാത്രമേ അവയുടെ അര്‍ത്ഥ ശൂന്യതവെളിപ്പെടുത്താറുള്ളു.

മനുഷ്യജീവിതത്തിന്‌ പ്രാധാന്യം കല്‍പിക്കുന്ന ഇന്നത്തെ യുഗത്തിൽ ജീവിതത്തിന്റെ അര്‍ത്ഥപ്രാപ്തിക്കായി അനേക പാതകളെ മനുഷ്യൻ പിന്‍പറ്റുന്നു. അവയില്‍ ചിലത്‌ വ്യവസായവല്‍ക്കരണം, സമ്പത്ത്‌, സുഹൃദ്ബന്ധങ്ങള്‍, കേളിക്കൂത്തുകള്‍, ലൈംഗീകത, മറ്റുള്ളവര്‍ക്കായി നല്ലകാര്യങ്ങൾ ചെയ്യുക എന്നിവയാണ്‌. അനേകര്‍ തങ്ങളുടെ ജീവിതലക്ഷ്യത്തില്‍ എത്തിയിട്ടുണ്ടെങ്കിലും അവരുടെ ജീവിതങ്ങളില്‍ മനസ്സിലാക്കുവാനാവാത്ത ഒരു അര്‍ത്ഥശൂന്യത അവര്‍ക്ക്‌ അനുഭവപ്പെടുന്നു എന്നുള്ളതാണ്‌ പലരുടേയും സാക്ഷ്യം.

ബൈബിളിലെ ഒരു പുസ്തകമായ സഭാപ്രസംഗി ഈ അനുഭവത്തെ ഇങ്ങനെയാണ്‌ വിവരിക്കുന്നത്‌: "മായ, മായ, എല്ലാം മായയത്രേ". ഈ എഴുത്തുകാരൻ പറഞ്ഞറിയിക്കുവാനാവാത്ത സമ്പത്തുണ്ടായിരുന്നു; തന്റെ ബുദ്ധിശക്തി ലോകപ്രസിദ്ധമായിരുന്നു. അവനു സ്വന്തമായി നൂറുകണക്കിന്‌ സ്ത്രീജനങ്ങളും അസൂയാര്‍ഹമായ വിധത്തിൽ കൊട്ടാരങ്ങളും തോട്ടങ്ങളും സ്വാദുഭക്ഷണങ്ങളും വീഞ്ഞു തരങ്ങളും ഏതെല്ലാം തരത്തിലുള്ള കേളിക്കൂത്തുകളും ഉണ്ടായിരുന്നു. ഒരിക്കല്‍ അവൻ ഇങ്ങനെ പറഞ്ഞു: എന്റെ മനസ്സ്‌ ആഗ്രഹിച്ചതൊന്നും ഞാൻ അതിന്‌ വിലക്കിയില്ല. അതിനെല്ലാം ശേഷം "സൂര്യനു കീഴിലെ ജീവിത"ത്തെ (എന്നുവെച്ചാല്‍ ശരീരവും മനസ്സും കൊണ്ടു മാത്രം ആസ്വദിക്കാവുന്ന ജീവിതത്തെ) അവനിങ്ങനെയാണ്‌ വിലയിരുത്തിയത്‌. "വെറും മായയും അര്‍ത്ഥശൂന്യവും". എന്താണീ ശൂന്യതക്ക്‌ കാരണം? കാരണം മറ്റൊന്നല്ല: ദൈവം മനുഷ്യനെ വെറും ഈ ലോകത്തിനു വേണ്ടി മാത്രമല്ല സൃഷ്ടിച്ചത്‌ എന്നുള്ളതാണ്‌. ശലോമോന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "അവന്‍ സകലത്തേയും അതതിന്റെ കാലത്ത്‌ ഭംഗിയായി ചെയ്തു; മനുഷ്യന്റെ ഹൃദയത്തിൽ നിത്യതയെയും വെച്ചു"(സഭാപ്രസംഗി. 3:11). നാം വെറും ലോകത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരല്ല എന്ന്‌ നമ്മുടെ ഹൃദയത്തില്‍ നമുക്ക്‌ വ്യക്തമായി അറിയുവാന്‍ കഴിയും.

ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉല്‍പത്തിയിൽ ദൈവം മനുഷ്യനെ ദൈവ സാദൃശ്യത്തില്‍ സൃഷ്ടിച്ചതായി വായിക്കുന്നു (ഉല്‍പത്തി.1:26). ഇതിന്റെ അര്‍ത്ഥം നമുക്ക്‌ മറ്റേതു ജീവനോടുള്ളതിനേക്കാളും അധികം സാമ്യം ദൈവജീവനോടാണെന്നാണ്‌. മനുഷ്യൻ പാപം ചെയ്ത്‌ ശാപത്തിന്‌ അടിമയാകുന്നതിനു മുമ്പ്‌ താഴെപ്പറയുന്ന കാര്യങ്ങൾ വാസ്തവമായിരുന്നു. (1) ദൈവം മനുഷ്യനെ ഒരുസാമൂഹ്യ ജീവിയായി സൃഷ്ടിച്ചു (ഉല്‍പത്തി.2:18-25) (2) മനുഷ്യൻ വേല ചെയ്യുവാൻ ആവശ്യമായിരുന്നു (ഉല്പത്തി 2:15) (3) ദൈവത്തിന്‌ മനുഷ്യനോട്‌ കൂട്ടായ്മ ഉണ്ടായിരുന്നു (ഉല്‍പത്തി.3:8) (4) തന്റെ സൃഷ്ടിയുടെ മേല്‍ ദൈവം മനുഷ്യന്‌ അധികാരം കൊടുത്തിരുന്നു (ഉല്‍പത്തി.1:28). ഈ ഘടകങ്ങള്‍ എല്ലാം ജീവിതസാഫല്യത്തിന്‌ വളരെ മുഖ്യമാണ്‌. എന്നാൽ പാപത്തിന്റെ ഫലമായി ഇവയൊക്കെ ദൈവത്തിന്റെ ഉദ്ദേശത്തില്‍ നിന്ന്‌ മാറിപ്പോയി; മനുഷ്യന്‌ ദൈവകൂട്ടായ്മ നഷ്ടപ്പെട്ടു പോയി (ഉല്‍പത്തി.3).

ബൈബിളിന്റെ ഒടുവിലത്തെ പുസ്തകമായ വെളിപ്പാടില്‍ ഇനിയും സംഭവിപ്പാനിരിക്കുന്നതിനേക്കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌. ദൈവം പുതിയ ഭൂമിയേയും പുതിയ ആകാശത്തേയും സൃഷ്ടിക്കുമ്പോള്‍ മനുഷ്യൻ നഷ്ടപ്പെടുത്തിയ ദൈവീക കൂട്ടായ്മ എന്നെന്നേക്കുമായി ദൈവം അവിടെ പുനഃസ്ഥാപിക്കും. ദൈവത്തെ മറുതലിച്ചവര്‍ നിത്യമായി അവന്റെ സന്നിധിയിൽ നിന്ന്‌ മാറ്റപ്പെട്ട്‌ ശിക്ഷാവിധിക്കുള്‍പ്പെട്ടവരായിത്തീരും (വെളിപ്പാട്.20:11-15). മരണം, വേദന, കണ്ണുനീര്‍ ഇവ ഇല്ലാത്ത നിത്യവീട്ടില്‍ ദൈവത്തിന്റെ കൂടാരം മനുഷ്യരോടൊത്തായിരിക്കും (വെളിപ്പാട്.21:4,7). അങ്ങനെ മനുഷ്യൻ നഷ്ടപ്പെടുത്തിയ ദൈവീകകൂട്ടായ്മ പുനഃസ്ഥാപിക്കപ്പെട്ട്‌ ദൈവവും മനുഷ്യരും ഒരുമിച്ചു വസിക്കും. ഈ ജീവിതത്തില്‍ എന്തൊക്കെ നേടിയാലും നിത്യതയില്‍ ദൈവത്തെ വിട്ടുള്ള ജീവിതമാണ്‌ നിങ്ങള്‍ക്കുള്ളതെങ്കിൽ യാതൊരു പ്രയോജനവുമില്ലെന്ന്‌ മറക്കരുത്‌. നിത്യത ദൈവത്തോടുകൂടെ ആയിരിക്കുക മാത്രമല്ല (ലൂക്കോസ്.23:43) ഈ ലോകത്തിലും അര്‍ത്ഥസമ്പൂര്‍ണ്ണവും സംതൃപ്തിയുമുള്ള ഒരു ജീവിതംകൈവരിക്കുവാൻ ദൈവം ഒരു വഴി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അതെങ്ങനെ കൈപ്പറ്റാമെന്ന്‌ നോക്കാം.

ക്രിസ്തുവില്‍ കൂടെ ജീവിതത്തിന്റെ അര്‍ത്ഥം പുനഃസ്ഥാപിക്കപ്പെട്ടു.

നേരത്തെ സൂചിപ്പിച്ചതുപോലെ ആദാമും ഹവ്വയും തങ്ങളുടെ പാപഫലമായി നഷ്ടപ്പെടുത്തിയ ദൈവീക കൂട്ടായ്മയിലേക്ക്‌ തിരികെ വരുമ്പോൾ മാത്രമേ ജീവിതത്തിന്റെ അര്‍ത്ഥം നിറവേറുകയുള്ളൂ. ഇന്ന്‌ ആ ബന്ധം ദൈവപുത്രനായ ക്രിസ്തുവില്‍ കൂടെ മാത്രമേ സാധിക്കുകയുള്ളൂ (പ്രവർത്തികൾ.4:12; യോഹന്നാൻ.14:6; യോഹന്നാൻ.1:12). ഒരുവന്‍ നിത്യജീവൻ പ്രാപിക്കുന്നത്‌ പാപത്തിൽ നിന്ന്‌ മാനസാന്തരപ്പെട്ട്‌ (പാപവഴിയില്‍ തുടരുവാൻ ആഗ്രഹമില്ലാതെ ക്രിസ്തുവിന്റെ സഹായത്താല്‍ പുതുജീവൻ പ്രാപിക്കുവാനുള്ള ആശ) ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുമ്പോഴാണ്‌.

ജീവിതത്തിന്റെ അര്‍ത്ഥം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതുകൊണ്ടു

മാത്രം സാധിക്കുന്നതല്ല. ഒരുവന്‍ ക്രിസ്തുവിന്റെ ശിഷ്യനായി മാറി ദിവസം തോറും ക്രിസ്തുവിനെ പിൻഗമിക്കുമ്പോഴാണ്‌ ജീവിതത്തിന്റെ അര്‍ത്ഥം കൈവരിക്കുന്നത്‌. അതിന്‌ ദിവസം തോറും ദൈവ സന്നിധിയിൽ സമയം വേര്‍തിരിച്ച്‌ വചനം ധ്യാനിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ദൈവത്തെ അനുസരിക്കുവാനും തീരുമാനിക്കേണ്ടതാണ്‌. ഒരു പുതിയ വിശ്വാസിക്കോ അവിശ്വാസിക്കോ ഇത്‌ അല്‍പം അരോചകമായി തോന്നിയേക്കാം. എന്നാല്‍ കര്‍ത്താവു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക.

"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവീൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാൽ എന്റെ നുകം ഏറ്റ്‌ എന്നിടത്തിൽ പഠിപ്പീൻ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്ക്‌ ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു" (മത്തായി.11:28-30). "ഞാന്‍ വന്നത്‌ അവര്‍ക്ക്‌ ജീവനുണ്ടാകുവാനും അത്‌ സമൃദ്ധിയായി ഉണ്ടാകുവാനും അത്രേ" (യോഹന്നാൻ.10:10b). "ഒരുത്തന്‍ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്‌ തന്റെ ക്രൂശ്‌ എടുത്ത്‌ എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാന്‍ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ രക്ഷിക്കും" (മത്തായി.16;24-25).

മുകളില്‍ പറഞ്ഞ വാക്യങ്ങൾ നമ്മെ ഓര്‍പ്പിക്കുന്നത്‌ നമുക്ക്‌ ഒരു തീരുമാനത്തിന്റെ ആവശ്യമുണ്ടെന്നാണ്‌. ഒന്നുകില്‍ നാം തന്നേ നമ്മുടെ ജീവിതത്തെ നയിക്കാം; പരിണിതഫലം ശൂന്യമായിരിക്കും. അല്ലെങ്കില്‍ മുഴുമനസ്സോടെ നമ്മുടെ ജീവിതത്തിനായി ദൈവത്തേയും അവന്റെ ഹിതത്തേയും തേടാം. അതിന്റെ ഫലമോ, ജീവിത സാഫല്യവും, നിറവും, സംതൃപ്തിയുമത്രേ. കാരണം സൃഷ്ടിതാവായ ദൈവം നമ്മെ സ്നേഹിച്ച്‌ നമുക്കുവേണ്ടി ഏറ്റവും നല്ലതു കരുതി വെച്ചിട്ടുണ്ട്‌ എന്നതിനാലാണ്‌.

നിങ്ങള്‍ ഒരു സ്പോര്‍ട്സ്‌ പ്രേമി ആണെങ്കില്‍ ഒരു കളി കാണുവാന്‍ ചെലവു കുറഞ്ഞ ഒരു ടിക്കറ്റ്‌ വാങ്ങി സ്ടേഡിയത്തിന്റെ പുറകില്‍ ഇരുന്ന് കളി കാണാം; അല്ലെങ്കിൽ അധികം പണച്ചെലവുള്ള ഒരു ടിക്കറ്റ്‌ വാങ്ങി ഏറ്റവും അടുത്തിരുന്ന് അത്‌ കാണാം. ക്രിസ്തീയ ജീവിതത്തിലും അങ്ങനെ തന്നെയാണ്‌. ദൈവത്തിന്റെ പ്രവര്‍ത്തനം കാണണമെങ്കില്‍ നാം ഒരു വില കൊടുക്കണം. ദൈവീക പ്രവര്‍ത്തനം ജീവിതത്തില്‍ കാണണമെങ്കിൽ സ്വന്ത വഴികളെ വിട്ട് മുഴു മനസ്സോടെ ദൈവ വഴികളെ അനുഗമിക്കണം. ദൈവഹിതത്തിന്‌ മുഴുവനായി തങ്ങളെ കീഴ്പ്പെടുത്തി ജീവിതത്തിന്റെ പരിപൂര്‍ണ്ണതയിലേക്ക്‌ അങ്ങനെയുള്ളവർ പ്രവേശിക്കും. അങ്ങനെയുള്ളവര്‍ തങ്ങളേയും, മറ്റുള്ളവരേയും സൃഷ്ടാവായ ദൈവത്തേയും അഭിമുഖീകരിക്കും. നിങ്ങള്‍ വില കൊടുത്തിട്ടുണ്ടോ? നിങ്ങളേത്തന്നെ ദൈവത്തിന്‌ സമര്‍പ്പിച്ചിട്ടുണ്ടോ? അതിനു നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ ജീവിത സാഫല്യം നിങ്ങള്‍ക്കുണ്ടാകും; ജീവിതത്തിന്റെ അര്‍ത്ഥത്തിനായി പരക്കം പായേണ്ടി വരികയുമില്ല.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം?
© Copyright Got Questions Ministries