settings icon
share icon
ചോദ്യം

ക്രൈസ്തവർക്ക് വൈദ്യന്മാരുടെ അടുക്കൽ പോകാമോ?

ഉത്തരം


വിശ്വാസമില്ലായ്മ കൊണ്ടാണ് വൈദ്യന്മാരെ കാണുവാൻ പോകുന്നത് എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ക്രൈസ്തവർ ഉണ്ട്. വചന വിശ്വാസ ചലനത്തിൽ, വിശ്വാസം ഇല്ലായ്മ കൊണ്ടാണ് വൈദ്യന്മാരെ കാണുന്നത് എന്നും, അത് ദൈവീക സൗഖ്യം അനുഭവിക്കുന്നതിന് തടസ്സമാണെന്നും വിശ്വസിക്കുന്നു. ക്രിസ്തീയ ശാസ്ത്രം പോലെയുള്ള പ്രസ്ഥാനങ്ങൾ, വൈദ്യന്മാരുടെ സഹായം തേടുന്നത്, ദൈവം നമുക്ക് നൽകിയിരിക്കുന്ന ആത്മീയ ഊർജ്ജം നമ്മുടെ സൗഖ്യത്തിന് ഉപയോഗിക്കപ്പെടുന്നതിന് തടസ്സമാണെന്ന് വിശ്വസിക്കുന്നു. ഇങ്ങനെയുള്ള ചിന്താഗതികൾക്ക് ഒരു ന്യായവും ഇല്ല. നിങ്ങളുടെ കാറിന് ഒരു കേട് സംഭവിച്ചാൽ, ഒരു മെക്കാനിക്കിനെ കാണുമോ അതോ ദൈവം ഇറങ്ങി വന്ന് ശരിയാക്കുവാൻ കാത്തിരിക്കുമോ? നിങ്ങളുടെ വീട്ടിലെ പൈപ്പ് പൊട്ടിയാൽ പ്ലംബറിനെ വിളിക്കുമോ അതോ ദൈവം ഇറങ്ങി വന്ന് ശരിയാക്കുവാൻ കാത്തിരിക്കുമോ? ദൈവത്തിന് നമ്മുടെ ശരീരങ്ങളെ സുഖമാക്കുന്നത് പോലെ തന്നെ കാറും, പൈപ്പും ഒക്കെ ശരിയാക്കുവാൻ കഴിയും. ദൈവത്തിന് അദ്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിയും എന്ന് പറഞ്ഞ്, ഈ വക കാര്യങ്ങളെ കുറിച്ച് അറിവും കഴിവും ഉള്ളവരെ വിളിക്കാതെ ദൈവം പ്രവർത്തിക്കും എന്ന് പറഞ്ഞ് ഇരിക്കരുത്.

ദൈവ വചനത്തിൽ പല പ്രാവശ്യം വൈദ്യന്മാരെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യന്മാരുടെ അടുക്കൽ പോകരുത് എന്ന് വാദിക്കുവാൻ പറ്റിയ ഒരു വാക്യം ഉണ്ട്, 2 ദിനവൃത്താന്തം 16: 12. “ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.” ഇവിടെ വൈദ്യന്മാരെ അന്വേഷിച്ചതല്ല വിഷയം, മറിച്ച് “ആസാ യഹോവയെ അന്വേഷിച്ചില്ല.” നമ്മൾ വൈദ്യന്മാരുടെ അടുക്കൽ പോകുമ്പോൾ തന്നെ നമ്മുടെ വിശ്വാസം ദൈവത്തിൽ തന്നെ ആയിരിക്കണം, വൈദ്യനിലല്ല.

വൈദ്യ പരിശോധന തേടുന്നതിനെ കുറിച്ച് അനേക വാക്യങ്ങൾ വചനത്തിൽ ഉണ്ട്. മുറിവുകൾ കെട്ടുക (യെശയ്യാവ് 1: 6), എണ്ണ പൂശുക (യാക്കോബ് 5: 14), എണ്ണയും വീഞ്ഞും സേവിക്കുക (ലൂക്കോസ് 10: 34), ഇലകൾ മരുന്നാകും (യെഹെസ്കീയേൽ 47: 12), വീഞ്ഞ് സേവിക്കുക (1 തിമോത്തി 5: 23), ഗിലയാദിലെ തൈലം (യിരമ്യാവ് 8: 22). ഇതു കൂടാതെ പൗലോസ്, അപ്പൊസ്തൊല പ്രവർത്തികളും, ലൂക്കോസ് സുവിശേഷവും എഴുതിയ ലൂക്കോസിനെ “പ്രീയപ്പെട്ട വൈദ്യൻ” എന്നാണ് അഭിസംബോധനം ചെയ്തിരിക്കുന്നത്. (കൊലൊസ്സ്യർ 4: 14)

മർക്കോസ് 5: 25 -30 വരെയുള്ള വാക്യങ്ങളിൽ രക്തസ്രാവമുള്ള ഒരു സ്ത്രീയെ പറ്റി രേഖപ്പെടുത്തിയിരിക്കുന്നു. അവൾക്ക് ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ചിലവഴിച്ചിട്ടും ഒരു വൈദ്യന്മാർക്കും അവളിലെ അസുഖത്തെ ഭേദപ്പെടുത്തുവാൻ കഴിഞ്ഞില്ല. യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങലിൽ എങ്കിലും തൊട്ടാൽ അവൾക്ക് സൗഖ്യം വരും എന്ന് അവൾ വിശ്വസിച്ചു. അവൾ അങ്ങനെ ചെയ്തപ്പോൾ അവൾക്ക് സൗഖ്യം വന്നു. പാപികളുടെ കൂടെ എന്തുകൊണ്ടാണ് താൻ സമയം ചിലവഴിക്കുന്നത് എന്ന് പരീശന്മാർ യേശുവിനോട് ചോദിച്ചപ്പോൾ യേശു പറഞ്ഞ മറുപടി, “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.” എന്നായിരുന്നു. (മത്തായി 9: 12). ഈ വാക്യത്തിൽ നിന്ന് ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

1) വൈദ്യന്മാർ ദൈവമല്ല, അവരെ അങ്ങനെ കാണുകയും അരുത്. ചിലപ്പോൾ അവർ നമുക്ക് ഒരു സഹായം ആയിരിക്കും എന്നാൽ മറ്റു ചിലപ്പോൾ അവർ മൂലം നമുക്ക് പാഴ്ചിലവുകളും ആകാം.

2) വൈദ്യന്മാരുടെ അടുക്കൽ പോകരുത് എന്നും മരുന്നുകൾ കഴിക്കരുത് എന്നും വചനത്തിൽ പറഞ്ഞിട്ടില്ല. ചില ഘട്ടങ്ങളിൽ മരുന്ന് കഴിക്കുന്നതിനെ അനുകൂലിച്ചിട്ടുമുണ്ട്.

3) നമ്മുടെ അനാരോഗ്യത്തിന് ദൈവീക സഹായം നാം തേടണം. (യാക്കോബ് 4: 2; 5: 13) നമുക്ക് ഇഷ്ടമുള്ളത് പോലെ മറുപടി തരാം എന്നും അവൻ വാഗ്ദത്തം ചെയ്തിട്ടില്ല. (യെശയ്യാവ് 55: 8-9). എന്നാൽ ഒരു കാര്യം ഉറപ്പാണ്, അവൻ ചെയ്യുന്നത് എല്ലാം സ്നേഹത്തിലായിരിക്കും, അത് നമുക്ക് ഉത്തമമായതുമാണ്. (സങ്കീർത്തനം 145: 8-9)

ആയതിനാൽ, ക്രൈസ്തവർ വൈദ്യന്മാരുടെ സഹായം തേടണമോ? ദൈവം നമ്മെ ബുദ്ധിയുള്ളവരായാണ് സൃഷ്ടിച്ചിരിക്കുന്നത്. മരുന്നുകൾ ഉണ്ടാക്കുവാനും ശരീരങ്ങൾ ശരിപ്പെടുത്തുവാനുള്ള കഴിവുകളും മനുഷ്യന് നൽകിയിട്ടുണ്ട്. ശാരീരിക സുഖത്തിനായി ഈ കഴിവുകളും, അറിവുകളും ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല. ശാരീരിക സൗഖ്യവും വിടുതലും ലഭിക്കേണ്ടതിന് ദൈവം നമുക്ക് സഹായത്തിനായി തന്നിരിക്കുന്ന ദാനമാണ് വൈദ്യന്മാർ. അപ്പോൾ തന്നെ നമ്മുടെ വിശ്വാസവും ആശ്രയവും ദൈവത്തിൽ തന്നെ ആയിരിക്കണം, മരുന്നിലും, വൈദ്യന്മാരിലും അരുത്. എല്ലാ വിഷമ ഘട്ടത്തിലും ദൈവീക ജ്ഞാനം ചോദിച്ചാൽ തരാം എന്ന് വാഗ്ദത്തം ചെയ്ത ദൈവത്തിന്റെ മുഖം നാം അന്വേഷിക്കണം (യാക്കോബ് 1: 5).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രൈസ്തവർക്ക് വൈദ്യന്മാരുടെ അടുക്കൽ പോകാമോ?
© Copyright Got Questions Ministries