അന്ത്യകാല പ്രവചനം അനുസരിച്ച്‌ ഇനിയും എന്തൊക്കെയാണ്‌ സംഭവിക്കേണ്ടത്‌?


ചോദ്യം: അന്ത്യകാല പ്രവചനം അനുസരിച്ച്‌ ഇനിയും എന്തൊക്കെയാണ്‌ സംഭവിക്കേണ്ടത്‌?

ഉത്തരം:
അന്ത്യ കാലത്തെപ്പറ്റി വേദപുസ്തകത്തില്‍ അനേക കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. ബൈബിളിലെ മിക്ക പുസ്തകങ്ങളിലും അന്ത്യ കാലത്തെപ്പറ്റി പരാമര്‍ശര്‍ം ഉണ്ട്‌. അവ എല്ലാവറ്റേയും പറ്റി പറയുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. താഴെപ്പറഞ്ഞിരിക്കുന്നത്‌ ബൈബിള്‍ പ്രവചനം അനുസരിച്ച്‌ ഇനി നടക്കുവാന്‍ പോകുന്ന കാര്യങ്ങളുടെ രത്നച്ചുരുക്കം മാത്രമാണ്‌.

ഇനി ആദ്യമായി സംഭവിക്കേണ്ടത്‌, സഭയുടെ ഉത്പ്രാപണം (rapture of the church)എന്ന്‌ വിളിക്കുന്ന ഒരു പ്രക്രിയയാല്‍ കര്‍ത്താവ്‌ തന്റെ ജനത്തെ ഈ ഭൂമിയില്‍ നിന്ന്‌ മാറ്റുന്നു എന്നുള്ളതാണ്‌ (1തെസ്സ.4:13-18; 1കൊരി.15:51-54). അതിനു ശേഷം ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ രക്ഷിക്കപ്പെട്ടവര്‍ക്ക്‌ അവരവരുടെ ക്രീയകള്‍ക്കും വിശ്വസ്ഥതയ്ക്കും അടിസ്ഥാനത്തില്‍ പ്രതിഫലങ്ങള്‍ കൊടുക്കപ്പെടും. ഇത്‌ ശിക്ഷാവിധിക്കുള്ള രംഗമല്ല എങ്കിലും ചിലര്‍ക്ക്‌ പ്രതിഫലങ്ങള്‍ ഒന്നും ലഭിക്കയില്ല എന്നത്‌ സത്യമാണ്‌ (2കൊരി.5:10; 1കൊരി.3:11-15).

അതേ സമയത്ത്‌ ഈ ഭൂമിയില്‍ അന്തിക്രിസ്തു അഥവാ മൃഗം രംഗപ്രവേശനം ചെയ്കയും യിസ്രായേലിനോട്‌ 7വർഷത്തേക്ക് ഒരു ഉടമ്പടിയില്‍ ഒപ്പു വയ്ക്കയും ചെയ്യും (ദാനി.9:27). വേദപുസ്തകം ഈ ഏഴുവര്‍ഷത്തെ പീഡനകാലം എന്ന വിളിച്ചിട്ടുണ്ട്‌ (മത്താ.24:29). ഈ കാലത്ത്‌ ഭൂമിയില്‍ വലിയ യുദ്ധങ്ങളും, ക്ഷാമങ്ങളും,വ്യാധികളും, പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകും. മനുഷന്റെ പാപത്തിനും ദുഷ്ടതയ്ക്കും എതിരായി ദൈവത്തിന്റെ കോപം ഈ ഭൂമിയുടെ മേല്‍ ചൊരിയും. വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന നാലു കുതിരകളുടേയും, ഏഴു മുദ്രകളുടേയും, ഏഴു കാഹളങ്ങളുടേയും, ഏഴു ക്രോധകലശങ്ങളുടേയും കാലമാണിത്‌.

ഏഴുവര്‍ഷത്തിന്റെ പകുതിയില്‍ എത്തുമ്പോള്‍ അന്തിക്രിസ്തു യിസ്രായേലുമായി ചെയ്ത ഉടമ്പടി റദ്ദാക്കുകയും അവരോട്‌ കഠിനമായി ഇടപെടുവാന്‍ തുടങ്ങുകയും ചെയ്യും. ഇതിനോടകം പണി പൂര്‍ത്തിയാക്കപ്പെട്ട യെരുശലേം ദേവാലയത്തില്‍ അന്തിക്രിസ്തു തന്റെ പ്രതിമയെ സ്ഥാപിക്കുകയും അതിനെ നമസ്കരിക്കുവാന്‍ കല്‍പന പുറപ്പെടുവിക്കുകയും ചെയ്യും (2തെസ്സ.2:3-10). ഇതിനെ "ശൂന്യമാക്കുന്ന മ്ലേച്ഛത " എന്നാണ്‌ വിളിച്ചിരിക്കുന്നത്‌ (ദാനി.9:27; മത്താ.24:15). "മഹാ ഉപദ്രവകാലം" എന്ന്‌ ഈ നാളുകളെ വിളിച്ചിരിക്കുന്നു (വെളി.7:14). "യാക്കോബിന്റെ കഷ്ടകാലം" എന്നും ഈ കാലഘട്ടത്തെ വിളിച്ചിട്ടുണ്ട്‌ (യെര.30:7).

പീഡനകാലത്തിന്റെ അവസാനത്തില്‍ അന്തിക്രിസ്തു അവസാനമായി യെരൂശലേമിനെതിരായി യുദ്ധം പ്രഘ്യാപിക്കയും അത്‌ ഹര്‍മ്മഗദ്ദോന്‍ യുദ്ധമായി പരിണമിക്കയും ചെയ്യും. ക്രിസ്തു മടങ്ങി വന്ന്‌ അന്തിക്രിസ്തുവിനേയും അവന്റെ സൈന്യത്തേയും കീഴടക്കി അവരെ തീപ്പൊയ്കയില്‍ തള്ളിയിടും (വെളി.19:11-21). സാത്താന്‍ ആയിരം വര്‍ഷത്തേയ്ക്ക്‌ ചങ്ങല ഇടപ്പെട്ട്‌ കാവലില്‍ ആക്കപ്പെടും. ക്രിസ്തു യെരുശലേം തലസ്ഥാനമാക്കി ഈ ഭൂമിയില്‍ രാജാവായി വാഴും (വെളി.20:1-6).

ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം പിശാചിനെ അഴിച്ചു വിടും. അവന്‍ വീണ്ടും തന്റെ അവസാന ശ്രമത്തില്‍ പരാജയപ്പെട്ട്‌ അഗ്നിക്കടലില്‍ തള്ളപ്പെടും. അവിടെ അവന്‍ നിത്യത ചെലവിടും (വെളി.20:7-10). അതിനു ശേഷം ലോകത്തിലെ സകല അവിശ്വാസികളും വെള്ളസിംഹാസനത്തിനു മുമ്പില്‍ ന്യായം വിധിക്കപ്പെട്ട്‌ നരകത്തില്‍ തള്ളപ്പെടും (വെളി.20:10-15). ഒടുവില്‍ പുതിയ ഭൂമിയും പുതിയ ആകാശവും, പുതിയ യെരുശലേമും സൃഷിക്കപ്പെട്ട്‌ അവ ദൈവജനത്തിന്റെ നിത്യവാസസ്ഥലമായിരിക്കും. അവര്‍ ദൈവത്തോടുകൂടെ പാപവും, കണ്ണുനീരും, മരണവും ഇല്ലാത്ത നാട്ടില്‍ യുഗായുഗങ്ങളായി വാഴും (വെളി.21-22).

English
മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക
അന്ത്യകാല പ്രവചനം അനുസരിച്ച്‌ ഇനിയും എന്തൊക്കെയാണ്‌ സംഭവിക്കേണ്ടത്‌?

കണ്ടെത്തുക ...

ദൈവത്തോടുകൂടെ നിത്യതയ്ക്ക് ചെലവഴിക്കുകദൈവത്തിൽ നിന്ന് പാപമോചനം സ്വീകരിക്കുക