settings icon
share icon
ചോദ്യം

നരകം വാസ്തവമായി ഉണ്ടോ? നരകം നിത്യമാണോ?

ഉത്തരം


നരകം ഉണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരേക്കാൾ അധികം ആളുകൾ ഒരു സ്വര്‍ഗ്ഗം ഉണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ എന്നത്‌ വളരെ രസകരമായ ഒരു കാര്യമാണ്‌. എന്നാല്‍ സത്യ വേദപുസ്തകം അനുസരിച്ച്‌ സ്വര്‍ഗ്ഗം വാസ്തവം ആയിരിക്കുന്നതു പോലെ തന്നെ നരകവും വാസ്തവം ആണ്‌. മരണശേഷം രക്ഷിക്കപ്പെടാത്തവര്‍ ഏവരും നരകയാതന അനുഭവിക്കും എന്നത്‌ ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന സത്യമാണ്‌. നാമെല്ലാവരും പാപം ചെയ്തിട്ടുള്ളവരാണ്‌ (റോമർ 3:23). പാപത്തിനു നീതിയായി ലഭിക്കേണ്ട ശിക്ഷ മരണമാണ്‌ (റോമർ 6:23). എല്ലാ പാപവും ദൈവത്തിന്‌ എതിരായുള്ളതാണ്‌ (സങ്കീർത്തനം.51:4). നിത്യനും പരിമിതി ഇല്ലാത്തവനും ആയ ദൈവത്തിന്‌ എതിരെയാണ്‌ എല്ലാ പാപവും എന്നതുകൊണ്ട്‌ പാപത്തിന്റെ ശിക്ഷയും നിത്യമാണ്‌. നരകം നിത്യനായ ദൈവത്തില്‍ നിന്ന്‌ നിത്യത മുഴുവന്‍ പിരിഞ്ഞിരിക്കുന്ന അനുഭവമാണ്‌.

വേദപുസ്തകത്തില്‍ ഉടനീളം നരകത്തെപറ്റി നാം വായിക്കുന്നു. നരകശിക്ഷ നിത്യമാണ്‌ (മത്തായി 25:41). അവിടെ കെടാത്ത തീ ഉണ്ട്‌ (മത്തായി 3:12), ലജ്ജയും നിത്യനിന്ദയും ഉള്ള സ്ഥലമാണ്‌ (ദാനിയേൽ 12:2). അത്‌ യാതനാ സ്ഥലമാണ്‌ (ലൂക്കോസ്.16:23). അവിടെ കരച്ചിലും പല്ലുകടിയും ഉണ്ട്‌ (മത്തായി 25:30). അത്‌ നിത്യ നാശമാണ്‌ (2തെസ്സലോനിക്യർ 1:9). നിത്യനിത്യമായി യാതനയുടെ പുക ഉയരുന്ന സ്ഥലമാണ്‌ (വെളിപ്പാട് 14:10-11). അഗ്നിയും ഗന്ധകവും എരിയുന്ന കടലാണ്‌; അവിടെ ദുഷ്ടന്‍മാർ രാപ്പകൽ യാതന അനുഭവിക്കും (വെളിപ്പാട് 20:10). ഇങ്ങനെയാണ്‌ നരകത്തെപ്പറ്റി നാം വായിക്കുന്നത്‌.

നീതിമാന്‍മാരുടെ സ്വര്‍ഗ്ഗീയ അനുഭൂതി നിത്യനിത്യമായിരിക്കുന്നതുപോലെ തന്നെ ദുഷ്ടന്‍മാരുടെ ശിക്ഷയും നിത്യനിത്യമാണ്‌. ഈ കാര്യം നമ്മുടെ കര്‍ത്താവു തന്നെ തിരുവായ്മൊഴിഞ്ഞ്‌ പറഞ്ഞതാണ്‌ (മത്തായി 25:46). ദുഷ്ടന്‍മാർ ദൈവത്തിന്റെ കോപത്തിനും ക്രോധത്തിനും പാത്രരാവുകയാണ്‌. നരകത്തിലുള്ളവര്‍ ദൈവത്തിന്റെ പരമനീതി മനസ്സിലാക്കും (സങ്കീർത്തനം 76:10). അവരുടെ ശിക്ഷാവിധി നീതിയുള്ളതായിരുന്നു എന്നും അവര്‍ തന്നെയാണ്‌ അതിന്നു കാരണക്കാർ എന്നും നരകത്തിലുള്ളവർ സമ്മതിക്കും (ആവര്‍ത്തനം 32:3-5). അതെ, നരകം വാസ്തവം തന്നെ. ഒരിക്കലും അവസാനിക്കാത്ത യാതനയുടേയും ശിക്ഷയുടേയും സ്ഥലമാണത്‌. എന്നാല്‍ ക്രിസ്തുവിൽ വിശ്വസിച്ച്‌ അവന്റെ വഴിയിൽ നടക്കുന്നവര്‍ക്ക്‌ നരക ശിക്ഷയിൽ നിന്ന്‌ രക്ഷ പ്രാപിക്കാം എന്നതാണ്‌ ബൈബിളിലെ സത്യം (യോഹന്നാൻ.3:16, 18, 36).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

നരകം വാസ്തവമായി ഉണ്ടോ? നരകം നിത്യമാണോ?
© Copyright Got Questions Ministries