settings icon
share icon
ചോദ്യം

ക്രിസ്തീയ പിതാക്കന്മാരെ പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?

ഉത്തരം


വേദപുസ്തകത്തിലെ ഏറ്റവും വലിയ കല്‍പന "മുഴുഹൃദയത്തോടും, മുഴു ആത്മാവോടും, മുഴു ശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കുക" എന്നതാണ്‌ (ആവർത്തനം6:5). ആ അദ്ധ്യായത്തിന്റെ രണ്ടാം വാക്യം ഇങ്ങനെയാണ്‌. "നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും ഞാന്‍ നിന്നോടു കല്‍പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാ ചട്ടങ്ങളും കല്‍പനകളും പ്രമാണിപ്പാൻ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിനും നീ ദീര്‍ഘായുസോടിരിക്കേണ്ടതിനുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക്‌ ഉപദേശിച്ചു തരുവാന്‍ കല്‍പിച്ചിട്ടുള്ള കല്‍പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു". അഞ്ചാം വാക്യത്തിനു ശേഷം ഇങ്ങനെ കാണുന്നു. "ഇന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തിൽ ഇരിക്കണം. നീ അവയെ നിന്റെ മക്കള്‍ക്ക്‌ ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴിക്കു നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അതിനെക്കുറിച്ച്‌ സംസാരിക്കയും വേണം" (ആവർത്തനം 6:6-7).

യിസ്രായേലിന്റെ ചരിത്രം പരിശോധിച്ചാല്‍ മക്കളുടെ ആത്മീയ ഉന്നമനത്തിനു പിതാക്കന്‍മാർ ചുമതല വഹിച്ചിരുന്നു എന്ന് കാണാവുന്നതാണ്‌. ദൈവകല്‍പന അനുസരിക്കണം എന്ന് ആഗ്രഹിച്ചിരുന്ന എല്ലാ അപ്പന്‍മാരും അങ്ങനെ ചെയ്തുവന്നു. സദൃശ്യവാക്യങ്ങൾ 22:6 ൽ ഇങ്ങനെ വായിക്കുന്നു. "ബാലന്‍ നടക്കേണ്ട വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അത്‌ വിട്ടുമാറുകയില്ല". "അഭ്യസിപ്പിക്ക" എന്ന വാക്ക്‌ മാതാപിതാക്കന്‍മാർ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നതിനെ കുറിക്കുന്നു; അതായത്‌, കുഞ്ഞുങ്ങളുടെ ആരംഭ ശിക്ഷണം. അവന്‍ എങ്ങനെ ഈ ലോകത്തിൽ ജീവിക്കണം എന്നത്‌ അവന്‌ മനസ്സിലാക്കിക്കൊടുക്കുവാനാണ്‌ ഈ ആരംഭ ശിക്ഷണം. ഈ രീതിയില്‍ ഒരു കുഞ്ഞിനെ അഭ്യസിപ്പിക്കേണ്ടത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌.

എഫെസ്യർ 6:4 ൽ പിതാക്കന്‍മാരോടുള്ള ഉപദേശം ചുരുക്കി ക്രീയാത്മമായും നിഷേധാത്മമായും ഇങ്ങനെ പറഞ്ഞിരിക്കുന്നു. "പിതാക്കന്‍മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ പത്ഥ്യോപദേശത്തിലും ബാലശിക്ഷയിലും പോറ്റി വളര്‍ത്തുവീന്‍". "കോപപ്പിക്കാതെ" എന്നു പറഞ്ഞാല്‍ പിതാക്കന്‍മാർ അവരുടെ അധികാരം ദുര്‍വിനിയോഗം ചെയ്യാതെ, പരമാര്‍ത്ഥതയിലും നീതിയിലും മക്കളെ വളര്‍ത്തണം എന്നാണ്‌ അര്‍ത്ഥം. മക്കളോട്‌ ക്രൂരമായും അനീതിയായും ഇടപെട്ടാല്‍ മക്കൾ തെറ്റായ വഴിയില്‍ പോകുവാൻ വഴി ഒരുക്കിക്കൊടുക്കയായിരിക്കും പിതാവ്‌ ചെയ്യുന്നത്‌. ബുദ്ധിയുള്ള പിതാവ്‌ ആകട്ടെ തന്റെ മക്കള്‍ തന്നെ അനുസരിക്കുന്നത്‌ പ്രായോഗീകവും പ്രയോജനവും ആണെന്ന കാര്യം സ്നേഹത്തോടും ദൃഡതയോടും കൂടെ മക്കളെ ധരിപ്പിക്കും.

എഫെസ്യർ 6:4 ലെ "കര്‍ത്താവിന്റെ ബാലശിക്ഷയിലും, പത്ഥ്യോപദേശത്തിലും പോറ്റിവളര്‍ത്തുക" എന്നത്‌ കുഞ്ഞുങ്ങളെ എങ്ങനെ പരിശീലിപ്പിക്കണം എന്നതിനെ വ്യക്തമാക്കിയിരിക്കയാണ്‌. അവര്‍ ശിക്ഷിക്കപ്പെടുകയും അതേസമയം വളര്‍ത്തപ്പെടുകയും വേണം. എങ്കിലേ അവര്‍ ഉത്തരവാദിത്വമുള്ള ഒരു യുവാവോ യുവതിയോ ആയിത്തീരുകയുള്ളു. അവരുടെ തെറ്റുകളേയും ചുമതലകളേയും അവര്‍ക്ക്‌ ഗൌരവത്തോടെ എന്നാല്‍ ശാന്തതയോടെ മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്‌.

വാസ്തവത്തില്‍ ഒരു ക്രിസ്തീയ പിതാവ്‌ ദൈവകരങ്ങളിലെ ഒരു ആയുധമാണ്‌. ദൈവം കൊടുത്തിരിക്കുന്ന കല്‍പനകളെ ലാഘവമായി എടുക്കാതെ എങ്ങനെ അവയെ മുഴുമനസ്സോടെ പിന്‍പറ്റണം എന്ന് മക്കളെ ധരിപ്പിക്കുക എന്ന ദൈവവേലയിൽ അവര്‍ ഏര്‍പ്പെട്ടിരിക്കയാണ്‌. ഒരിക്കലും സ്വന്ത ചട്ടതിട്ടങ്ങളല്ല മറിച്ച്‌ ദൈവത്തിന്റെ കല്‍പനകളാണ്‌ സംതൃപ്ത ജീവിതത്തിനു ആധാരം എന്നത്‌ മക്കളെ മനസ്സിലാക്കയാണ്‌ ഒരു പിതാവ്‌ ചെയ്യേണ്ടത്‌. അത്‌ സാധിച്ചെങ്കിൽ മാത്രമേ ശിക്ഷയിലും ഉപദേശത്തിലും പോറ്റിവളര്‍ത്തുക എന്നതിൽ ഒരു പിതാവ്‌ വിജയിക്കയുള്ളൂ.

മാര്‍ട്ടിൻ ലൂഥർ ഇങ്ങനെ പറഞ്ഞു. "കുട്ടി ശരിയായി ചെയ്യുന്നതിനെ അനുമോദിക്കുവാന്‍ കയ്യിൽ ഒരു വടിയോടു കൂടി ഒരു ആപ്പിളും ഉണ്ടായിരിക്കട്ടെ". വളരെ ശ്രദ്ധയോടും കരുതലോടും പ്രാര്‍ത്ഥനയോടും കൂടി മാത്രമേ ശിക്ഷണം നടപ്പിലാക്കുവാന്‍ പാടുള്ളൂ. പോറ്റിവളര്‍ത്തുക എന്നത്‌ ബാലശിക്ഷയും ദൈവവചനത്തിന്റെ പ്രബോധനവും ചേര്‍ന്ന് ചിട്ടയോടും പ്രോത്സാഹനത്തോടുംകൂടെ ചെയ്യേണ്ട കാര്യമാണ്‌. ദൈവത്തിന്റെ കല്‍പനകൾ ജീവിതത്തിൽ പ്രായോഗികമാക്കിയ പിതാവ്‌, മാതാവിന്റെ സഹകരണത്തോടുകൂടി കുഞ്ഞുങ്ങളെ ധരിപ്പിക്കയാണ്‌ വേണ്ടത്‌. ദൈവഭക്തിയും, മാതാപിതാക്കളോടുള്ള ബഹുമാനവും, ക്രിസ്തീയ മൂല്യങ്ങളോടുള്ള ആഴമായ കടപ്പാടും, ആത്മനിയന്ത്രണവും ഒരാള്‍ക്കുണ്ടാകണമെങ്കിൽ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കന്‍മാർ അതിനായി ശ്രമിക്കേണ്ടതാണ്‌.

"എല്ലാ തിരുവെഴുത്തും ദൈവ ശ്വാസീയമാകയാല്‍, ദൈവത്തിന്റെ മനുഷ്യൻ സകല സല്‍പ്രവര്‍ത്തിക്കും വക പ്രാപിച്ച്‌ തികഞ്ഞവൻ ആകേണ്ടതിനു ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും, നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളതും ആകുന്നു" (2 തിമോത്തിയോസ്.3:16-17). അതുകൊണ്ട്‌ ഒരു പിതാവിന്റെ പ്രഥമ കര്‍ത്തവ്യം മക്കളെ വചനത്തിൽ പരിശീലിപ്പിക്കുക എന്നതാണ്‌. ദൈവത്തിന്റെ വചനം മക്കളെ പഠിപ്പിക്കുന്ന രീതിയിൽ വ്യത്യാസം ഉണ്ടായേക്കാം. എന്നാല്‍ മക്കള്‍ മാതൃകയായി പിന്‍പറ്റത്തക്കവണ്ണം പിതാവ്‌ ദൈവവചനത്തെ അനുസരിക്കുമെങ്കിൽ മക്കളും അതേവഴിയിൽ തന്നെ പോകുവാനാണ് സാദ്ധ്യതകൾ കൂടുതൽ.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രിസ്തീയ പിതാക്കന്മാരെ പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?
© Copyright Got Questions Ministries