ദൈവത്തിന്റെ വിശേഷണങ്ങൾ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?ചോദ്യം: ദൈവത്തിന്റെ വിശേഷണങ്ങൾ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?

ഉത്തരം:
ദൈവം എന്താണെന്നും അല്ലെന്നും വചനം നമ്മെ പഠിപ്പിക്കുന്നു. ദൈവ വചനത്തിലൂടെയല്ലാതെ ദൈവത്തിന്റെ വിശേഷണങ്ങൾ വിവരിക്കുവാനുള്ള ശ്രമം ഒരു അഭിപ്രായം മാത്രമാകുന്നു. ദൈവത്തെ മനസ്സിലാക്കുന്നതിലുള്ള വിഷയത്തിൽ ഈ അഭിപ്രായം മിക്കപ്പോഴും തെറ്റായിരിക്കും. (ഇയ്യോബ് 42:7). മനുഷ്യന്റെ സ്വപ്രയത്നം കൊണ്ട്‌ ദൈവത്തെപ്പറ്റി ആരാഞ്ഞാറിയുവാന്‍ സാധിക്കുകയില്ല. അങ്ങനെ വരുമ്പോഴാണ്‌ മനുഷ്യൻ തന്റെ അനുമാനത്തിന്റെ അടിസ്ഥാനത്തിൽ തങ്ങള്‍ക്കായി ദൈവമല്ലാത്തവയെ ദൈവമായി പ്രതിഷ്ഠിച്ച്‌ ദൈവഹിതത്തിനു വിരോധമായ ആരാധന ചെയ്യുന്നത്‌ (പുറപ്പാട് 20:3-5).

ദൈവം തന്നേക്കുറിച്ച്‌ വെളിപ്പെടുത്തുവാൻ തീരുമാനിച്ച കാര്യങ്ങൾ മാത്രമേ നമുക്ക്‌ അറിയുവാൻ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ വിശേഷതകളിൽ ഒന്ന് അവൻ "വെളിച്ചം" ആകുന്നു എന്നാണ്‌. ഇതിന് അർത്ഥം അവൻ തന്നെക്കുറിച്ച് തന്നെത്താൻ വെളിപ്പെടുത്തുന്നു എന്നാണ്. (യെശയ്യാവ 60:19; യാക്കോബ്.1:17). ദൈവം തന്നെത്താൻ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്ന കാര്യം ആർക്കും തുച്ഛീകരിക്കുവാൻ കഴിയുന്നതല്ല; (എബ്രായർ.4:1). ദൈവത്തെ അറിയുവാനുള്ള വഴികളാണ്‌ ദൈവ സൃഷ്ടി ആകുന്ന ഈ പ്രപഞ്ചം, വേദപുസ്തകം, ജഡാവതാരമായ യേശുക്രിസ്തു ഇവ മൂന്നും.

ദൈവം സൃഷ്ടികർത്താവും നാം അവന്റെ സൃഷ്ടികളും ആണെന്ന് കൂടാതെ നാം അവന്റെ സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും എന്നും നമ്മുടെ പഠനം ആരംഭിക്കുമ്പോൾ തന്നെ മനസ്സിലാക്കണം (ഉല്‍പത്തി.1:1; സങ്കീർത്തനം. 24:1). മറ്റ് സൃഷ്ടിയുടെ എല്ലാം അധിപതിയായാണ്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌ (ഉല്‍പത്തി.1:26-28). സൃഷ്ടിക്കപ്പെട്ട ലോകം മനുഷ്യന്റെ "വീഴ്ച"യാൽ അധപ്പതിച്ചു പോയെങ്കിലും ഇന്നും സൃഷ്ടി ദൈവത്തിന്റെ കരവിരുതായി നിലനില്‍ക്കുന്നു (ഉല്‍പത്തി.3:17-18; റോമർ. 1:19-20). ഈ പ്രപഞ്ചത്തിന്റെ വലിപ്പം, സങ്കീര്‍ണ്ണത, സൌന്ദര്യം, ഭൃമണപഥം ഇവയെല്ലാം ദൈവത്തിന്റെ മാഹാത്മ്യത്തെ കാണിക്കുന്നു.

ദൈവത്തിനു കൊടുക്കപ്പെട്ട നാമധേയങ്ങൾ ദൈവം ആരാണ്‌ എന്ന് പഠിക്കുവാൻ നമ്മെ സഹായിക്കും. അവയിൽ ചിലത്‌ താഴെ കുറിക്കുന്നു.

എലോഹീം – ശക്തനായവൻ , ദൈവത്വം (ഉല്‍പത്തി.1:1)
അദൊനായ്‌ - കര്‍ത്താവ്‌, ദാസനും യജമാനനുമായുള്ള ബന്ധം (പുറപ്പാട്.4:10,13)
എൽ എലിയോൻ - സർവ്വശക്തൻ, എല്ലാവരിലും ഉയര്‍ന്നവൻ (ഉല്‍പത്തി.14:20)
എൽ റോയി - കാണുന്ന ശക്തനായവൻ (ഉല്‍പത്തി.16:13).
എൽ ഷഡായ്‌ - സര്‍വശക്തനായ ദൈവം (ഉല്‍പത്തി.17:1).
എൽ ഓലാം - നിത്യദൈവം (യെശയ്യാവ്.40:28).
യാഹവേ – ഞാൻ ആകുന്നവൻ, അനാധിയായ ദൈവം (പുറപ്പാട്.3:13-14).

ദൈവം നിത്യനാണ്‌. എന്നു പറഞ്ഞാൽ ദൈവത്തിന്‌ ആരംഭവും അവസാനവും ഇല്ലാത്തവനാണെന്നര്‍ത്ഥം, ദൈവം മരണം ഇല്ലാത്തവനാണ്‌, അനാധിയാണ് (ആവർത്തനം.33:27; സങ്കീർത്തനം.90:2; 1തിമോത്തിയോസ്.1:17). ദൈവം മാറ്റമില്ലാത്തവനാണ്‌. അതിന്റെ അര്‍ത്ഥം അവൻ പൂര്‍ണ്ണമായി വിശ്വസിക്കത്തക്കവൻ, ആശ്രയിക്കത്തക്കവൻ ആകുന്നു എന്നാണ്‌ (മലാഖി.3:6; സംഖ്യ.23:19;സങ്കീർത്തനം.102:26,27). ദൈവം അതുല്യനാണ്‌. അവനേപ്പോലെ ആളത്വത്തിലും പ്രവര്‍ത്തനത്തിലും മറ്റാരുമില്ല; അവൻ അഗ്രഗണ്യനും പരിപൂര്‍ണ്ണനുമാണ്‌ (2ശമുവേൽ.7:22; സങ്കീർത്തനം.86:8; യെശയ്യാവ്.40:25; മത്തായി.5:48). ദൈവം അഗോചരനാണ്‌. അവനെ അളന്നു തിട്ടപ്പെടുത്തുവാൻ ആര്‍ക്കും സാധിക്കയില്ല; അവനെ ആരാഞ്ഞറിയുവാനും സാധിക്കുകയില്ല; അവൻ ബുദ്ധിക്ക്‌ അപ്പുറമുള്ളവനാണ്‌ (യെശയ്യാവ്.40:28; സങ്കീർത്തനം.145:3; റോമർ.11:33,34). ദൈവം നീതിമാനാണ്‌. അവന്‍ മുഖപക്ഷം ഉള്ളവനല്ല; അവൻ പക്ഷവാദം കാണിക്കുകയില്ല (ആവർത്തനം.32:4: സങ്കീർത്തനം.18:30).

ദൈവം സര്‍വശക്തനാണ്‌. അവന്‌ സകലവും സാധ്യമാണ്‌. അവൻ ഇച്ഛിക്കുന്നതെല്ലാം അവനു ചെയ്യുവാൻ കഴിയും.എന്നാൽ അവന്റെ എല്ലാ പ്രവര്‍ത്തികളും അവന്റെ സ്വഭാവത്തിന്‌ അനുസരിച്ചുള്ളതായിരിക്കും എന്നു മാത്രം (വെളിപ്പാട്.19:6; യെരമ്യാവ്.32:17,27). ദൈവം സര്‍വവ്യാപിയാണ്‌. അവന്‍ എപ്പോഴും എല്ലായിടത്തും നിറഞ്ഞിരിക്കുന്നവനാണ്‌. നാം കാണുന്നതെല്ലാം ദൈവമാണെന്നല്ല ഇതിന്റെ അര്‍ത്ഥം (സങ്കീർത്തനം.139:7-13; യെരമ്യാവ്.23:23). ദൈവം സര്‍വജ്ഞാനിയാണ്‌. ഭൂത, ഭാവി, വര്‍ത്തമാന കാലങ്ങളെല്ലാം അവന്‌ അറിയാം. അവന്‌ മറഞ്ഞിരിക്കുന്നത്‌ ഒന്നുമില്ല. മനുഷന്റെ സകല ഹൃദയവിചാരങ്ങളും അവൻ അറിയുന്നതിനാൽ എപ്പോഴും നീതിയോടെ വിധിക്കും (സങ്കീർത്തനം.139:1-5; സദൃശ്യ വാക്യങ്ങൾ .5:21).

ദൈവം ഏകനാണ്‌. അവനല്ലാതെ അവനെപ്പോലെ വേറാരുമില്ലെന്നു മാത്രമല്ല അവന്‍ മാത്രമാണ്‌ നമ്മുടെ ഹൃദയങ്ങളെ ശോധന ചെയ്ത് അറിയുന്നവൻ. ദൈവം മാത്രമാണ് നമ്മുടെ സകല ആരാധനയ്ക്കും യോഗ്യൻ (ആവർത്തനം.6:4). ദൈവം നീതിമാനാണ്‌. തെറ്റിനെ കണ്ണടച്ചു കാണാതിരിക്കുവാന്‍ അവന്‌ സാധിക്കുകയില്ല. പാപം ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതുകൊണ്ടാണ്‌ യേശുകര്‍ത്താവ്‌ നമ്മുടെ പാപം ചുമന്ന് ക്രൂശിൽ മരിക്കേണ്ടി വന്നത്‌ (പുറപ്പാട്.9:27; മത്തായി.27:45,46; റോമർ.3:21-26).

ദൈവം സര്‍വാധികാരി ആണ്‌. അവനേക്കാൾ വലിയവനില്ല. അവന്റെ സര്‍വസൃഷ്ടികളും ചേര്‍ന്ന് അവനെതിരായി നിന്നാലും അവന്റെ പദ്ധതികളെ തകർക്കുവാൻ കഴിയുകയില്ല. (സങ്കീർത്തനം.93:1; 95:3; യെരമ്യാവ്. 23:20). ദൈവം ആത്മാവാണ്‌; ഇതിനർത്ഥം അവൻ അദൃശ്യനാണ് (യോഹന്നാൻ.1:18; 4:24). ദൈവം ത്രീയേകനാണ്‌. ദൈവത്വം, ശക്തി, മഹത്വം എന്നിവയിൽ തുല്യരാണ്‌. ദൈവം സത്യമാണ്‌. അവന് അനീതി ചെയ്യുവാനോ കള്ളം പറയുവാനോ സാധിക്കയില്ല. (സങ്കീർത്തനം.117:2; 1ശമുവേൽ.15:29).

ദൈവം പരിശുദ്ധനാണ്‌. അവനിൽ അസന്‍മാര്‍ഗീകത ലവലേശം പോലുമില്ലെന്നു മാത്രമല്ല അവൻ അതിനെതിരാണ്‌. ദോഷം അവനെ കോപിഷ്ടനാക്കും. ദൈവത്തെ ദഹിപ്പിക്കുന്ന അഗ്നിയായി വിശേഷിപ്പിച്ചിട്ടുണ്ട്‌ (യെശയ്യാവ്.6:3; ഹബക്കൂക്ക്.1:13; പുറപ്പാട്.3:2,4,5; എബ്രായർ.12:29). ദൈവം കൃപാലുവാണ്‌. നന്‍മ, കരുണ, ദയ, സ്നേഹം എന്നിവയൊക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്‌. ഒരു പക്ഷേ ദൈവം കൃപാലു അല്ലായിരുന്നെങ്കിൽ നമുക്ക്‌ അവനുമായി യാതൊരു ബന്ധത്തിനും ഇടമുണ്ടാകുമായിരുന്നില്ല. എന്നാൽ ദൈവം കൃപാലു ആയതിനാൽ നമ്മോടു കൂടെ ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു (പുറപ്പാട്.34:6, സങ്കീർത്തനം.39:19; 1പത്രോസ്.1:3; യോഹന്നാൻ.3:16; 17:3).

ദൈവം അനന്യനായ ദൈവം ആയിരിക്കയാൽ നമുക്ക് ഈ ചോദ്യത്തിന് ഉത്തരം മുഴുവനായി പറ്യുവാൻ സാധിക്കുകയില്ല എന്നാൽ ദൈവം ആരാണെന്നും എങ്ങനെയാണെന്നും ദൈവ വചനത്തിലൂടെ മനസ്സിലാക്കുവാൻ സാധിക്കും. പൂർണ്ണ ഹൃദയത്തോട് കൂടെ അവനെ അന്വേഷിക്കുവാൻ കഴിയട്ടെ. (യിരമ്യാവ് 29: 13)മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകദൈവത്തിന്റെ വിശേഷണങ്ങൾ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?