സത്യവേദപുസ്തകം വാസ്തവത്തിൽ ദൈവ വചനമാണോ?ചോദ്യം: സത്യവേദപുസ്തകം വാസ്തവത്തിൽ ദൈവ വചനമാണോ?

ഉത്തരം:
നാം വേദപുസ്തകത്തെ എങ്ങനെ വീക്ഷിക്കും എന്നും നമ്മുടെ ജീവിതത്തിൽ അത് എത്രമാത്രം പ്രധാനമാണെന്നും അറിയുവാൻ ഈ ചോദ്യത്തിനുള്ള ഉത്തരം ഉപകരിക്കും മാത്രമല്ല ഇത് നമ്മുടെ ജീവിതത്തിൽ നിത്യമായ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. വാസ്തവത്തിൽ വേദപുസ്തകം ദൈവവചനമാണെങ്കിൽ അതിനോടുള്ള നമ്മുടെ മനോഭാവം ദൈവത്തോടുള്ള മനോഭാവം തന്നേ ആയിരിക്കണം. അതിനെ തിരസ്കരിച്ചാൽ ദൈവത്തെ തിരസ്കരിക്കുന്നു എന്നു തന്നെയാണ്‌ അര്‍ത്ഥം. ബൈബിൾ ദൈവവചനമാണെങ്കിൽ നാം അതിനെ സ്നേഹിക്കണം, പഠിക്കണം, അനുസരിക്കണം, എല്ലാറ്റിലുമുപരി നാമതിൽ വിശ്വസിക്കണം.

ദൈവം തന്റെ വചനം നമുക്കു തന്നു എന്നത്‌ ദൈവത്തിന്‌ നമ്മോടുള്ള സ്നേഹത്തിന്റെ അടയാളമാണ്‌. "വെളിപ്പാട്‌" എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം തന്റെ സ്വഭാവത്തേയും മനുഷര്‍ക്ക്‌ തന്നോട്‌ എങ്ങനെ ശരിയായ ബന്ധത്തിലേക്ക്‌ വരുവാന്‍ കഴിയും എന്നതിനേപ്പറ്റിയും നമുക്ക്‌ മനസ്സിലാക്കിക്കൊടുത്തു എന്നാണ്‌. ദൈവം തന്റെ വചനത്തില്‍ ഇവ നമുക്ക്‌ വെളിപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ ഈ വക കാര്യങ്ങള്‍ നമുക്ക്‌ അറിയുവാന്‍ കഴിയുമായിരുന്നില്ല. 1500 വര്‍ഷങ്ങൾ കൊണ്ടാണ്‌ ദൈവത്തിന്റെ പൂര്‍ണ്ണ വെളിപ്പാട്‌ നമുക്ക്‌ ലഭിച്ചിരിക്കുന്നത്‌. അതില്‍ നമ്മുടെ വിശ്വാസത്തിനു ആവശ്യമായതെല്ലാം മാത്രമല്ല ദൈവത്തിന്‌ പ്രസാദമായി ഈ ഭൂമിയില്‍ ജീവിക്കുവാൻ ആവശ്യമുള്ളതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌. ബൈബിള്‍ ദൈവവചനമാണെങ്കില്‍ നമ്മുടെ ജീവിതത്തെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും സാന്‍മാര്‍ഗീകജീവിതത്തെപ്പറ്റിയുമുള്ള അവസാനത്തെ അധികാരശബ്ദമാണത്‌.

നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യം വേദപുസ്തകം വെറുമൊരു നല്ല പുസ്തകം എന്നതിലുമുപരി അത്‌ ദൈവവചനമാണ്‌ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം എന്നതാണ്‌. ഇതുവരെ എഴുതപ്പെട്ടിട്ടുള്ള മറ്റു ഏതു മത ഗ്രന്ഥത്തേക്കാളും വേദപുസ്തകത്തെ വ്യത്യസ്ഥമായി നിര്‍ത്തുന്ന ഘടകം ഏതാണ്‌? വേദപുസ്തകം ദൈവവചനം തന്നെയാണ്‌ എന്നതിന്‌ എന്തെങ്കിലും തെളിവുകൾ ഉണ്ടോ? വേദപുസ്തകം ദൈവവചനമാണ്‌, അത്‌ ദൈവശ്വാസീയമാണ്‌, ജീവിതത്തിനും വിശ്വാസത്തിനും ആവശ്യമായതെല്ലാം അതിലുണ്ട്‌ എന്ന്‌ വേദപുസ്തകം തന്നേ പറഞ്ഞിരിക്കുന്നത്‌ വാസ്തവമോ എന്ന്‌ മനസ്സിലാക്കുവാന്‍ ഇത്തരം ചോദ്യങ്ങളാണ്‌ നാം ഗൌരവമായി ആരാഞ്ഞു നോക്കേണ്ടത്‌.

വേദപുസ്തകം ദൈവവചനമാണ്‌ എന്ന്‌ വേദപുസ്തകം തന്നേ പറഞ്ഞിട്ടുണ്ട്‌ എന്നതിന്‌ ഒരു സംശയവുമില്ല. 2തിമോത്തിയോസ്.3:14-17 ൽ ഈ കാര്യം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. "...യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷക്ക്‌ ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ...പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യൻ സകല സല്‍പ്രവര്‍ത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്‌ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത്‌ ആകുന്നു".

ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കണമെങ്കിൽ വേദപുസ്തകത്തിന്റെ ഉള്ളിലും വെളിയിലുമുള്ള തെളിവുകള്‍ നാം പരിശോധിക്കേണ്ടതാണ്‌. ഉള്ളിലെ തെളിവുകള്‍ എന്നത്‌ വേദപുസ്തകം തന്നേ അതിനേപ്പറ്റി എന്തു പറഞ്ഞിരിക്കുന്നു എന്ന്‌ പരിശോധിക്കുകയാണ്‌. വേദപുസ്തകം വാസ്തവത്തിൽ ദൈവ വചനം ആണ്‌ എന്നതിന്റെ ആന്തരീക തെളിവുകളില്‍ ആദ്യത്തേത്‌ വേദപുസ്തകത്തിന്റെ ഏകത്വം ആണ്‌. ഏകദേശം ആയിരത്തി അഞ്ഞൂറു വര്‍ഷങ്ങൾ കൊണ്ട്‌ മൂന്നു ഭൂഘണ്ഢങ്ങളില്‍ ഇരുന്ന്‌, മൂന്നു ഭാഷകളില്‍, പല ജീവിതസാഹചര്യങ്ങളിൽ ജീവിച്ചിരുന്ന നാല്‍പതോളം എഴുത്തുകാരാല്‍ എഴുതപ്പെട്ട 66 പുസ്തകങ്ങളുടെ ഒരു സമുച്ചയം ആണെങ്കിലും അവയില്‍ ഒന്നിനോട്‌ ഒന്ന്‌ യോജിക്കാത്ത ഒന്നുമില്ലാതെ വേദപുസ്തകം ആദിമുതല്‍ അവസാനം വരെ ഒരേ വിഷയം കൈകാര്യം ചെയ്യുന്ന ഒരേ ഗ്രന്ഥമായി കാണപ്പെടുന്നു. ഇങ്ങനെ വേറൊരു പുസ്തകം ലോകത്തില്‍ എവിടേയും ഇല്ലല്ലോ. ഈ ഏകത്വം വേദപുസ്തകത്തിന്റെ ദൈവനിശ്വാസീകതയുടെ ഏറ്റവും വലിയ തെളിവാണ്‌. ദൈവാത്മാവിനാല്‍ നടത്തപ്പെട്ട ഓരോ എഴുത്തുകാരും വാസ്തവത്തില്‍ ദൈവത്തിന്റെ തന്നേ വാക്കുകള്‍ എഴുതുക ആയിരുന്നു.

ആന്തരീക തെളിവുകളില്‍ മറ്റൊന്ന്‌ വേദപുസ്തകത്തിൽ ഉടനീളം കാണുന്ന പ്രവചനങ്ങളുടെ നിറവേറലാണ്‌. വേദപുസ്തകത്തില്‍ ഇസ്രായേൽ ഉള്‍പ്പെടെയുള്ള പല ലോകരാഷ്ട്രങ്ങളെപ്പറ്റിയും പല പട്ടണങ്ങളെപ്പറ്റിയും മാത്രമല്ല, ലോകജനതയുടെ ഭാവിയേപ്പറ്റിയും, തന്നില്‍ വിശ്വസിക്കുന്ന ഏവരേയും രക്ഷിക്കുവാനിരിക്കുന്ന ലോകരക്ഷകനായി വരുവാനിരുന്ന യിസ്രായേലിന്റെ മശിഹായേക്കുറിച്ചും ദീര്‍ഘമായ പ്രവചനങ്ങൾ ഉണ്ട്‌. മറ്റു ചില പുസ്തകങ്ങളില്‍ കാണുന്ന ചില പ്രവചനങ്ങളെപ്പോലെ വേദപുസ്തക പ്രവചനങ്ങൾ ഒരിക്കലും നിറവേറാതെ ഇരുന്നിട്ടില്ല, ഇരിക്കയുമില്ല എന്നത്‌ വേദപുസ്തക പ്രവചനങ്ങളുടെ ആധികാരികത തെളിയിക്കുന്നു. പഴയനിയമത്തില്‍ മാത്രം ക്രിസ്തുവിനെപ്പറ്റി മുന്നൂറോളം പ്രവചനങ്ങളുണ്ട്‌. ക്രിസ്തു ഏതു കുടുംബത്തില്‍, ഏതു സ്ഥലത്ത്‌ എപ്പോൾ ജനിക്കുമെന്നും, തന്റെ ജീവിത മരണ പുനരുദ്ധാനങ്ങളെപ്പറ്റിയുമുള്ള മറ്റു വ്യക്തമായ പ്രവചനങ്ങളും വേദപുസ്തകത്തില്‍ കാണുവാൻ കഴിയും. ഈ പ്രവചനങ്ങളും അവയുടെ നിവര്‍ത്തിയും തെളിയിക്കുന്നത്‌ വേദപുസ്തകത്തിന്റെ ദൈവനിശ്വാസികത അല്ലാതെ മറ്റൊന്നല്ല. വേറൊരു പുസ്തകത്തിനും ഇത്രയുമധികം നിറവേറിയ പ്രവചനങ്ങളുടെ പരമ്പര നിരത്തിവയ്കുവാന്‍ സാധിക്കയില്ല.

വേദപുസ്തകത്തിന്റെ അതുല്യ അധികാരവും അതിന്റെ ഉള്‍ക്കരുത്തും വേദപുസ്തകം ദൈവവചനമാണെന്ന്‌ തെളിയിക്കുന്നു. ഇതാണ്‌ മൂന്നാമത്തെ ആന്തരീക തെളിവ്‌. വേദപുസ്തകം വായിക്കുന്ന ആളുകളില്‍ ഈ പുസ്തകം പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത മാറ്റങ്ങളാണ്‌ വരുത്തുന്നത്‌. ആദ്യത്തെ രണ്ടു തെളിവുകളേപ്പോലെ അല്ലെങ്കിലും ഇതും വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ഇതുവരെ എഴുതപ്പെട്ടിട്ടുള്ള മറ്റ്‌ ഏതു പുസ്തകങ്ങളേക്കാളും അനുവാചകരെ രൂപാന്തരപ്പെടുത്തുവാനുള്ള വേദപുസ്തകത്തിന്റെ അധികാരം ഈ പുസ്തകത്തെ അതുല്യമാക്കുന്നു. കണക്കില്ലാത്ത ആളുകളുടെ ജീവിതങ്ങളെ വേദപുസ്തകം രൂപാന്തരപ്പെടുത്തിയിട്ടുണ്ട്‌. മയക്കുമരുന്നിന്റെ ആധിക്യത്തില്‍ നിന്നും, സ്വവര്‍ഗ്ഗഭോഗാസക്തിയിൽ നിന്നും, പാപവഴികളുടെ അഗാധത്തില്‍ നിന്നും അനേകരെ വേദപുസ്തകം വിടുവിച്ചിട്ടുണ്ട്‌. ഹൃദയം കഠിനപ്പെട്ട ക്രൂരന്‍മരെ മനുഷസ്നേഹികളാക്കിത്തീര്‍ത്തിട്ടുണ്ട്‌. പാപികളെ രൂപാന്തരപ്പെടുത്തുവാനുള്ള ഈ അതുല്യ ശക്തി വേദപുസ്തകത്തിനുള്ളതിന്റെ കാരണം ഇത്‌ ദൈവവചനമായതുകൊണ്ടാണ്‌.

മേല്‍പ്പറഞ്ഞ ആന്തരീക തെളിവുകളെ കൂടാതെ വിശുദ്ധ വേദപുസ്തകം യഥാര്‍ത്ഥത്തിൽ ദൈവവചനമാണെന്നുള്ളതിന്‌ വേറെ ബാഹ്യമായ തെളിവുകളും നമുക്കുണ്ട്‌. അതില്‍ ഒന്ന് വേദപുസ്തകത്തിന്റെ ചാരിത്രീകതയാണ്‌. മറ്റേതു ചരിത്രസംഭവങ്ങളേയും പോലെ വേദപുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന ചരിത്ര സംഭവങ്ങളും വസ്തുനിഷ്ടമാണെന്ന് നമുക്ക്‌ ആരാഞ്ഞറിയാവുന്നതാണ്‌. പുരാവസ്തു ഗവേഷകരും, ചരിത്ര ഗവേഷകരും പല ആവര്‍ത്തി ബൈബിളിന്റെ ചാരിത്രീകത ശരിവച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ ഇത്ര അധികം കൈയ്യഴുത്തുപ്രതികളും ഇത്ര അധികം ചരിത്ര അംഗീകാരവും ഉള്ള വേറൊരു പുരാതന പുസ്തകവും ലോകത്തിൽ ഇല്ല എന്നത്‌ നിസ്തര്‍ക്കമാണ്‌. വേദപുസ്തകം ദൈവവചനമാണെന്നുള്ളതിന്റെ ഒരു തെളിവാണ്‌ ഇതിന്റെ ചരിത്ര യാഥാര്‍ത്ഥ്യം.

വേദപുസ്തകം ദൈവവചനമാണ്‌ എന്നതിന്റെ ബാഹ്യ തെളിവുകളിൽ അടുത്തത്‌ ഈ പുസ്തകം എഴുതുവാന്‍ ദൈവം ഉപയോഗിച്ച ആളുകളുടെ ആത്മാര്‍ത്ഥതയാണ്‌. ആരംഭത്തിൽ ഓര്‍ത്തതു പോലെ ഈ പുസ്തകം എഴുതുവാൻ ദൈവം ഉപയോഗിച്ചത്‌ വിവിധ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യരേയാണ്‌. അവരുടെ ജീവിതങ്ങളെ നാം പഠിക്കുമ്പോള്‍ അവരെല്ലാവരും സത്യസന്തരും ആത്മാര്‍ത്ഥത ഉള്ളവരും ആയിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്‌. പലപ്പോഴും അവര്‍ മനസ്സിലാക്കിയിരുന്ന സത്യങ്ങള്‍ക്കായി മരിക്കുവാൻ തന്നെ അവർ തയ്യാറായിരുന്നു. പലരും അവര്‍ അറിഞ്ഞ സത്യങ്ങള്‍ക്കായി ക്രൂരമരണമാണ്‌ വരിച്ചത്‌. ദൈവം അവരോട്‌ വ്യക്തിപരമായി ഇടപെട്ടിരുന്നു എന്ന് അവര്‍ വാസ്തവത്തില്‍ വിശ്വസിച്ചു. പുതിയനിയമ എഴുത്തുകാര്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരില്‍ കണ്ടവരായിരുന്നു. ആ ദര്‍ശനം അവരുടെ ജീവിതത്തിൽ വരുത്തിയ മാറ്റം അവര്‍ണ്ണനീയമായിരുന്നു. ഒരിക്കല്‍ ഭയത്താൽ പതുങ്ങി ഇരുന്നവർ പിന്നീട്‌ അതേ സത്യത്തിനുവേണ്ടി ജീവൻ കൊടുക്കുവാന്‍ തയ്യാറായത്‌ ഈ ദൈവീക ദര്‍ശനമായിരുന്നു. അവരുടെ ജീവിതവും മരണവും ബൈബിൾ ദൈവവചനമാണെന്ന് തെളിയിക്കുന്നു.

ബൈബിള്‍ ദൈവവചനമാണെന്നതിന്റെ അടുത്ത ബാഹ്യ തെളിവ്‌ ബൈബിളിന്റെ അനശ്വരതയാണ്‌. ബൈബിള്‍ വേദപുസ്തകമാണ്‌ എന്ന് ബൈബിൾ തന്നേ പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട്‌ മറ്റേതു പുസ്തകങ്ങളേക്കാളും അധികം ശത്രുക്കള്‍ ബൈബിളിനുണ്ടായി എന്ന് ചരിത്രം തെളിയിക്കുന്നു. പുരാതന റോമാ ചക്രവര്‍ത്തിമാരായ ഡയക്ലീഷന്‍ തുടങ്ങിയ ചക്രവര്‍ത്തിമാരും, ആധുനീക യുഗത്തിലെ കമ്യൂണിസ്റ്റ്‌ ഏകാധിപതികളും എന്നുവേണ്ട ഇന്നത്തെ നിരീശ്വരവാദികളും ഇതിനെതിരായി ആഞ്ഞടിച്ചിട്ടുണ്ടെങ്കിലും അവയെയെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട്‌ ബൈബിള്‍ ഇന്നും ലോകവിപണിയിൽ മുന്‍പന്തിയിൽ തന്നേ നിലകൊള്ളുന്നു. ഇതിനേക്കാള്‍ അധികം വിറ്റഴിയുന്ന വേറൊരു പുസ്തകം ലോകത്തില്‍ ഇന്നില്ല എന്നത്‌ ഒരു നഗ്നസത്യം തന്നെയാണ്.

വേദപുസ്തകത്തിലെ കഥകള്‍ എല്ലാം വെറും കെട്ടുകഥകൾ ആണെന്ന്‌ കാലമത്രയും അവിശ്വാസികള്‍ പരിഗണിച്ചിരുന്നു. എന്നാല്‍ പുരാവസ്തുഗവേഷണം അവയൊക്കെ ചരിത്രമായിരുന്നു എന്ന്‌ തെളിയിച്ചിട്ടുണ്ട്‌. ഇതിലെ ഉപദേശങ്ങള്‍ പുരാതനവും കാലഹരണപ്പെട്ടതും ആണെന്ന്‌ ശത്രുക്കൾ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും, ലോകത്തെമ്പാടുമുള്ള സമുദായങ്ങളേയും കലാചാരങ്ങളേയും ഈ പുസ്തകത്തിലെ ആശയങ്ങളും ഉപദേശങ്ങളും ക്രീയാത്മകമായി സാരമായി സ്വാധീനിച്ചിട്ടുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല. ഇന്നും ഇതിനെതിരായി ശാസ്ത്ര പഠനവും, മനശ്ശാസ്ത്രവും, രാഷ്ട്രീയ പ്രസ്താനങ്ങളും യുദ്ധ പ്രഖ്യാപനങ്ങള്‍ നടത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, വേദപുസ്തകം എഴുതപ്പെട്ട കാലത്ത്‌ അതിനുണ്ടായിരുന്ന ആനുകാലികത ഇന്നും അതിനുണ്ട്‌ എന്നത്‌ നിസ്തര്‍ക്കമാണ്‌. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നിരവധി ജീവിതങ്ങളേയും കലാചാരങ്ങളേയും രൂപന്തരപ്പെടുത്തിയിട്ടുള്ള പുസ്തകമാണിത്‌. വേദപുസ്തകത്തിന്റെ ശത്രുക്കള്‍ ഏതെല്ലാം രീതിയില്‍ അതിനെ നശിപ്പിച്ച്‌ അത്‌ പ്രയോജനരഹിതമാണെന്ന് തെളിയിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും ഇന്നും അതിന്റെ ആധികാരികതയും ആനുകാലികതയും അല്‍പം പോലും കുറച്ചുകളയുവാൻ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

വേദപുസ്തകം ദൈവത്തിന്റെ വചനമാണ്‌ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ അതിന്റെ ശത്രുക്കളുടെ പരാജയം എന്ന് പറയാതിരിക്കുവാൻ തരമില്ല. ആരൊക്കെ എങ്ങനെയൊക്കെ അതിനെതിരായി വര്‍ത്തിച്ചാലും വേദപുസ്തകം അതിനെയെല്ലം അതിജീവിച്ച്‌ മാറ്റമില്ലാത്ത അതുല്യമായ ദൈവവചനമായി എന്നേക്കും നിലനില്‍ക്കും എന്നതിന്‌ രണ്ടു പക്ഷമില്ല. അതല്ലേ യേശുകര്‍ത്താവ്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌: "ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും; എന്റെ വചനമോ എന്നെന്നേക്കും നിലനില്‍കും" (മര്‍ക്കോസ്.13:31). "വാസ്തവത്തില്‍ സത്യവേദപുസ്തകം ദൈവവചനം തന്നെയാണ്‌" എന്ന്‌ ഈ വക തെളിവുകളെ വ്യക്തമായി പരിശോധിച്ച ശേഷം നമുക്കു ശക്തമായി പറയുവാന്‍ കഴിയും.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകസത്യവേദപുസ്തകം വാസ്തവത്തിൽ ദൈവ വചനമാണോ?