settings icon
share icon
ചോദ്യം

ദൈവം എന്തുകൊണ്ടാണ് പഴയനിയമത്തിൽനിന്നും വ്യത്യസ്തനായി പുതിയനിയമത്തിൽ കാണപ്പെടുന്നത്?

ഉത്തരം


ദൈവത്തെപ്പറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും എന്താണ്‌ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്‌ എന്നതിനെപ്പറ്റി ശരിയായ ധാരണ ഇല്ലാത്തതു കൊണ്ടാണ്‌ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്‌. ഈ ചോദ്യം വേറെ രീതിയിലും അവതരിപ്പിക്കപ്പെടുന്നത്‌ "പഴയനിയമത്തില്‍ ദൈവം കോപാലുവും പുതിയ നിയമത്തില്‍ ദൈവം സ്നേഹനിധിയുമാണ്‌" എന്നു പറയുമ്പോഴാണ്‌. ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌ പടിപടിയായി താന്‍ ചരിത്രത്തിലും വ്യക്തികളുടെ ജീവിതത്തിലും പ്രവര്‍ത്തിച്ചതില്‍ കൂടെ ആയിരുന്നു എന്ന്‌ മനസ്സിലാക്കുമ്പോള്‍ ഇത്തരം തെറ്റിദ്ധാരണകള്‍ക്ക്‌ ഇടമില്ലാതെ പോകുന്നു. വാസ്തവത്തില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവത്തിന്റ്‌ സ്വഭാവത്തില്‍ ഒരു വ്യത്യാസവുമില്ല എന്ന കാര്യം ശ്രദ്ധിച്ചു പഠിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്‌. രണ്ടിടത്തും ദൈവത്ത്തിന്റെ ക്രോധവും ദൈവത്തിന്റെ സ്നേഹവും വ്യക്തമായി കാണവുന്നതാണ്‌.

ഉദ്ദാഹരണമായി പഴയ നിയമത്തില്‍ എവിടെ നോക്കിയാലും ദൈവത്തെ ചിത്രീകരിച്ചിരിക്കുന്നത്‌ " ... കരുണയും കൃപയുമുള്ളവന്‍, ദീര്‍ഘക്ഷമയും, മഹാദയയും, വിശ്വസ്തതയുമുള്ളവന്‍" എന്നാണ്‌ (പുറ.34:6; സംഖ്യ 14:18; ആവ.4:31; നെഹ.9:17; സങ്കീ.86:5; 108:4;145:8; യോവേ.2:13). പുതിയ നിയമത്തില്‍ ദൈവത്തിന്റെ ദയയും സ്നേഹവും പൂര്‍ണമായിവെളിപ്പെട്ടിരിക്കുന്നു എന്നു മാത്രം. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16). പഴയ നിയമത്തില്‍ ആദിയോടന്തം ദൈവം ഇസ്രായേലിനോട് ഇടപെടുന്നത് ഒരു അപ്പന്‍ തന്റെ മകനോട് ഇടപെടുന്നതുപോലെയാണ്. അവര്‍ അവനെതിരായി മനഃപ്പൂര്‍വം പാപം ചെയ്ത്‌ അന്യദൈവങ്ങളെ സേവിച്ചപ്പോള്‍ അവന്‍ അവരെ ശിക്ഷിച്ചു എന്നത്‌ ശരിയാണ്‌. എന്നാല്‍ അവര്‍ മാനസാന്തരപ്പെടുമ്പോളൊക്കെ അവന്‍ അവരെ വിടുവിക്കയും ചെയ്തിട്ടുണ്ട്. അങ്ങനെ തന്നെയാണല്ലോ പുതിയ നിയമത്തിലും ദൈവം തന്റെ മക്കളോട്‌ ഇടപെടുന്നത്‌. ഉദ്ദാഹരണമായി എബ്ര.12:6 നോക്കുക. "കര്‍ത്താവു താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. താന്‍ കൈക്കൊള്ളുന്ന ഏതു മകനേയും തല്ലുന്നു".

അതുപോലെ തന്നെ പഴയ നിയമത്തില്‍ ആദിയോടന്തം പാപത്തിന്‍ മേലുള്ള ദൈവീക ശിക്ഷ കാണുവാന്‍ കഴിയും. പുതിയ നിയമത്തിലും അത്‌ അങ്ങനെ തന്നെയാണ്‌. "അനീതികൊണ്ട്‌ സത്യത്തെ തടുക്കുന്ന മനുഷരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്ന് വെളിപ്പെടുന്നു" (റോമ.1:18). ഇങ്ങനെ കാര്യം വളരെ വ്യക്തമാണ്‌. പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവം വിഭിന്നനല്ല. ദൈവം പ്രകൃത്യാ മാറ്റമില്ലാത്തവനാണ്‌. വേദപുസ്തക വെളിപ്പാടില്‍ ഒരുപക്ഷെ ഒരു സ്ഥലത്ത്‌ മറ്റേ സ്ഥലത്തേക്കാള്‍ ഏതെങ്കിലും ഒന്നിനു ഊന്നല്‍ കൊടുത്തു എന്ന് വരാവുന്നതാണ്‌.എന്നാല്‍ അനാദിയും ശശ്വതനുമായ ദൈവം ഒരിക്കലും മാറ്റമില്ലാത്തവനാണ്‌.

വേദപുസ്തകം കൃത്യമായി പഠിക്കുമ്പോള്‍ വ്യക്തമാകുന്നത്‌ പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവം മാറ്റമില്ലാത്തവനായി കാണപ്പെടുന്നു എന്ന സത്യമാണ്‌. വേദപുസ്തകം 66 പുസ്തകങ്ങളുടെ ഒരു സമുച്ചയമാണ്‌. രണ്ടോ മൂന്നോ ഭൂഘണ്ഡങ്ങളിലിരുന്ന്‌ മൂന്നു ഭാഷകളില്‍ 1600 വർഷങ്ങൾക്കിടയിൽ 40 ഓളം ആളുകളാൽ എഴുതപ്പെട്ട വേദപുസ്തകം ആദിയോടന്തം വൈപരീത്യങ്ങള്‍ ഇല്ലാതെ ഒരേ പുസ്തകമായി കാണപ്പെടുന്നു. സ്നേഹനിധിയും കരുണാമൂര്‍ത്തിയും നീതിമാനുമായ ദൈവം പാപികളായ മനുഷരോട്‌ വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ ഇടപെടുന്നു എന്ന്‌ വേദപുസ്തകത്തില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാവുന്നതാണ്‌. വാസ്തവത്തില്‍ വേദപുസ്തകം, മാനവരാശിക്കു ദൈവം എഴുതിയ പ്രേമലേഖനമാണ്. വേദപുസ്തകത്തില്‍ ആദിയോടന്തം തന്റെ സൃഷിയോടുള്ള, പ്രത്യേകിച്ച്‌ മനുഷരോടുള്ള, ദൈവത്തിന്റെ അത്യന്ത സ്നേഹം പ്രകടമാണ്‌. അര്‍ഹതയില്ലാത്ത മനുഷനെ സ്നേഹനിധിയും,കാരുണ്യവാനും,ദയാലുവുമായ ദൈവം താനുമായി ഒരു പ്രത്യേക ബന്ധത്തിലേർപ്പെടുവാൻ ആഹ്വാനം ചെയ്യുന്നത് വേദപുസ്തകത്തിലുടനീളം കാണാൻ കഴിയും. എന്നാല്‍ തന്റെ വചനത്തെ തിരസ്കരിച്ച്‌ തന്നെ ആരാധിക്കാതെ തങ്ങളുടെ സൃഷ്ടികളെ ദൈവമായി ആരാധിക്കുന്നവരെ ശിക്ഷിക്കുന്ന നീതിമാനും,വിശുദ്ധനുമായ ഒരു ദൈവത്തെ വേദപുസ്തകത്തില്‍ ഉടനീളം നമുക്ക് കാണാൻ കഴിയും.

ദൈവം വിശുദ്ധനും നീതിമാനും ആയതുകൊണ്ട്‌ ഭൂത,വർത്തമാന, ഭാവി കാലങ്ങളിലെ എല്ലാ പാപങ്ങളും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. പാപിയായ മനുഷ്യനെ ദൈവത്തോട് നിരപ്പിച്ചു ദൈവകോപത്തിൽനിന്നു രക്ഷനേടുവാൻ അളവില്ലാത്ത തന്റെ സ്നേഹത്താൽ പാപത്തിനു പ്രായശ്ചിത്തം ചെയ്തു. 1യോഹ.4:10 മുതലായ വാക്യങ്ങളില്‍ നിന്ന്‌ ഈ കാര്യം വളരെ വ്യക്തമാണ്‌. "നാം ദൈവത്തെ സ്നേഹിച്ചതല്ല, അവന്‍ നമ്മെ സ്നേഹിച്ച്‌ തന്റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമാകുവാന്‍ അയച്ചതു തന്നെ സാക്ഷാല്‍ സ്നേഹം ആകുന്നു". പഴയ നിയമത്തില്‍ പാപപരിഹാരത്തിനായി ഒരു യാഗ പരമ്പരയെ ദൈവം ഏര്‍പ്പെടുത്തിക്കൊടുത്തു. അത്‌ ദൈവം മുന്നിയമിച്ചിരുന്നതും ഭാവിയില്‍ സംഭവിക്കുവാന്‍ ഉള്ളതുമായിരുന്ന ക്രിസ്തുവിന്റെ പരമ യാഗത്തിന്റെ നിഴല്‍ മാത്രമായിരുന്നു. പഴയ നിയമത്തില്‍ ഉടനീളം വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന രഷിതാവു പുതിയ നിയമത്തില്‍ വെളിപ്പെട്ടു വന്നു. ദൈവസ്നേഹത്തിന്റെ പ്രതീകമായിരുന്ന തന്റെ ഓമന കുമാരനെ ഈ ലോകത്തില്‍ അയച്ച്‌ മാനവരാശിക്ക്‌ സാധിപ്പിക്കേണ്ടിയിരുന്ന വീണ്ടെടുപ്പ്‌ പൂര്‍ണ്ണമായി നിറവേറിയത്‌ പുതിയ നിയമത്തിലാണ്‌. പഴയ നിയമവും പുതിയ നിയമവും എഴുതപ്പെട്ടത്‌ നമ്മെ "രക്ഷയ്ക്കു ജ്ഞാനികള്‍ ആക്കുവാന്‍" (2തിമോ.3:15) വേണ്ടി ആയിരുന്നു. പഴയതിനേയും പുതിയതിനേയും ശ്രദ്ധിച്ചു പഠിച്ചാല്‍ ദൈവം "ഗതിഭേദത്താലുള്ള ആഛാദനം" (യാക്കോ.1:17) ഇല്ലാത്തവനായി എന്നും നിലകൊള്ളുന്നു എന്ന്‌ വേദപുസ്തകത്തില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാവുന്നതാണ്‌.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ദൈവം എന്തുകൊണ്ടാണ് പഴയനിയമത്തിൽനിന്നും വ്യത്യസ്തനായി പുതിയനിയമത്തിൽ കാണപ്പെടുന്നത്?
© Copyright Got Questions Ministries