settings icon
share icon
ചോദ്യം

തിരുവത്താഴത്തിന്റെ പ്രാധാന്യം എന്താണ്‌?

ഉത്തരം


തിരുവത്താഴത്തില്‍ ആഴമായ അർഥങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ട് അതിനെപ്പറ്റി പഠിക്കുന്നത്‌ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ഒരനുഭവമാണ്‌. യെഹൂദന്‍മാര്‍ അനേക നൂറ്റാണ്ടുകളായി കൊണ്ടാടി വന്നിരുന്ന പെസഹാ പെരുന്നാളിനോടനുബന്ധിച്ച്‌ താന്‍ ഒറ്റി കൊടുക്കപ്പെട്ട അന്നു രാത്രിയിലാണ്‌ നാം ഇന്നു വരെ ആചരിക്കുന്ന ഈ പുതിയ കൂട്ടായ്മയുടെ അത്താഴം കര്‍ത്താവു ഏര്‍പ്പെടുത്തിയത്‌. ക്രിസ്തീയ ആരാധനയുടെ ഏറ്റവും പ്രധാന ഒരു ഭാഗമാണിത്‌. തന്റെ മരണപുനരുദ്ധാനങ്ങളെ നമുക്ക്‌ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം തന്റെ മഹത്വ പ്രത്യക്ഷതയേയും മടങ്ങിവരവിനേയും തിരുവത്താഴം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

യെഹൂദന്‍മാരുടെ മത ആചാരങ്ങളില്‍ ഏറ്റവും വിശുദ്ധമായ ഒന്നായിരുന്നു പെസഹാ പെരുന്നാള്‍. മിസ്രയീമിന്റെ അടിമത്വത്തില്‍ നിന്ന് യിസ്രായേലിനെ വിടുവിക്കുവാന്‍ വേണ്ടി ദൈവം അയച്ച പത്താമത്തെ ബാധയായ കടിഞ്ഞൂല്‍ സംഹാരത്തില്‍ നിന്നും യിസ്രായേല്‍ ജനം സംരക്ഷിക്കപ്പെട്ടത്‌ അന്നു രാത്രി അറുക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം കട്ടിലക്കാലിന്‍മേലും കുറുമ്പടി മേലും തളിക്കപ്പെട്ടിരുന്നതിനാലാണ്‌. കുഞ്ഞാടിന്റെ മാംസം പുളിപ്പില്ലാത്ത അപ്പത്തോടു കൂടി അവര്‍ ആഹരിക്കുകയും ചെയ്തു. തലമുറ തലമുറയായി ഈ പെരുന്നാള്‍ കൊണ്ടാടണം എന്നത്‌ ദൈവത്തിന്റെ കല്‍പന ആയിരുന്നു. ഈ സംഭവത്തെപ്പറ്റി പുറ.12 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കര്‍ത്താവിന്റെ അന്ത്യ അത്താഴത്തില്‍ - അത്‌ ഒരു പെസഹാ രാത്രി ആയിരുന്നു - കര്‍ത്താവ്‌ അപ്പം എടുത്തു വാഴ്ത്തി തന്റെ ശിഷ്യന്‍മാര്‍ക്ക്‌ കൊടുത്തിട്ട്‌ ഇങ്ങനെ പറഞ്ഞു: "ഇത്‌ നിങ്ങള്‍്ക്കു വേണ്ടി നല്‍കുന്ന എന്റെ ശരീരം; എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവീന്‍ എന്നു പറഞ്ഞു. അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞ ശേഷം അവന്‍ പാനപാത്രവും കൊടുത്തു, ഈ പാനപാത്രം നിങ്ങള്‍്ക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു" (ലൂക്കോ.22:19-20). പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലിവുമലയ്ക്കു പോയതായി നാം വായിക്കുന്നു (മത്താ.26:30). താന്‍ മുന്‍പേ പറഞ്ഞിരുന്നതുപോലെ അവിടെ വച്ചാണ്‌ യൂദാ അവനെ ഒറ്റിക്കൊടുത്തത്‌. അടുത്ത ദിവസം അവന്‍ ക്രൂശിക്കപ്പെടുകയും ചെയ്തു.

കര്‍ത്താവ്‌ തിരുവത്താഴം ഏര്‍പ്പെടുത്തിയതിനെപ്പറ്റി നാം സുവിശേഷങ്ങളില്‍ വായിക്കുന്നു (മത്താ.26:26-29; മര്‍ക്കോ.14:17-25; ലൂക്കോ.22:7-22; യോഹ.13:21-30). അപ്പൊസ്തലനായ പൌലൊസ്‌ തിരുവത്താഴത്തെപ്പറ്റി 1കൊരി.11:23-29 ഉള്ള വാക്യങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. സുവിശേഷങ്ങളില്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഇവിടെ നാം വായിക്കുന്നു. "അതുകൊണ്ട്‌ അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്റെ പാത്രം കുടിക്കുകയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച്‌ കുറ്റക്കാരന്‍ ആകും. മനുഷന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടു വേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍ നിന്ന്‌ കുടിക്കുകയും ചെയ്യുവാന്‍" (1കൊരി്‌.11:27-29).

"അയോഗ്യമായി" പങ്കു കൊള്ളുക എന്നു പറഞ്ഞാല്‍ എന്തെന്ന് ചിന്തിച്ചേയ്ക്കാം. ഒരു പക്ഷെ അപ്പത്തിനും പാത്രത്തിനും അത്‌ അര്‍ഹിക്കുന്ന മതിപ്പു കൊടുക്കാതെ കര്‍ത്താവ്‌ അതിനു വേണ്ടി കൊടുത്ത ഭീമമായ വിലയെ മറന്ന് അതില്‍ പങ്കു ചേരുന്നതാകാം. അല്ലെങ്കില്‍ വെറും ഒരു ചടങ്ങാചാരം എന്ന നിലയ്ക്ക്‌ അതിനെ പരിഗണിക്കുന്നതിനേയോ, ഏറ്റുപറഞ്ഞ്‌ ഉപേക്ഷിക്കാത്ത പാപത്തോടു കൂടി അതില്‍ പങ്കു ചേരുന്നതിനേയോ ആകാം അയോഗ്യമായി പങ്കു കൊള്ളുക എന്ന വാക്കുകള്‍ കൊണ്ട്‌ പൌലൊസ്‌ അര്‍ത്ഥമാക്കിയത്‌. ഏതായാലും പൌലൊസ്‌ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കി തന്നെത്താന്‍ ശോധന ചെയ്തിട്ടു വേണം ഓരോരുത്തരും തിരുവത്താഴത്തില്‍ പങ്കു ചേരുവാന്‍.

സുവിശേഷങ്ങളില്‍ ഇല്ലാത്ത വേറൊരു കാര്യം പൌലൊസ്‌ പറഞ്ഞിരിക്കുന്നത്‌ ഇങ്ങനെയാണ്‌. "അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവ്‌ വരുവോളം അവനറെ മരണത്തെ പ്രസ്താവിക്കുന്നു" (1കൊരി.11:26). ഈ വാക്യത്തില്‍ കര്‍ത്താവു വരുവോളം എന്ന ഒരു സമയ പരിധി ഇതിന്‌ വെച്ചിരിക്കുന്നതായി കാണുന്നു. ഈ വേദഭാഗങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌ തന്റെ ശരീരത്തിന്റെയും തന്റെ രക്തത്തിന്റെയും നിഴലായി വെറും അപ്പവും മുന്തിരിച്ചാറും ഉപയോഗിച്ച്‌ കര്‍ത്താവ്‌ തന്റെ മരണത്തിന്‌ ഒരു സ്മാരകം ഉണ്ടാക്കിയിരിക്കുന്നു എന്നാണ്‌. ആ സ്മാരകം മാര്‍ബിളില്‍ കൊത്തിയതോ പിത്തളയില്‍ വാര്‍ത്തെടുത്തതോ ആയ ഒരു കൈപ്പണി അല്ല, വെറും അപ്പവും മുന്തിരിച്ചാറും കൊണ്ടുള്ള സ്മരണ മാത്രമായിരുന്നു അത്‌.

തകര്‍ക്കപ്പെട്ട തന്റെ ശരീരത്തെ അപ്പം ചൂണ്ടിക്കാണിക്കുന്നു എന്ന് അവന്‍ പ്രസ്താവിച്ചു. അവന്റെ അസ്ഥികള്‍ ഒന്നും ഒടിഞ്ഞുപോയിരുന്നില്ല. എങ്കിലും അവന്റെ ശരീരം തിരിച്ചറിയുവാന്‍ കഴിയാത്ത വിധത്തില്‍ ചിത്രവധം ചെയ്യപ്പെട്ടിരുന്നു (സങ്കീ.22:12-17; യെശ.53:4-7). അവന്‍ അനുഭവിച്ച ക്രൂര മരണത്തിന്റെ പ്രതീകമായ അവന്റെ രക്തത്തെ മുന്തിരിച്ചാറ്‌ ചൂണ്ടിക്കാട്ടുന്നു. പഴയനിയമ പ്രവാചകന്‍മാര്‍ വരുവാനിരിക്കുന്ന വീണ്ടെടുപ്പുകാരനെപ്പറ്റി പ്രവചിച്ചിരുന്ന അസംഖ്യം പ്രവചനങ്ങള്‍ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ നിറവേറ്റുകയാണുണ്ടായത്‌ (ഉല്‍പ.3:17; സങ്കീ.22; യെശ.53). "എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവീന്‍" എന്ന് അവന്‍ കല്‍പിച്ചപ്പോള്‍ ഭാവിയില്‍ നാം ചെയ്തുപോരേണ്ട ഒരു കര്‍മ്മമായി അവന്‍ അതിനെ ഏര്‍പ്പെടുത്തുക ആയിരുന്നു. പെസഹായ്ക്ക്‌ അറുക്കപ്പെട്ട കുഞ്ഞാടുകള്‍ ലോകത്തിന്റെ പാപത്തെ ചുമന്നൊഴിക്കുവാന്‍ പോകുന്ന ദൈവത്തിന്റെ കുഞ്ഞാടിനെ ചൂണ്ടിക്കാണിച്ചതു പോലെ തന്നെ, പെസഹാപ്പെരുനാള്‍ തിരുവത്താഴത്തിന്റെ നിഴലായിരുന്നു എന്നും സമര്‍ത്ഥിക്കപ്പെടുക ആയിരുന്നു. നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെട്ടതോടുകൂടി (1കൊരി.5:7) പഴയ നിയമം നിഷ്കാസനം ചെയ്യപ്പെട്ട്‌ പുതിയ നിയമം പ്രാബല്യത്തില്‍ വരിക ആയിരുന്നു (എബ്രാ.8:8-13). പഴയ നിയമ ബലികളും ആചാരങ്ങളും ഒന്നും ഇനിയും ആവശ്യമില്ലാതായിത്തീര്‍ന്നു (എബ്രാ.9:25-28). അങ്ങനെ, തിരുവത്താഴംഅവൻ നമുക്കായി ചെയ്തതിനെ ഓർമിക്കുന്നതിനോടൊപ്പം തന്നെ തന്റെ ബലിമരണം നിമിത്തം നമുക്കു ലഭിച്ച അനുഗ്രഹങ്ങളുടെ ആഘോഷവും ആയിരിക്കുന്നു.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

തിരുവത്താഴത്തിന്റെ പ്രാധാന്യം എന്താണ്‌?
© Copyright Got Questions Ministries