settings icon
share icon
ചോദ്യം

തന്റെ മരണ പുനരുദ്ധാനങ്ങള്‍ക്കിടയില്‍ യേശു നരകത്തില്‍ പോയോ?

ഉത്തരം


ഈ ചോദ്യത്തിനെപ്പറ്റി വളരെ ആശയക്കുഴപ്പങ്ങള്‍ നിലവിലുണ്ട്‌. തന്റെ ക്രൂശുമരണശേഷം യേശു നരകത്തിലേക്കിറങ്ങി എന്ന ആശയം നിലനില്‍കുവാന്‍ കാരണം അപ്പൊസ്തലന്‍മാരുടെ വിശ്വാസപ്രമാണം എന്ന്‌ അറിയപ്പെടുന്ന വിശ്വാസപ്രമാണത്തില്‍ "അവന്‍ നരകത്തിലേയ്ക്ക്‌ ഇറങ്ങി" എന്ന്‌ കാണുന്നുണ്ട്‌. ചില വേദഭാഗങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ ചിന്തിക്കാവുന്നതാണ്‌. ഈ വിഷയത്തെപ്പറ്റി പഠിക്കുമ്പോള്‍ മരണാനന്തര ജീവിതത്തെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്ന്‌ അറിഞ്ഞിരിക്കേണ്ടതാണ്‌. പഴയനിയമത്തില്‍ മരിച്ചവരുടെ സ്ഥലത്തെ "ഷിയോള്‍" എന്നാണ്‌ വിളിച്ചിരിക്കുന്നത്‌. ആ വാക്കിന്റെ അര്‍ത്ഥം "മരിച്ചവരുടെ സ്ഥലം" അഥവാ "പിരിഞ്ഞു പോയ ആത്മാക്കളുടെ സ്ഥലം" എന്നു മാത്രമാണ്‌. പുതിയ നിയമത്തില്‍ ആ സ്ഥലത്തെ "ഹെയ്ഡസ്" അഥവാ "മരിച്ചവരുടെ സ്ഥലം"എന്ന്‌ വിളിച്ചിരിക്കുന്നു. പുതിയ നിയമം പഠിക്കുമ്പോള്‍ അന്ത്യ ഉയർപ്പിനും, ന്യായവിധിക്കുമായി കാത്തിരിക്കുന്ന ആത്മാക്കളുടെ താല്‍കാലിക സ്ഥലമാണിത്‌ എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. വെളി.20:11-15 വാക്യങ്ങളില്‍ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിയിട്ടുണ്ട്‌. നരകം അഥവാ അഗ്നിക്കടല്‍ നശിച്ചുപോയവര്‍ നിത്യമായി വാസം ചെയ്യേണ്ട സ്ഥലമാണ്. പാതാളം ഒരു താല്‍കാലീക സ്ഥലമാണ്‌. പക്ഷെ അധികം ആളുകളും പാതാളവും, അഗ്നി നരകവും അഥവാ തീപ്പൊയ്കയും ഒന്നാണെന്ന് കരുതുന്നുണ്ട്. ഇത് പലരിലും സംശയത്തിന് കാരണമാകുന്നുണ്ട്.അതുകൊണ്ട്‌ യേശു നരകത്തില്‍ പോയില്ല മറിച്ചു അവൻ പാതാളത്തിലേക്കിറങ്ങി.

പാതാളം എന്ന്‌ തര്‍ജ്ജമ ചെയ്യാവുന്ന "ഷിയോള്‍" അഥവാ "ഹെയ്ഡസ്" രക്ഷിക്കപ്പനട്ടവര്‍ക്കും നശിച്ചു പോയവര്‍ക്കും തനിയായി ഇരിക്കത്തക്കവണ്ണം രണ്ടു ഭാഗങ്ങള്‍ ഉള്‍ക്കൊണ്ട സ്ഥലമാണ്‌ (മത്താ.11:23; 16:18; ലൂക്കോ.10:15; 16:23; അപ്പോ. 2:27-31). രക്ഷിക്കപ്പട്ടവര്‍ക്കു വേണ്ടിയുള്ള പാതാളത്തിന്റെ ഭാഗത്തെ 'പറുദീസ' എന്നോ 'അബ്രഹാമിന്റെ മടി' എന്നോ വിളിച്ചിരിക്കുന്നു. രക്ഷിക്കപെടാത്തവർക്കു വേണ്ടിയുള്ള ഭാഗത്തെ "നരകം" എന്നും വിളിക്കുന്നു (ലൂക്കോസ് 16 :23 ). ഇവ രണ്ടും തമ്മില്‍ "വലിയൊരു പിളര്‍പ്പി"നാല്‍ വേര്‍പിരിച്ചിരിക്കുന്നു എന്നും വായിക്കുന്നു (ലൂക്കോ.16:26). യേശു മരിച്ചപ്പോൾ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു അഥവാ പാതാളത്തിലേക്കു ഇറങ്ങി അവിടെ ഉണ്ടായിരുന്നവരെ അവനോടൊപ്പം കൊണ്ടുപോയി എന്ന്‌ വായിക്കുന്നു (എഫേ.4:8-10). പാതാളത്തിലെ രക്ഷിക്കപ്പെടാത്തവരുടെ സ്ഥലത്തിന്‌ ഒരു മാറ്റവും വന്നിട്ടില്ല. ഇന്നും അവിശ്വാസികളായി മരിക്കുന്നവര്‍ പാതാളത്തിന്റെ ഈ ഭാഗത്തേയ്ക്കു തന്നെയാണ്‌ പോകുന്നത്‌. അവിടെ അവര്‍ അന്ത്യ ന്യായവിധിക്കായി കാത്തിരിക്കുന്നു.

യേശു പാതാളത്തില്‍ അഥവാ "ഷിയോള്‍"/"ഹെയ്ഡസ്" ലേയ്ക്ക്‌ പോയോ? എഫേ.4:8-10; 1പത്രോ.3:18-20 എന്നീ വാക്യങ്ങള്‍ അവന്‍ അവിടെ പോയതായി പറയുന്നു. ക്രൂശുലെ കള്ളനോട്‌ "ഇന്ന്‌ നീ എന്നോടു കൂടെ പറുദീസയില്‍ ഇരിക്കും" എന്ന്‌ യേശു പറഞ്ഞു (ലൂകോ .23:43). മറിച്ചു "നമുക്ക് പാതാളത്തിൽവെച്ചു കാണാം" എന്ന് പറഞ്ഞില്ല. യേശുവിന്റെ ശരീരം കല്ലറയില്‍ ആയിരുന്നപ്പോള്‍ അവന്റെ ആത്മാവ്‌ പാതാളത്തിലെ പറുദീസിലേയ്ക്ക്‌ പോയി. അതു വരെ മരിച്ചു അവിടെ വിശ്രമിച്ചിരുന്ന വിശുദ്ധന്‍മാരുടെ ആത്മാക്കളെ അവന്‍ അവിടെ നിന്ന്‌ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകയും ചെയ്തു.

ചിലര്‍ കരുതുന്നത്‌ പാതാളത്തിലെ യാതനാസ്ഥലത്ത്‌ പാപത്തിന്റെ ശിക്ഷ സഹിക്കുവാനായി യേശു പോയി എന്നാണ്‌. എന്നാല്‍ ഇത്‌ തികച്ചും വേദപുസ്തകത്തില്‍ അടിസ്താനം ഇല്ലാത്ത ചിന്താഗതിയാണ്‌. ക്രിസ്തുവിന്റെ ക്രൂശുമരണമായിരുന്നു നമ്മുടെ വീണ്ടെടുപ്പിന്റെ അടിസ്ഥാനം. ചിന്തപ്പെട്ട അവന്റെ രക്തമാണ്‌ നമ്മുടെ പാപങ്ങളെ കഴുകുവാന്‍ പര്യാപ്തമായത്‌ (1യോഹ്‌.1:7-9). അവന്‍ ക്രൂശില്‍ തൂങ്ങിയപ്പോള് മാനവജാതിയുടെ മുഴുവന്‍ പാപ ഭാരം വഹിക്കുക ആയിരുന്നു. അവന്‍ നമുക്കായി പാപം ആക്കപ്പെട്ടു, "പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്‌ അവന്‍ നമുക്കു വേണ്ടി പാപം ആക്കി" (2കൊരി.5:21) എന്ന് വായിക്കുന്നു. ലോകത്തിന്റെ പാപത്തിന്റെ മുഴുവൻ ഭാരവും കാൽവറി ക്രൂശിൽ തന്റെമേൽ ഒഴിക്കപ്പെടാൻ പോകുന്നു എന്ന തിരിച്ചറിവായിരുന്നു ഗത്സമനെതോട്ടത്തിലെ അവന്റെ വ്യാകുലതക്ക് കാരണം.

യേശു മരണത്തോടടുത്തപ്പോൾ അവൻ "നിവർത്തിയായി" എന്ന്പറഞ്ഞു (യോഹന്നാൻ19:30). നമുക്കുവേണ്ടിയുള്ള അവന്റെ കഷ്ടപ്പാടുകൾ പൂർത്തിയായി. അവന്റെ ആത്മാവ് പാതാളത്തിലെ പറുദീസയിലേക്കു പോയി . അവൻ നരകത്തിലോ യാതനസ്ഥലത്തോ പോയില്ല.മരണത്തോടെ യേശുവിന്റെ യാതനകൾ അഥവാ കഷ്ടതകൾ അവസാനിച്ചു. പാപത്തിന്റെ ശമ്പളം അവൻ നൽകി. അതിനു ശേഷം തന്റെ ശരീരത്തിന്റെ പുനരുദ്ധാനത്തിനു വേണ്ടിയും, മഹത്വത്തിലേക്കു ചേർക്കപെടുവാനും കാത്തിരുന്നു.യേശു നരകത്തില്‍ പോയോ? ഇല്ല. അവന്‍ പാതാളത്തിലേയ്ക്ക്‌ ഇറങ്ങിച്ചെന്നോ? വാസ്തവത്തില്‍ അങ്ങനെ ചെയ്ക തന്നെ ചെയ്തു.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

തന്റെ മരണ പുനരുദ്ധാനങ്ങള്‍ക്കിടയില്‍ യേശു നരകത്തില്‍ പോയോ?
© Copyright Got Questions Ministries