കൂട്ടപ്രാര്‍ത്ഥന പ്രധാനമാണോ? ഒരു വ്യക്തി തനിയെ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ശക്തി കൂട്ടപ്രാര്‍ത്ഥനക്കുണ്ടോ?ചോദ്യം: കൂട്ടപ്രാര്‍ത്ഥന പ്രധാനമാണോ? ഒരു വ്യക്തി തനിയെ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ശക്തി കൂട്ടപ്രാര്‍ത്ഥനക്കുണ്ടോ?

ഉത്തരം:
ആരാധന, ഉപദേശം, അപ്പം നുറുക്കല്‍, കൂട്ടായ്മ എന്നിവയോടൊത്ത്‌ കൂട്ടപ്രാര്‍ത്ഥനയും സഭയുടെ ആത്മീയ വളര്‍ച്ചക്ക്‌ വളരെ പ്രാധാനമാണ്‌. ആദ്യ സഭ ഈ ഉദ്ദേശത്തോടുകൂടി പതിവായി കൂടിവരുമായിരുന്നു എന്ന്‌ നാം അപ്പൊ.2:42 ല്‍ വായിക്കുന്നു. മറ്റുവിശ്വാസികളുമൊരുമിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്റെ പ്രയോജനം പലതാണ്‌. നമ്മുടെ പൊതുവിശ്വാസം നാം പങ്കിടുമ്പോള്‍ അത്‌ നമ്മെ ഒന്നായി ചേര്‍ക്കയും നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമ്മില്‍ എല്ലാവരിലും വസിക്കുന്നത്‌ ഒരേ ദൈവാത്മാവ്‌ ആയതുകൊണ്ട്‌ നമ്മുടെ ഹൃദയം സന്തോഷിക്കയും ദൈവനാമം മഹത്വപ്പെടുകയും ചെയ്യുന്നു. അങ്ങനെ നാം അന്വേന്യം ഇണെക്കപ്പെട്ട്‌ മറ്റെങ്ങും ലഭ്യമല്ലാത്ത അതുല്യമായ കൂട്ടായ്മ സന്തോഷത്തില്‍ നാം ഉല്ലസിക്കുവാന്‍ ഇടയാകുന്നു.

ജീവിതഭാരത്താല്‍ കഷ്ടപ്പെടുന്ന ഒരു വിശ്വാസിയെ കൂട്ടുസഹോദരന്‍മാര്‍ ഒരുമിച്ച്‌ കൃപാസനത്തിലേക്ക്‌ ഉയര്‍ത്തുമ്പോള്‍ അങ്ങനെയുള്ളവര്‍ക്ക്‌ വലിയ പ്രചോദനമാണ്‌ ഉണ്ടാകുന്നത്‌. നാം മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക്‌ അന്വേന്യം സ്നേഹവും അനുകമ്പയും വര്‍ദ്ധിക്കുന്നു. അതുപോലെ കൂടിവരുന്നവരുടെ ഹൃദയത്തിന്റെ അവസ്ഥ വെളിപ്പെടുന്ന അവസരമാണ്‌ കൂട്ടായുള്ള പ്രാര്‍ത്ഥന. ദൈവസന്നിധിയില്‍ താഴ്മയോടും (യാക്കോ.4:10), സത്യത്തോടും (സങ്കീ.145:18), അനുസരണത്തോടും (1യോഹ.3:21-22), നന്ദിയോടും (ഫിലി.4:6), ധൈര്യത്തോടും (എബ്രാ.4:16) കൂടിവരുവാനാണ്‌ കല്‍പന. എന്നാല്‍ ചിലപ്പോള്‍ ഇങ്ങനെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതിക്കുന്നതിനു പകരം മറ്റുള്ളവരെ കേള്‍പ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നവരും ഇല്ലാതില്ല. ഇങ്ങനെ മറ്റുള്ളവര്‍ക്കുമുന്‍പില്‍ ഭക്തിമാന്‍ ചമയുന്നതിനെതിരായി കര്‍ത്താവ്‌ മത്താ.6:5-8 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നു. നമ്മുടെ ഹൃദയ രഹസ്യങ്ങള്‍ അറിയുന്ന ദൈവത്തിനു മുമ്പിലാണ്‌ നാം ആയിരിക്കുന്നത്‌ എന്നത്‌ ഒരിക്കലും വിസ്മരിക്കുവാന്‍ പാടുള്ളതല്ല.

കൂട്ടായി പ്രാര്‍ത്ഥിക്കുന്നതിന്‌ പ്രത്യക ശക്തി ഉണ്ട്‌ എന്ന്‌ വചനം പഠിപ്പിക്കുന്നു. മത്താ.18:18,19 വാക്യങ്ങള്‍ ശ്രദ്ധിക്കുക. "നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും എന്ന്‌ സത്യമായിട്ട്‌ ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളില്‍ രണ്ടുപേര്‍

ഭൂമിയില്‍ വച്ച്‌ നിങ്ങള്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐക്യമത്യപ്പെട്ടാല്‍ അത്‌ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവില്‍ നിന്ന്‌ അവര്‍ക്ക്‌ ലഭിക്കും". എന്നാല്‍ പലപ്പോഴും പ്രാര്‍ത്ഥന നമ്മുടെ ഭൌമീക ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടി മാത്രം നാം ഉപയോഗിക്കുന്നു എന്നത്‌ വലിയ സങ്കടമാണ്‌. വേദപുസ്തകത്തില്‍ പ്രാര്‍ത്ഥനയുടെ വ്യാപ്തി വളരെ വലിയതാണ്‌. സര്‍വവ്യാപിയും സര്‍വശക്തിയുമുള്ള ദൈവത്തോടുള്ള നമ്മുടെ കൂട്ടായ്മ നേരങ്ങളാണ്‌ പ്രാര്‍ത്ഥനയുടെ സമയങ്ങള്‍. ഈ ദൈവം തന്റെ സൃസ്ടികളുടെ പ്രാര്‍ത്ഥന ശ്രദ്ധിച്ച്‌ അവര്‍ക്കായി പ്രവര്‍ത്തിക്കും എന്നറിയുന്നത്‌ അവനെ നാം ആരാധിക്കുവാനും പുകഴ്ത്തുവാനും മതിയായ കാരണമാണ്‌ (സങ്കീ.27:4; 63:1-8). അവന്റെ സന്നിധി നമ്മെ മാനസാന്തരത്തിലേക്കും ഏറ്റുപറച്ചിലിലേക്കും നയിക്കും (സങ്കീ.51). നമ്മുടെ ഹൃദയം നന്ദികൊണ്ട്‌ നിറയും (ഫിലി.4:6; കൊലൊ.1:12).മറ്റുള്ളവര്‍ക്കായി ആത്മാര്‍ത്ഥമായി ജാഗരിക്കുവാന്‍ അത്‌ നമ്മെ പഠിപ്പിക്കും (2തെസ്സ.1:11;2:16).

ദൈവഹിതം ഭൂമിയില്‍ നിറവേറുവാന്‍ ഇടയാകേണ്ടതിന്‌ ദൈവത്തോടു നാം സഹകരിക്കുകയാണ്‌ പ്രര്‍ത്ഥന കൊണ്ട്‌ സാധിക്കേണ്ടത്‌. നമ്മുടെ ഇഷ്ടത്തിനു കാര്യങ്ങള്‍ സാധിക്കുവാനുള്ള മാര്‍ഗ്ഗമല്ല പ്രാര്‍ത്ഥന എന്നത്‌ മറക്കരുത്‌. നമ്മുടെ ആഗ്രഹങ്ങള്‍ പൂര്‍ണ്ണമായി അവനില്‍ സമര്‍പ്പിച്ച്‌ നാം പ്രാര്‍ത്ഥിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന (മത്താ.6:8), നമ്മെക്കാള്‍ നമമെയ അടുത്തറിയാവുന്ന അവന്റെ ഹിതം നമ്മില്‍ നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുമ്പോഴാണ്‌ വാസ്തവത്തില്‍ നമ്മുടെ പ്രാര്‍ത്ഥന അതിന്റെ ഉന്നതിയില്‍ എത്തുന്നത്‌. അങ്ങനെ ദൈവഹിതത്തിലുള്ള പ്രാര്‍ത്ഥനക്ക്‌ എപ്പോഴും ഉത്തരം ലഭിക്കതന്നെ ചെയ്യും (1യോഹ.5:14). അത്‌ തനിയെ പ്രാര്‍ത്ഥിച്ചാലും ആയിരം പേര്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചാലും അത്‌ അങ്ങനെ തന്നെയാണ്‌.

മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന മത്താ.18 ലെ വാക്യങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. ഈ ഭാഗം സഭയിലെ തെറ്റുകാരനായ ഒരു വിശ്വാസിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു പറഞ്ഞിരിക്കുന്ന ഭാഗത്തണ്‌ നാം കാണുന്നത്‌ എന്നു മറക്കരുത്‌. "നിങ്ങളില്‍ രണ്ടുപേര്‍ ഭൂമിയില്‍ വച്ച്‌ യാചിക്കുന്ന ഏതു കാര്യത്തിലും ഐക്യമത്യപ്പെട്ടാല്‍" എന്നു പറഞ്ഞിരിക്കുന്നത്‌ ഏതെങ്കിലും രണ്ടു വിശ്വാസികള്‍ തങ്ങള്‍ക്ക്‌ ഇഷ്ടമുള്ള ഏതെങ്കിലും കാര്യത്തെപ്പറ്റി യാചിച്ചാല്‍ അവര്‍ക്ക്‌ ലഭിക്കും എന്ന് ഈ വാക്കുകള്‍ക്ക്‌ അര്‍ത്ഥമില്ല. അങ്ങനെ വ്യാഖ്യാനിച്ചാല്‍ അത്‌ ദൈവത്തിന്റെ പരമാധികാരത്തേയും വാക്യത്തിന്റെ സന്ദര്‍ഭത്തെയും മനസ്സിലാക്കാതെ ചെയ്യുന്നതിനാല്‍ ഫലപ്രാപ്തിയില്‍ എത്തുകയില്ല എന്നതില്‍ സംശയമില്ല. "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടിയാലും അവരുടെ മദ്ധ്യെ ഞാനുണ്ട്‌" (മത്താ.18:20) എന്ന വാഗ്ദത്തം സഭക്കുള്ളതാണ്‌. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിക്ക്‌ ചെയ്യുവാന്‍ കഴിയാത്തത്‌ സഭക്ക്‌ ചെയ്യുവാന്‍ കഴിയുമല്ലൊ. ഒരു വ്യക്തി തനിയായി പ്രാര്‍ത്ഥിക്കുമ്പോഴും ക്രിസ്തുവിന്റെ സാന്നിദ്ധ്യം അവിടെ ഉണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ കൂട്ടപ്രാര്‍ത്ഥന വളരെ പ്രധാനമാണ്‌. അങ്ങനെയുള്ള പ്രാര്‍ത്ഥന കൊണ്ട്‌ നാമ്മുടെ ഐക്യത വര്‍ദ്ധിക്കുന്നു (യോഹ.17:22,23), വിശ്വാസികള്‍ ഉത്സാഹിപ്പിക്കപ്പെടുന്നു (1തെസ.5:11), സ്നേഹിക്കുവാനും സത്കര്‍മ്മങ്ങള്‍ ചെയ്യുവാനും പ്രേരിപ്പിക്കപ്പെടുന്നു (എബ്ര.10:24) എന്നിവയാണ്‌ അവയില്‍ പ്രധാനം.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകകൂട്ടപ്രാര്‍ത്ഥന പ്രധാനമാണോ? ഒരു വ്യക്തി തനിയെ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ശക്തി കൂട്ടപ്രാര്‍ത്ഥനക്കുണ്ടോ?