settings icon
share icon
ചോദ്യം

സത്യവേദപുസ്തകം ദൈവശ്വാസീയമാണ്‌ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണ്‌?

ഉത്തരം


വേദപുസ്തകം ദൈവശ്വാസീയമാണ്‌ എന്ന്‌ വേദപുസ്തകം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം, വേദപുസ്തകം എഴുതിയ ആളുകളെ ദൈവം അത്ഭുതമായി സ്വാധീനിച്ചതിന്റെ ഫലമായി ദൈവം ഉദ്ദേശിച്ച വാക്കുകള്‍ മാത്രം വേദപുസ്തകത്തില്‍ എഴുതുവാന്‍ അവര്‍ക്ക്‌ സാധിച്ചു എന്നാണ്‌. പ്രചോദനം (inspiration) എന്ന വാക്കിന്റെ വേദപുസ്തകത്തിലെ അര്‍ത്ഥം "ദൈവശ്വാസീയം" എന്നാണ്‌. ദൈവശ്വാസീയം എന്നു പറഞ്ഞാല്‍, മറ്റെല്ലാ പുസ്തകങ്ങളില്‍ നിന്നും വിഭിന്നമായി വാസ്തവത്തില്‍ ബൈബിള്‍ ദൈവത്തിന്റെ വചനം ആണെന്നും അതുകൊണ്ട്‌ വേദപുസ്തകം അതുല്യമാണ്‌ എന്നുമാണ്‌ അതിന്റെ അര്‍ത്ഥം.

ബൈബിളിന്റെ ദൈവശ്വാസീയതയുടെ വ്യാപ്തിയെപ്പറ്റി പല അഭിപ്രായങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും, വേദപുസ്തകം അവകാശപ്പെടുന്നത്‌ അതിന്റെ എല്ലാ ഭാഗത്തുമുള്ള ഓരോ വാക്കുകളും ദൈവശ്വാസീയം ആണ്‌ എന്നു തന്നെയാണ്‌ (1കൊരി.2:12-13; 2തിമോ.3:16,17). ഈ വാദഗതിക്ക്‌ "മുഴുവന്‍ വാക്കുകള്‍" നിശ്വാസീയത (verbal plenary inspiration) എന്നാണ്‌ അറിയപ്പെടുന്നത്‌. ഇതിന്റെ അര്‍ത്ഥം ബൈബിളിലെ വെറും ആശയങ്ങള്‍ മാത്രമല്ല മൂലഭാഷയിലുള്ള ഓരോ വാക്കുകള്‍ വരെ ദൈവശ്വാസീയമാണെന്നും, ബൈബിളിന്റെ എല്ലാഭാഗത്തുമുള്ള എല്ലാ വാക്കുകളും ദൈവനിയോഗത്താല്‍ എഴുതപ്പെട്ടവയാണെന്നും ആണ്‌. ചിലര്‍ വിശ്വസിക്കുന്നത്‌ ബൈബിളിലെ ആശയങ്ങള്‍ മാത്രം അല്ലെങ്കില്‍ ആത്മീയ ചിന്താഗതികള്‍ മാത്രം ദൈവശ്വാസീയമാണ്‌ എന്നാണ്‌. എന്നാല്‍ വേദപുസ്തകം അങ്ങനെ അല്ല പറയുന്നത്‌. ദൈവവചനത്തിലെ മുഴുവന്‍ വാക്കുകളും ദൈവശ്വാസീയം ആയിരിക്കേണ്ടത്‌ ദൈവവചനത്തിന്റെ അത്യാവശ്യ ഗുണമാണ്‌.

ദൈവശ്വാസീയതയുടെ വ്യാപ്തിയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്ന ഒരു വേദഭാഗം 2 തിമോ.3:16,17 ആണ്‌. അത്‌ ഇങ്ങനെയാണ്‌. "എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷന്‍ സകല സല്‍്പ്രവര്‍ത്തികള്‍്‌ക്കും വക പ്രാപിച്ച്‌ തികഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും, നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളത്‌ ആകുന്നു." എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്നും അത്‌ നമുക്കു പ്രയോജനമുള്ളത്‌ ആണെന്നും ഈ വാക്യം പറയുന്നു. വേദപുസ്തകത്തിലെ ആദ്ധ്യാത്മീക ചിന്തകള്‍ ഉള്ള ഭാഗങ്ങള്‍ മാത്രമല്ല, ഉല്‍പത്തി തുടങ്ങി വെളിപ്പാടു വരെയുള്ള സകല വേദഭാഗങ്ങളിലേയും എല്ലാ വാക്കുകളും ദൈവത്താല്‍ നിശ്വസിക്കപ്പെട്ടവ ആണ്‌. ദൈവവചനം ദൈവശ്വാസീയം ആയതുകൊണ്ട്‌ മനുഷനും ദൈവവുമായുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുവാനും, മറ്റു ഉപദേശങ്ങള്‍്‌ക്കും ബൈബിളിനു മാത്രം ആധികാരീകത ഉണ്ട്‌. മാത്രമല്ല മനുഷരെ രൂപാന്തരപ്പെടുത്തി അവരെ ദൈവത്തിന്റെ മുന്‍പില്‍ "പരിപൂര്‍ണ്ണരായി" നിര്‍ത്തുവാന്‍ ദൈവവചനത്തിന്‌ കഴിവുണ്ടെന്ന്‌ ബൈബിള്‍ തന്നെ അവകാശപ്പെടുന്നുമുണ്ട്‌. ഇതിനപ്പുറം നമുക്ക്‌ എന്താണ്‌ വേണ്ടത്‌?

തിരുവചനത്തിന്റെ ദൈവശ്വാസീയതയെപ്പറ്റി പറഞ്ഞിരിക്കുന്ന മറ്റൊരു വേദഭാഗം 2പത്രോ.1:21 ആണ്‌. അതിപ്രകാരം ആണ്‌. "പ്രവചനം ഒരിക്കലും മനുഷന്റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്‍പനയാല്‍ മനുഷര്‍ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട്‌ സംസാരിച്ചതത്രേ". വ്യത്യസ്ത ആളത്വങ്ങള്‍ ഉള്ളതും, വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചിരുന്നവരും വ്യത്യസ്ത രചനാശൈലി ഉള്ളവരുമായ മനുഷരെയാണ്‌ തന്റെ വചനം എഴുതുവാന്‍ ദൈവം ഉപയോഗിച്ചതെങ്കിലും, പരിശുദ്ധാത്മ നിയോഗത്താല്‍ അവര്‍ എഴുതിയത്‌ ദൈവത്തിന്റെ വാക്കുകള്‍ തന്നെ ആയിരുന്നു എന്ന്‌ ഈ വാക്യം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല തിരുവചനത്തിന്റെ എല്ലാ വാക്കുകളും ദൈവശ്വാസീയം ആയിരുന്നു എന്ന്‌ യേശുകര്‍ത്താവു തന്നെ പറഞ്ഞിട്ടുണ്ട്‌. "ഞാന്‍ ന്യായപ്രമാണത്തേയോ പ്രവാചകന്‍മാരേയോ നീക്കേണ്ടതിന്‌ വന്നു എന്ന്‌ നിങ്ങള്‍ നിരൂപിക്കരുത്‌. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രേ ഞാൻ വന്നത്‌. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവര്‍ത്തി ആകുവോളം ന്യായപ്രമാണത്തില്‍ നിന്ന്‌ ഒരു വള്ളി എങ്കിലും ഒരു പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല" (മത്താ.5:17-18). ന്യായപ്രമാണവും പ്രവാചകന്‍മാരുടെ പുസ്തകങ്ങളും ദൈവ വചനം ആയതു കൊണ്ടാണ് ഈ വാക്യങ്ങളില്‍ ദൈവവചനത്തിലെ ഓരോ വള്ളിയ്ക്കും ഓരോ പുള്ളിയ്ക്കും കര്‍ത്തവ്‌ പ്രാധാന്യം കൊടുത്ത്‌ അവയുടെ ആധികാരികത ഉറപ്പിക്കുകയും അവ ഒഴിഞ്ഞു പോകയില്ല എന്ന് പറഞ്ഞിരിക്കുന്നത്‌.

ബൈബിള്‍ ദൈവശ്വാസീയമായ തിരുവചനം ആയതുകൊണ്ട്‌ അത്‌ അപ്രമാദവും ആധികാരികത ഉള്ളതും ആണെന്ന് നമുക്കു ഉറപ്പായി വിശ്വസിക്കാം. ദൈവത്തെപ്പറ്റിയുള്ള നമ്മുടെ ശരിയായ വീക്ഷണം ദൈവവചനത്തെപ്പറ്റിയുള്ള ശരിയായ വീക്ഷണത്തിലേയ്ക്ക്‌ നമ്മെ നയിക്കുന്നു. ദൈവം സര്‍വശക്തനും, സര്‍വജ്ഞാനിയും, അപ്രമാദിത്വം ഉള്ളവനും ആയതുകൊണ്ട്‌ പ്രകൃത്യാ തന്നെ തന്റെ വചനത്തിനും ഇതേ ഗുണങ്ങള്‍ ഉണ്ടായിരിക്കും. ബൈബിള്‍ ദൈവശ്വാസീയമാണ്‌ എന്ന് പഠിപ്പിക്കുന്ന അതേ വേദഭാഗങ്ങള്‍ തന്നെ ബൈബിള്‍ അപ്രമാദവും ആധികാരികത ഉള്ളതും ആണെന്നു നമ്മെ പഠിപ്പുക്കുന്നു. സംശയലേശമെന്യെ, ബൈബിള്‍ അതുതന്നെ അവകാശപ്പെടുന്നതു പോലെ മനുഷവര്‍ഗ്ഗത്തിനു വേണ്ടി ദൈവത്താല്‍ നിശ്വസിക്കപ്പെട്ട അവന്റെ അപ്രമാദവും ആധികാരികത ഉള്ളതുമായ തിരുവചനം തന്നെയാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

സത്യവേദപുസ്തകം ദൈവശ്വാസീയമാണ്‌ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണ്‌?
© Copyright Got Questions Ministries