settings icon
share icon
ചോദ്യം

നല്ല ആളുകളുടെ ജീവിതത്തിൽ ചീത്ത കാര്യങ്ങൾ ദൈവം എന്തിനാണ്‌ അനുവദിക്കുന്നത്‌?

ഉത്തരം


ദൈവശാസ്ത്രത്തിലെ ഉത്തരം പറയുവാന്‍ അത്ര എളുപ്പമില്ലാത്ത ചോദ്യങ്ങളിൽ ഒന്നാണിത്‌. ദൈവം പരിമിതിയില്ലാത്തവനും, നിത്യനും, സര്‍വജ്ഞാനിയും, സര്‍വവ്യാപിയും, സര്‍വശക്തനുമാണ്‌. ഇതൊന്നുമല്ലാത്ത മനുഷരായ നമുക്ക്‌ ദൈവത്തിന്റെ വഴികളെ പൂര്‍ണ്ണമായി മനസ്സിലാക്കാം എന്ന്‌ പ്രതീക്ഷിക്കുന്നത്‌ ശരിയാണോ? എങ്കിലും ഈ വിഷയത്തെ ആസ്പദമാക്കിയാണ്‌ സത്യവേദപുസ്തകത്തിലെ ഇയ്യോബിന്റെ പുസ്തകം എഴുതിയിരിക്കുന്നത്‌. ഇയ്യോബിനെ കൊല്ലുന്നതൊഴികെ മറ്റെന്തു വേണമെങ്കിലും ചെയ്യുവാന്‍ ദൈവം സാത്താനെ അനുവദിച്ചു. ഇയ്യോബിന്റെ പ്രതികരണം എന്തായിരുന്നു എന്ന്‌ നോക്കുക. ഇയ്യോബു പറഞ്ഞു, "അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെ കാത്തിരിക്കും" (ഇയ്യോ.'13:15). "യഹോവ തന്നു, യഹോവ എടുത്തു; അവന്റെ നാമം മഹത്വപ്പെടുമാറാകട്ടെ" (ഇയ്യോ.1:21). ദൈവം തന്റെ ജീവിതത്തില്‍ ഇവയൊക്കെ അനുവദിക്കുന്നതിന്റെ കാരണം എന്താണെന്ന്‌ ഇയ്യോബ്‌ അറിഞ്ഞിരുന്നില്ല. എങ്കിലും ദൈവം നല്ലവനാണെന്ന്‌ ഇയ്യോബ്‌ അറിഞ്ഞിരുന്നതുകൊണ്ട്‌, ഇയ്യോബ്‌ എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ മാത്രം ആശ്രയിച്ചു. ഇതു തന്നെ ആയിരിക്കണം നമ്മുടേയും മനോഭാവം.

നല്ല ആളുകളുടെ ജീവിതത്തില്‍ ചീത്ത കാര്യങ്ങൾ എന്തുകൊണ്ട്‌ സംഭവിക്കുനു? ഈ ചോദ്യത്തിനു വേദപുസ്തകത്തിന്റെ ഉത്തരം "നല്ലവര്‍" ആരുമില്ല എന്നതാണ്‌. വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്ന സത്യം മനുഷരായ നാമെല്ലാവരും പാപക്കറയാല്‍ കളങ്കപ്പെട്ടവരാണ്‌ എന്നാണ്‌ (സഭാ.7:20; റോമ.6:23; 1യോഹ.1:8). റോമാലേഖനം 3:10 മുതൽ18 വരെയുള്ള വാക്യങ്ങളില്‍ ഈ സത്യം അല്‍പം പോലും സംശയമില്ലാത്തവണ്ണം സമര്‍ത്ഥിച്ചിരിക്കയാണ്‌. "നീതിമാന്‍ ആരുമില്ല, ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴി തെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു. നന്‍മ ചെയ്യുന്നവൻ ഇല്ല, ഒരുത്തൻ പോലുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി, നാവുകൊണ്ട്‌ അവർ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്കു കീഴെ ഉണ്ട്‌. അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്‌. സമാധാന മാര്‍ഗ്ഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല' എന്ന്‌ എഴുതിയിരിക്കുന്നുവല്ലോ". ഈ ലോകത്തില്‍ ജീവിക്കുന്ന സകല മനുഷരും ഒരുപോലെ നരക യോഗ്യരാണ്‌. ഈ ഭൂമിയില്‍ നാം ഓരോ നിമിഷവും ആയിരിക്കുന്നത്‌ ദൈവത്തിന്റെ കൃപയാലും,ദയായാലുമാണ്. ഈ ലോകത്തില്‍ വച്ച്‌ നമുക്കു സംഭവിക്കാവുന്ന ഏറ്റവും ക്രൂരമായ കാര്യം പോലും നരക യാതനയോടു തുലനപ്പെടുത്തിയാല്‍ ഏതുമില്ലാത്തതു പോലെ ആണ്‌.

ഇതിനേക്കാള്‍ ഏറെ യോജിച്ച ചോദ്യം "നീച മനുഷരുടെ ജീവിതത്തില്‍ നല്ല കാര്യങ്ങൾ സംഭവിക്കുവാന്‍ ദൈവം എന്തിന്‌ അനുവദിക്കണം?" എന്നതാണ്‌. റോമ.5:8 പറയുന്നു, "ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോൾ തന്നെ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു"

മനുഷര്‍ അധര്‍മ്മികളും പാപികളും ആയിരുന്നിട്ടും ദൈവം നമ്മെ സ്നേഹിക്കുന്നു. നമ്മുടെ പാപത്തിന്റെ ശിക്ഷയായ മരണം സ്വയം ഏറ്റെടുക്കുവാന്‍ തക്കവണ്ണം അത്രകണ്ട്‌ അവന്‍ നമ്മെ സ്നേഹിച്ചു (റോമ. 6:23). ഇന്ന്‌ ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി നാം സ്വീകരിക്കുമെങ്കില്‍, നമ്മോടു ക്ഷമിച്ച്‌ നിത്യ ജീവനും സ്വര്‍ഗ്ഗ സൌഭാഗ്യവും അവന്‍ സൌജന്യമായി നമുക്കു തരും (റോമ.10:9; 8:1). നാം അര്‍ഹിക്കുന്നത്‌ നിത്യ നരകമാണ്‌. എന്നാല്‍ അവനില്‍ വിസ്വസിക്കുന്നവര്‍ക്കു അവന്‍ സൌജന്യമായി തരുന്നതോ നിത്യ സ്വര്‍ഗ്ഗവും നിത്യ സൌഭാഗ്യവു മാണ്.

ഇതു ശരിയാണ്‌. ചിലപ്പോള്‍ അര്‍ഹിക്കുന്നവര്‍ എന്നു ആരും ചിന്തിക്കാത്ത ചിലര്‍ക്കു ചീത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് വരാവുന്നതാണ്‌. എന്നാല്‍ ദൈവം തന്റേതായ കാരണങ്ങൾ കൊണ്ട്‌ ചിലരുടെ ജീവിതത്തില്‍ ചില കാര്യങ്ങൾ അനുവദിക്കുന്നു. പലപ്പോഴും അത്‌ നമുക്കു മനസ്സിലായി എന്ന് വരികയില്ല. എന്നാല്‍ എല്ലാറ്റിനുമുപരി ദൈവം നല്ലവനും, നീതിമാനും, സ്നേഹനിധിയും, കരുണാസാഗരവും ആകുന്നു എന്ന കാര്യം ഒരിക്കലും നാം മറക്കുവാന്‍ പാടില്ലത്തതാണ്‌. നമ്മുടെ ജീവിതത്തില്‍ നമുക്കു മനസ്സിലാക്കുവാൻ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിക്കു മ്പോൾ നാം ദൈവത്തെ സംശയിക്കുകല്ല മറിച്ച്‌, അവനില്‍ ആശ്രയിക്കുക ആണ്‌ വേണ്ടത്‌. "പൂര്‍ണ്ണ ഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുത്‌. നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചു കൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും" (സദൃ.3:5.6).

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

നല്ല ആളുകളുടെ ജീവിതത്തിൽ ചീത്ത കാര്യങ്ങൾ ദൈവം എന്തിനാണ്‌ അനുവദിക്കുന്നത്‌?
© Copyright Got Questions Ministries