നോഹയുടെ കാലത്തെ പ്രളയം പ്രാദേശീകമോ സര്‍വ്വലൌകീകമോ?ചോദ്യം: നോഹയുടെ കാലത്തെ പ്രളയം പ്രാദേശീകമോ സര്‍വ്വലൌകീകമോ?

ഉത്തരം:
നോഹയുടെ കാലത്തെ പ്രളയം ലോകത്തെ മുഴുവന്‍ ബാധിച്ചിരുന്നു എന്ന്‌ വേദപുസ്തകം പറയുന്നു. ഉല്‍പത്തി 7:11 ൽ വായിക്കുന്നത്‌ "ആഴിയുടെ ഉറവുകള്‍ ഒക്കെയും പിളര്‍ന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു" എന്നാണ്‌. ഉല്‍പത്തി 1:6,7; 2:6 എന്നീ വാക്യങ്ങൾ അനുസരിച്ച്‌ പ്രളയത്തിനു മുമ്പുള്ള സാഹചര്യം ഇന്ന്‌ നാം അനുഭവിക്കുന്ന സാഹചര്യത്തിൽ നിന്ന്‌ തികെച്ചും വിഭിന്നം ആയിരുന്നു എന്ന മനസ്സിലാക്കാം. അക്കാലത്ത്‌ ആകാശവിതാനത്തിൽ ഒരു ജല മണ്ഡലം നീരാവിയായോ മഞ്ഞു മണ്ഡലമായോ ഉണ്ടായിരുന്നിരിക്കാം. ദൈവം അവയെ ഭൂമിയില്‍ പതിക്കുവാൻ അനുവദിച്ചപ്പോൾ ഒരു പ്രളയമായി മാറുകയാണുണ്ടായത്‌.

പ്രളയം എത്ര വ്യാപകം ആയിരുന്നു എന്ന്‌ പറയുന്നത്‌ ഉല്‍പത്തി 7:19-23 വരെയുള്ള വാക്യങ്ങളിലാണ്‌. "വെള്ളം ഭൂമിയില്‍ അത്യധികം പൊങ്ങി, ആകാശത്തിന്‍ കീഴുള്ള ഉയര്‍ന്ന പര്‍വ്വതങ്ങള്‍ ഒക്കെയും മുങ്ങിപ്പോയി. പര്‍വ്വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവയ്ക്കു മേലെ പൊങ്ങി. പറവകളും, കന്നുകാലികളും, കാട്ടുമൃഗങ്ങളും നിലത്തു ഉഴലുന്ന എല്ലാ ഇഴജാതികളും ഭൂചര ജഡമൊക്കെയും സകല മനുഷ്യരും ചത്തുപോയി. കരയിലുള്ള സകലത്തിലും മൂക്കില്‍ ജീവശ്വാസമുള്ളതൊക്കെയും ചത്തു. ഭൂമിയില്‍ മനുഷ്യരും മൃഗങ്ങളും ഇഴജാതിയും ആകാശത്തിൽ കീഴിലെ പറവകളുമായി ഭൂമിയില്‍ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയില്‍ നിന്ന്‌ നശിച്ചുപോയി. നോഹയും അവനോടുകൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവര്‍ മാത്രം ശേഷിച്ചു".

മുകളില്‍ വായിച്ച വേദഭാഗത്തുനിന്നു മനസ്സിലാക്കാവുന്ന സത്യം പ്രളയം ഭൂമിയെ മുഴുവൻ ബാധിച്ചു എന്നാണ്‌. മാത്രമല്ല, വെറും പ്രാദേശീയമായ ഒരു പ്രളയമായിരുന്നു വരുവാന്‍ ഇരിക്കുന്നതെങ്കിൽ നോഹയോട്‌ ഒരു പെട്ടകം പണിയുവാൻ പറയേണ്ട ആവശ്യമില്ലല്ലോ. പ്രളയം ബാധിക്കാത്ത സ്ഥലത്തേക്ക്‌ പോകുവാന്‍ പറഞ്ഞിരിക്കാമല്ലോ. എല്ലാ മൃഗജീവനെയും ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയത്തക്കവണ്ണം അത്ര വലിയ ഒരു പെട്ടകത്തിന്റെ ആവശ്യം ഉണ്ടാകയില്ലായിരുന്നല്ലോ. പെട്ടകം നമ്മെ സംശയമില്ലാതെ ഓര്‍പ്പിക്കുന്നത്‌ പ്രളയം സര്‍വ്വലൌകീകം ആയിരുന്നു എന്നാണ്‌.

പത്രോസിന്റെ ലേഖനത്തില്‍ പ്രളയത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌ ഇങ്ങനെയാണ്‌. "ആകാശവും വെള്ളത്തില്‍ നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട്‌ ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാല്‍ അന്നുള്ള ലോകം ജലപ്രളയത്താൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താല്‍ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്ക്‌ കാത്തും ഇരിക്കുന്നു എന്നും അവര്‍ മനസ്സോടെ മറന്നുകളയുന്നു" (2പത്രോസ് 3:6-7). ഇനിയും ഈ ഭൂമിക്കു വരുവാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചു പറയുമ്പോൾ നോഹയുടെ കാലത്തെ ന്യായവിധിക്ക്‌ സമമായിരിക്കും അത്‌ എന്ന് ഇവിടെ പത്രോസ്‌ പറയുന്നത്‌ അന്ന് പ്രളയം ഭൂമിയെ മുഴുവന്‍ ബാധിച്ചിരുന്നു എന്ന സത്യം തുറന്നു കാട്ടുകയാണ്‌. വേദപുസ്തകത്തിലെ മറ്റു പല വേദഭാഗങ്ങളിലും പ്രളയം സര്‍വ്വലൌകീകം ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്‌ (യെശയ്യാവ്.54:9; 1പത്രോസ്.3:20; 2പത്രോസ്.2:5; എബ്രായർ.11:7). നമ്മുടെ കര്‍ത്താവ്‌ പ്രളയത്തെ തന്റെ വരവിങ്കൽ വരുവാനുള്ള ന്യായവിധിയോട്‌ താരതമ്യപ്പെടുത്തി പറഞ്ഞിട്ടുണ്ട്‌ (മത്തായി.24:37-39; ലൂക്കോസ്17:26-27).

പ്രളയം സര്‍വ്വലൌകീകം ആയിരുന്നു എന്നതിന്‌ വേദപുസ്തകത്തിനു വെളിയിൽ നിന്നും തെളിവുകൾ ലഭ്യമാണ്‌. ഫോസിലുകളും വലിയ കല്‍ക്കരി നിക്ഷേപങ്ങളും ഭൂമിയുടെ അന്തര്‍ഭാഗത്ത്‌ ഉണ്ടായത്‌ പെട്ടെന്ന് വനങ്ങള്‍ മുഴുവന്‍ മൂടപ്പെട്ടു പോയതുകൊണ്ടാണ്‌. സമുദ്രാന്തര്‍ഭാഗത്തുള്ള ഫോസിലുകൾ പര്‍വത ശിഖരങ്ങളിൽ കാണപ്പെടുന്നതിന്റെ കാരണവും ഇതു തന്നെയാണ്‌. മാത്രമല്ല ലോകത്തിന്റെ ഏതു ഭാഗത്തുള്ള ജനതയുടെ ഇടയിലും ഒരു പ്രളയം ഉണ്ടായിരുന്നതിനെപ്പറ്റി ഐതീഹ്യം ഉണ്ട്‌. ഇങ്ങനെ പല തെളിവുകള്‍ ഉള്ളതുകൊണ്ട്‌ നോഹയുടെ കാലത്തെ പ്രളയം സര്‍വ്വലൌകീകം ആയിരുന്നു എന്ന് തീരുമാനിക്കാവുന്നതാണ്‌.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകനോഹയുടെ കാലത്തെ പ്രളയം പ്രാദേശീകമോ സര്‍വ്വലൌകീകമോ?