settings icon
share icon
ചോദ്യം

ക്രിസ്ത്യാനിത്വം എന്നാല്‍ എന്താണ്‌? ക്രിസ്ത്യാനികള്‍ എന്താണ്‌ വിശ്വസിക്കുന്നത്‌?

ഉത്തരം


1കൊരിന്ത്യർ.15:1-4 വരെ ഇങ്ങനെ വായിക്കുന്നു. "എന്നാല്‍ സഹോദരന്‍മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും, നിങ്ങള്‍ക്ക്‌ ലഭിച്ചതും, നിങ്ങൾ നിലനില്‍ക്കുന്നതും, നിങ്ങള്‍ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള്‍ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷീകരിച്ചിരിക്കുന്നു എന്ന്‌ നിങ്ങളെ ഓര്‍പ്പിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റു".

ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ്‌ ക്രിസ്ത്യാനികളുടെ വിശ്വാസം. മറ്റു മതങ്ങളില്‍നിന്ന്‌ ക്രിസ്ത്യാനിത്വം വിഭിന്നമാണ്‌; ക്രിസ്ത്യാനിത്വം ചില ചടങ്ങുകൾ നിറവേറ്റുകയല്ല, മറിച്ച്‌ അതൊരു ബന്ധമാണ്‌. "അതു ചെയ്യുക, ഇതു ചെയ്യരുത്‌"എന്ന ഒരു പട്ടിക അനുസരിച്ച്‌ ജീവിക്കുന്നതിനു പകരം, പിതാവായ ദൈവവുമായി അഭേദ്യമായ ബന്ധത്തില്‍ നടക്കുക എന്നതാണ്‌ ഒരു ക്രിസ്ത്യാനിയുടെ ലക്ഷ്യം. ദൈവവുമായി ഈ ബന്ധം സാധിക്കുന്നത്‌ ക്രിസ്തുവിന്റെ രക്ഷണ്യവേലയുടെ അടിസ്ഥാനത്തിലും വിശ്വാസിയുടെ ജീവിതത്തിലെ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയാലും ആണ്‌. വേദപുസ്തകം ദൈവശ്വാസീയമാണെന്നും അത്‌ അപ്രമാദമായ ദൈവവചനമാണെന്നും, ജീവിതത്തിനും ഭക്തിക്കും ആവശ്യമായതെല്ലാം അതിലുണ്ടെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു (2തിമോത്തിയോസ്.3:16; 2പത്രോസ്.1:20-21). പിതാവ്‌, പുത്രന്‍ (യേശു ക്രിസ്തു), പരിശുദ്ധാത്മാവ്‌ എന്ന മൂന്ന് ആളത്വങ്ങളില്‍ജീവിക്കുന്ന ഏക ദൈവത്തിൽ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.

ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന മറ്റൊരു കാര്യം ദൈവീക കൂട്ടായ്മക്കായി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പാപം നിമിത്തം അതു നഷ്ടമാക്കി എന്നതാണ്‌ (റോമർ.5:12; 3:23). പൂര്‍ണ്ണ ദൈവമായ യേശുക്രിസ്തു പൂര്‍ണ്ണ മനുഷ്യനായി ഈ ലോകത്തില്‍ വന്നു ക്രൂശില്‍ മരിച്ചു (ഫിലിപ്പ്യർ.2:.6-11). മരിച്ചടക്കപ്പെട്ട ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്ത്‌ നമുക്കായി പക്ഷവാദം ചെയ്തു കൊണ്ടിരിക്കുന്നു എന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു (എബ്രായർ.7:25). ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ മാനവരാശിയുടെ പാപത്തിന്‌ പരിഹാരമായെന്നും ക്രിസ്തുവില്‍ കൂടെ ദൈവീക ബന്ധം പുനഃസ്ഥാപിക്കുവാന്‍ കഴിയുമെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു (എബ്രായർ. 9:9-11; 10:10; റോമർ. 6:23; 5:8).

രക്ഷിക്കപ്പെടുവാന്‍ ഒരുവന്‍ തന്റെ മുഴു വിശ്വാസവും ക്രിസ്തുവിന്റെ രക്ഷണ്യവേലയില്‍ അര്‍പ്പിച്ചാൽ മാത്രം മതി എന്നും ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. എന്റെ പാപപരിഹാരത്തിനായിട്ടാണ്‌ ക്രിസ്തുമരിച്ചുയിര്‍ത്തതെന്ന് വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷ കരസ്ഥമാകും. യാതൊരു പുണ്യപ്രവര്‍ത്തി കൊണ്ടും ഒരു മനുഷനും രക്ഷ കൈവശമാക്കുവാന്‍ സാധിക്കയില്ല. നാം പാപികളായിരിക്കുന്നതുകൊണ്ട്‌ ഒരു മനുഷനും ദൈവസന്നിധിയിൽ നീതിമാനായിരിക്കുവാനും സാധിക്കയില്ല (യെശയ്യാവ്.64:6-7; 53:6). മാത്രമല്ല, ക്രിസ്തു രക്ഷണ്യവേല പൂര്‍ണ്ണമായി നിറവേറ്റിയതുകൊണ്ട്‌, ഇനിയും ആരും ഒന്നും ചെയ്യേണ്ട ആവശ്യവുമില്ല. ക്രിസ്തുവിന്റെ ക്രൂശിലെ അവസാനത്തെ വാക്കുകള്‍ "സകലവും നിവൃത്തിയായി" എന്നായിരുന്നു (യോഹന്നാൻ.19:30).

രക്ഷിക്കപ്പെടുവാന്‍ നമുക്ക്‌ ഒന്നും ചെയ്യുവാൻ കഴിയാത്തതു പോലെതന്നേ, ഒരിക്കല്‍ ക്രിസ്തുവിന്റെ ക്രൂശില്‍ ശരണപ്പെട്ട്‌ തന്നിൽ ആശ്രയിച്ച ഒരുവ്യക്തിയുടെ രക്ഷ നഷ്ടപ്പെടുത്തുവാനും ആര്‍ക്കും ഒന്നും ചെയ്യുവാൻ സാധിക്കയില്ല. രക്ഷയോടുള്ള ബന്ധത്തില്‍ ചെയ്യേണ്ടതെല്ലാം ക്രിസ്തു ചെയ്തുതീര്‍ത്തു എന്ന് നാം മറക്കരുത്‌. രക്ഷയെ സംബന്ധിച്ചിടത്തോളം അത്‌ സ്വീകരിക്കുന്ന ആളിന്റെ പ്രവര്‍ത്തികളുമായി അതിനു യാതൊരു ബന്ധവുമില്ല! യോഹന്നാൻ.10:27-29 ഇങ്ങനെ പറയുന്നു: "എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു; ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാന്‍ അവെക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കൈയ്യില്‍ നിന്ന് പിടിച്ചു പറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ്‌ എല്ലാവരിലും വലിയവന്‍; പിതാവിന്റെ കൈയ്യിൽ നിന്ന് പിടിച്ചുപറിപ്പാൻ ആര്‍ക്കും കഴികയില്ല".

ഒരു പക്ഷേ ആരെങ്കിലും ഇങ്ങനെ ചിന്തിച്ചേക്കാം. "ഇത്‌ നല്ലതായിരിക്കുന്നല്ലോ; ഒരിക്കല്‍ രക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ ഇഷ്ടം പോലെജീവിച്ചാലും രക്ഷ നഷ്ടപ്പെടുകയില്ലല്ലോ!" എന്ന്. എന്നാല്‍ രക്ഷ എന്നത്‌ തോന്നിയത് പോലെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം അല്ല. മറിച്ച്‌ രക്ഷ എന്നത്‌ പഴയ പാപ പ്രകൃതിയില്‍ നിന്നുള്ള വിടുതലും ദൈവീക ബന്ധം സ്ഥാപിക്കുന്നതിനുള്ള സ്വാതന്ത്ര്യവുമാണ്‌. ഒരു വിശ്വാസി ഈ ലോകത്തിൽ തന്റെ പാപ ജഡത്തിൽ ജീവിക്കുന്ന കാലത്തോളം പാപവുമായി നിരന്തര പോരാട്ടം ഉണ്ടായിരിക്കും.പാപത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്‌ ദൈവീക ബന്ധത്തില്‍ ജീവിക്കുവാൻ സാധിക്കുകയില്ല. ഒരു വിശ്വാസി പാപത്തില്‍ ജീവിച്ചാല്‍ ദൈവം ആഗ്രഹിക്കുന്ന കൂട്ടായ്മയില്‍ ദൈവത്തോടു കൂടെ ജീവിക്കുവാൻ അവന്‌ സാധിക്കുകയില്ല.എന്നാല്‍ പാപത്തിൻ മേൽ ജയജീവിതം ആഗ്രഹിക്കുന്ന ഒരു വിശ്വാസി തന്റെ അനുദിന ജീവിതത്തില്‍ ദൈവാത്മാവിന്റെ നിയന്ത്രണത്തില്‍ വേദപുസ്തക സത്യങ്ങൾ പഠിച്ച്‌ വിവിധ ജീവിതസാഹചര്യങ്ങളിൽ തന്നെത്താന്‍ ദൈവത്തിന്‌ കീഴ്പ്പെടുത്തുമെങ്കില്‍ പാപത്തിന്‍മേൽ ജയം ഉര്‍പ്പാക്കാം എന്നതില്‍സംശയമില്ല.

അതുകൊണ്ട്‌ മറ്റു മതസിദ്ധാന്തങ്ങൾ മനുഷ്യൻ എന്തു ചെയ്യണം എന്തുചെയ്യരുത്‌ എന്ന് പഠിപ്പിക്കുമ്പോൾ ക്രിസ്ത്യാനിത്വം മനുഷ്യന്‌ ദൈവവുമായി ഒരു ബന്ധത്തില്‍ എങ്ങനെ ഏര്‍പ്പെടാം എന്ന് പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ പാപപരിഹാര ബലിമരണത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട്‌ നിങ്ങള്‍ക്ക്‌ ദൈവവുമായി ഒരു ബന്ധത്തിലേക്ക്‌ കടന്നുവരാം. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശക്തിയുമായുള്ള നിരന്തര കൂട്ടായ്മയില്‍ നിങ്ങളുടെ പാപപ്രകൃതിയുടെ മേൽ നിങ്ങള്‍ക്ക്‌ ജയം വരിച്ച്‌ ദൈവത്തോടുള്ള അനുസരണത്തില്‍ ജയ ജീവിതം സ്വന്തമാക്കാം. ഇതാണ്‌ ബൈബിൾ പഠിപ്പിക്കുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനിത്വം.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രിസ്ത്യാനിത്വം എന്നാല്‍ എന്താണ്‌? ക്രിസ്ത്യാനികള്‍ എന്താണ്‌ വിശ്വസിക്കുന്നത്‌?
© Copyright Got Questions Ministries