ഡയനസോറിനെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു? വേദപുസ്തകം ഡയനസോറിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ?ചോദ്യം: ഡയനസോറിനെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു? വേദപുസ്തകം ഡയനസോറിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ?

ഉത്തരം:
ഈ ഭൂമിയുടെ വയസ്സ്‌, ഉല്‍പത്തിപ്പുസ്തകത്തിന്റെ വ്യാഖ്യാനം, നമുക്കു ചുറ്റുമുള്ള വസ്തുക്കളെപ്പറ്റിയുള്ള അഭിപ്രായം എന്നിവ ക്രിസ്തീയ വിശ്വാസികള്‍ക്കുള്ളില്‍ത്തന്നെ വിവാദ വിഷയങ്ങളായതുപോലെ ഡയനസോറിനെപ്പറ്റിയുള്ള ചോദ്യവും അക്കൂട്ടത്തില്‍ത്തന്നെയുള്ളതാണ്‌. ഈ ഭൂമിക്ക്‌ പലകോടി വര്‍ഷങ്ങൾ പഴക്കമുണ്ട്‌ എന്നു വിശ്വസിക്കുന്നവർ പറയുന്നത്‌ വേദപുസ്തകത്തിൽ ഡയനസോറിനെപ്പറ്റി ഒന്നും പറയുന്നില്ല, കാരണം ഭൂമിയില്‍ മനുഷ്യവാസം തുടങ്ങുന്നതിന്‌ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇത്തരം ജീവികൾ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടു കഴിഞ്ഞിരുന്നതുകൊണ്ട്‌ ബൈബിള്‍ എഴുത്തുകാര്‍ക്ക്‌ ഇത്തരം ജീവികളെപ്പറ്റി ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നാണ്‌.

ഭൂമിക്ക്‌ താരതമ്യേന പ്രായം കുറവാണ്‌ എന്നു വിശ്വസിക്കുന്നവർ പറയുന്നത്‌ വേദപുസ്തകത്തിൽ ഡയനസോർ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടില്ല എന്നതു വാസ്തവമാണെങ്കിലും, വേദപുസ്തകത്തില്‍ ഡയനസോറിനെപ്പറ്റി പ്രതിപാദ്യം ഉണ്ട്‌ എന്നാണ്‌. എബ്രായഭാഷയിലെ 'റ്റാനിൻ' എന്ന വാക്ക്‌ മലയാളത്തില്‍ സര്‍പ്പമെന്നും, അഗ്നിസര്‍പ്പമെന്നും, ലിവ്യാഥാനെന്നും മറ്റും തര്‍ജ്ജിമ ചെയ്യപ്പെട്ടിരിക്കുന്നത്‌ ഇത്തരം ജീവിയെയാണ്‌ കുറിക്കുന്നത്‌ എന്നാണ്‌. കരയിലും വെള്ളത്തിലും ജീവിക്കുവാന്‍ കഴിവുള്ള ഇത്തരം ഇഴജീവികളെപ്പറ്റി വേദപുസ്തകത്തില്‍ മുപ്പതോളം പ്രാവശ്യം പരാമര്‍ശമുണ്ട്‌.

ഇത്തരം ജീവികളെപ്പറ്റി മുപ്പതോളം പ്രാവശ്യം പരാമര്‍ശമുണ്ടെന്നു മാത്രമല്ല ചില വേദപണ്ഡിതന്‍മാർ കരുതുന്നത്‌ ഇയ്യോബ്.40:15 ൽ കാണുന്ന നദീഹയം എന്ന് തര്‍ജ്ജിമ ചെയ്യപ്പെട്ടിരിക്കുന്ന വാക്ക്‌ വാസ്തവത്തിൽ ഡയനസോറിനെപ്പറ്റിയാണ്‌ എന്നാന്ന്. മറ്റു വേദപണ്ഡിതന്‍മാർ ഈ വാക്ക്‌ ആനയെയോ നീര്‍ക്കുതിരയെയോ കുറിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ആനക്കും നീര്‍ക്കുതിരക്കും വാലിന്‌ വണ്ണം കുറവാണല്ലോ. നദീഹയത്തിന്റെ വാലിനെ ദേവദാരു വൃക്ഷത്തോടാണല്ലോ ഉപമിച്ചിരിക്കുന്നത്‌. ഡയനസോറിന്റെ വാലിനും അത്തരം ഉപമാനം ശരിയാകുമല്ലോ എന്ന് ആദ്യത്തെ കൂട്ടർ പറയുന്നു.

ഭൂമിയിലുള്ള പല പഴയ സംസ്കാരങ്ങളും ഇത്തരം ഭീമാകാരമുള്ള ഇഴജീവികളെപ്പറ്റി പറയുന്നുണ്ട്‌. ഡയനസോറിനെപ്പോലെയുള്ള ചിത്രീകരണങ്ങളും ശില്‍പങ്ങളും വടക്കെ അമേരിക്ക, തെക്കേ അമേരിക്ക എന്നി രാജ്യങ്ങളിലും, റോമാ, മായാ, ബാബിലോണ്‍ തുടങ്ങിയ സംസ്കാരങ്ങളിലും കാണാവുന്നതാണ്‌. മാര്‍ക്കോ പോളോയുടെ വിവരണങ്ങളിൽ പോലും അന്നത്തെ മനുഷ്യര്‍ക്ക്‌ ഇത്തരം ജീവികളെ പരിചയമുണ്ടായിരുന്നുവെന്ന് ചിന്തിക്കത്തക്ക പരാമര്‍ശം ഉണ്ട്‌. ആധുനീക യുഗത്തിലും ചിലര്‍ ഇത്തരം ജീവികളെ കണ്ടതായി പറയുന്നുണ്ടെങ്കിലും അത്‌ വിശ്വസനീയമല്ല. ഏതായാലും മനുഷ്യനും ഇത്തരം ജീവികളും ഒരേസമയത്തു ഈ ഭൂമിയില്‍ സഹവാസം ചെയ്തിരുന്നു എന്നത്‌ തെളിയിക്കുവാന്‍ ചില ഫോസ്സിലുകളും ചില കാല്‍പ്പാടുകളും വടക്കേ അമേരിക്കയിലും മദ്ധ്യപൂര്‍വ ഏഷ്യയിലും ചിലർ കാണിക്കുന്നുണ്ട്‌.

വേദപുസ്തകത്തില്‍ ഡയനസോറിനെപ്പറ്റി പറയുന്നുണ്ടോ? തീര്‍ത്തുപറയുക അസാദ്ധ്യം എന്നേ പറയാനൊക്കൂ. ഒരാള്‍ വേദപുസ്തകത്തെയും ഇന്നത്തെ കണ്ടുപിടുത്തങ്ങളേയും എങ്ങനെ വീക്ഷിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഈ വിഷയം മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു. ഇത്തരം ജീവികൾ നോഹയുടെ പ്രളയത്തിനു മുമ്പ്‌ മനുഷ്യരോടൊപ്പം ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നു. പ്രളയം മൂലവും, മനുഷ്യൻ ഇവയെ വേട്ടയാടുന്നതിനാലും ഇതിന് വംശനാശം സംഭവിച്ചു എന്നും കരുതുന്നു.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഡയനസോറിനെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു? വേദപുസ്തകം ഡയനസോറിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ?