settings icon
share icon
ചോദ്യം

എന്റെ ക്രിസ്തീയ ജീവിതത്തിൽ എനിക്ക്‌ പാപത്തിൻ മേൽ എങ്ങനെ ജയം വരിക്കാം?

ഉത്തരം


നമ്മുടെ പാപത്തിന്‍ മേൽ ജയം വരിക്കുവാൻ പല കാര്യങ്ങൾ വേദപുസ്തകത്തിൽ പറയുന്നു. നമ്മുടെ ജീവിതത്തിൽ ഒരിക്കലും പൂർണ്ണമായി പാപത്തിൻ മേൽ ജയം കൈവരിക്കുവാൻ കഴിയുകയില്ല (1 യോഹന്നാൻ 1: 8) എന്നാൽ ഇത് നമ്മുടെ ലക്ഷ്യം ആയിരിക്കണം. ദൈവത്തിന്റെ സഹായത്താലും അവന്റെ വചനത്തിലെ കാര്യങ്ങൾ പിൻപറ്റുന്നതിലൂടെയും നമുക്ക് അധികമായി പാപത്തിൻ മേൽ ജയം കൊള്ളുവാനും കൂടുതലായി ക്രിസ്തുവിനെ പോലെ ആകുവാനും സാധിക്കും.

(1) ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ - നാം പാപത്തിൻ മേൽ ജയം വരിക്കുവാൻ കഴിയേണ്ടതിന്‌ ദൈവം നമുക്കു (തന്റെ സഭക്ക്‌) തന്നിരിക്കുന്ന ഒന്നാമത്തെദാനമാണ്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌. ഗലാത്യർ.5:16-25 വരെയുള്ള വാക്യങ്ങളില്‍ ജഡത്തിന്റെ പ്രവര്‍ത്തികളേപ്പറ്റിയും ആത്മാവിന്റെ ഫലത്തേപ്പറ്റിയും വിശദീകരിച്ചിരിക്കുന്നു. ഈ വേദഭാഗത്ത്‌ ആത്മാവിനെ അനുസരിച്ചു നടക്കുവാന്‍ നമുക്ക്‌ ആഹ്വാനം നല്‍കിയിരിക്കുന്നു. എല്ലാ വിശ്വാസികളിലും ദൈവാത്മാവ്‌ വാസം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഓരോരുത്തരും ആത്മാവിന്റെ പ്രേരണ അനുസരിച്ച്‌ ആത്മാവിന്റെ നിയന്ത്രണത്തില്‍ നടക്കുവാനാണ്‌ പറഞ്ഞിരിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം നാം ജഡത്തിന്റെ ചേഷ്ടകള്‍ക്ക്‌ നമ്മെത്തന്നെ അടിമകളാക്കുന്നതിനു പകരം ആത്മാവിന്റെ ഇംഗിതത്തിന്‌ നമ്മെത്തന്നെ സമര്‍പ്പിക്കണമെന്നാണ്‌.

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ദൈവാത്മാവ്‌ വരുത്തുന്ന പരിവര്‍ത്തനം പത്രോസിന്റെ ജീവിതത്തില്‍ നമുക്ക്‌ കാണാവുന്നതാണ്‌. ഒരു സ്ത്രീയെ ഭയന്ന് സ്വന്ത ഗുരുവിനെതള്ളിപ്പറഞ്ഞ പത്രോസ്‌ ദൈവത്മാവിനാൽ നിറയപ്പെട്ടപ്പോൾ ഏറിയ പുരുഷാരത്തിനു മുമ്പില്‍ ക്രിസ്തുവിനെ ശക്തിയോടെ സാക്ഷിച്ചതു മാത്രമല്ല, തന്റെ ജീവന്‍ കര്‍ത്താവിനു വേണ്ടി ഊറ്റി ഒരു രക്തസാക്ഷി ആകുവാനും തയ്യാറായി. പെന്തക്കോസ്തു നാളില്‍ അവനു ലഭിച്ച ബലം ദൈവാത്മാവിൽ നിന്നുള്ളതായിരുന്നു.

ദൈവാത്മാവിന്റെ പ്രേരണകളെ മൂടിവെയ്ക്കുവാന്‍ ശ്രമിക്കാതെ ആപ്രേരണകള്‍ക്കനുസരിച്ച്‌ ജീവിക്കുന്നവരാണ് ദൈവാത്മാവിനാൽ നടത്തപ്പെടുന്നവർ. 1തെസ്സലോനിക്യർ.5:19 ൽ ആത്മാവിനെ കെടുക്കരുത്‌ എന്നും എഫേസ്യർ.5:18 ൽ ആത്മാവില്‍ നിറഞ്ഞിരിക്കുവാനും കല്‍പനകൾ ഉണ്ട്‌. ഒരുവൻ ആത്മാവിൽ എങ്ങനെയാണ്‌ നിറയുന്നത്‌? പഴയനിയമത്തില്‍ നാം കാണുന്നതു പോലെ ഇത്‌ ഒരു ദൈവീക പ്രവര്‍ത്തിയാണ്‌. തന്റെ വേല നിറവേറ്റുവാനായി ചിലരെ തിരഞ്ഞെടുത്ത്‌ അവരെ തന്റെ ആത്മാവിനാല്‍ നിറച്ച്‌ ദൈവം തന്റെ വേല നിറവേറ്റി (ഉല്‍പത്തി.41:38; പുറപ്പാട്.31:3; സംഖ്യ.24:2; 1ശമുവേൽ.10:10). എഫേസ്യർ.5:18-20 വരെയുള്ള വാക്യങ്ങളെ കൊലോസ്സ്യർ.3:16 ഉമായി താരതമ്യപ്പെടുത്തിയാൽ മനസ്സിലാകുന്ന സത്യം ദൈവാത്മാവിനാല്‍ നിറയപ്പെടെണമെങ്കിൽ ദൈവ വചനത്താൽ നിറയപ്പെടേണ്ടതാണ്‌എന്നാണ്‌. ആരെല്ലാം ദൈവവചനത്താല്‍ തങ്ങളെ നിറെക്കുവാന്‍ ശ്രമിക്കുന്നുവോ അങ്ങനെയുള്ളവര്‍ക്കു മാത്രമേ ദൈവാത്മാവിനാൽ നിറയപ്പെടുവാൻ സാധിക്കുകയുള്ളൂ.

(2) ദൈവവചനം അഥവാ ബൈബിള്‍. 2 തിമോത്തിയോസ്.3:16-17 ൽ പറയുന്നത്‌ ദൈവം തന്റെ വചനം നമുക്കു തന്നിരിക്കുന്നത്‌ നമ്മെ സല്‍പ്രവര്‍ത്തികളിൽ തികഞ്ഞവരാക്കേണ്ടതിനാണ്‌ എന്നാണ്‌. നാം എന്തു വിശ്വസിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും വചനം നമ്മെ പഠിപ്പിക്കുന്നു. നാം തെറ്റായ വഴി തിരഞ്ഞെടുക്കുമ്പോൾ പാത കാട്ടി ശരിയായ വഴിയില്‍ നടക്കുവാൻ വചനം നമ്മെ സഹായിക്കുന്നു. ദൈവവചനം ജീവനും ചൈതന്യമുള്ളതും ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയുള്ളതും പ്രാണനേയും ആത്മാവിനേയും സന്ധിമജ്ജകളേയും വേര്‍പിരിക്കുംവരെ തുളെച്ചു ചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളേയും ഭാവങ്ങളേയും വിവേചിച്ചറിയുന്നതും ആകുന്നു എന്ന് എബ്രായർ.4:12 പറയുന്നു. 119 ആം സങ്കീര്‍ത്തനത്തിന്റെ 9,15,105 മുതലായ വാക്യങ്ങളിൽ മനുഷ്യജീവിതത്തെ സ്വാധീനിക്കുവാനുള്ള ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ച്‌ സങ്കീര്‍ത്തനക്കാരൻ പറയുന്നു. തന്റെ ശത്രുക്കളെ പരാജയപ്പെടുത്തുവാനും വിജയത്തിനുള്ള രഹസ്യമായും ദൈവവചനത്തെ മറക്കാതെ ധ്യാനിച്ചുകൊണ്ട്‌ അതനുസരിച്ച്‌ ജീവിക്കുകയാണ്‌ വേണ്ടതെന്ന് യോശുവായോട്‌ പറഞ്ഞിരിക്കുന്നത്‌ നമ്മേപ്പറ്റിയും വാസ്തവമാണ്‌. ഒരു യുദ്ധത്തിൽ ഇതിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമാണെങ്കിലും യോശുവാ ഈ കല്‍പന അനുസരിച്ചതുകൊണ്ട്‌ വാഗ്ദത്തനാട്‌ പിടിച്ചടക്കുവാൻ തനിക്കു കഴിഞ്ഞു.

പലപ്പോഴും വചനത്തിന്റെ മാഹാത്മ്യം നാം മനസ്സിലാക്കാതെ അതിനെ ലാഘവമായി കാണുന്നു. ദിവസവും ചില വേദഭാഗങ്ങള്‍ വായിക്കുകയോ അല്ലെങ്കിൽ ധ്യാനചിന്തകൾ വായിക്കുന്നതോ ചെയ്യുന്നതൊഴിച്ചാൽ ദൈവം ആഗ്രഹിക്കുന്നതു പോലെ അത്‌ മനഃപാഠമാക്കി രാവും പകലും ധ്യാനിച്ച്‌ ജീവിതത്തില്‍ അനുദിനം പ്രായോഗികമാക്കുവാൻ നാം ശ്രമിക്കാറില്ല. പലപ്പോഴും ആഹാരം വെറുക്കുന്ന മാനസീകരോഗികളെപ്പോലെയാണ്‌ നാം ദൈവവചനത്തോടു പ്രതികരിക്കുന്നത്‌. മരിച്ചു പോകാതിരിക്കുവാന്‍ അല്‍പാല്‍പം ആഹാരം കഴിക്കുന്നതൊഴിച്ചാൽ ആത്മീയ ചൈതന്യമുള്ളവരായി ശക്തിയുള്ള ക്രിസ്തീയ ജീവിതം നയിക്കുവാന്‍ കഴിയത്തക്ക വിധത്തില്‍ നാം അത്‌ പഠിക്കുകയോ ധ്യാനിക്കുകയോ ചെയ്യാറില്ല.

ദിവസവും പതിവായി വേദപുസ്തകം വായിക്കുന്നതും ധ്യാനിക്കുന്നതും അതുപോലെ വചനഭാഗങ്ങള്‍ മനഃപാഠമാക്കുന്നതും നിങ്ങളുടെ സ്വഭാവമായിട്ടില്ലെങ്കില്‍ ഉടനെ അത്‌ ആരംഭുക്കുവാൻ ഞാൻ നിങ്ങള്‍ക്ക്‌ ബുദ്ധി ഉപദേശിക്കുന്നു. പതിവായി ദിവസവും ദൈവം നിങ്ങളോട്‌ സംസാരിക്കുന്ന കാര്യങ്ങള്‍ എഴുതി വയ്ക്കുവാനും മറക്കരുത്‌. ചിലർ അവരുടെ ജീവിതത്തിൽ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്ന പ്രാര്‍ത്ഥനകളും അവയുടെ ഉത്തരങ്ങളും പതിവായി എഴുതിയിടുന്നു. ദൈവാത്മാവ്‌ നമ്മുടെ ജീവിതത്തെ പക്വപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഒരു മുഖാന്തരമാണ് വേദപുസ്തകം (എഫേസ്യർ.6:17). ആത്മീയ യോദ്ധാവിന്റെ സര്‍വായുധ വര്‍ഗ്ഗത്തിലെ പ്രധാന ഘടകമാണ്‌ ദൈവവചനം (എഫേസ്യർ.6:12-18).

(3) പ്രാര്‍ത്ഥന - ദൈവം നമുക്കു പാപത്തെ ജയിക്കുവാൻ തന്നിട്ടുള്ള മറ്റൊരു മാർഗ്ഗമാണ് പ്രാര്‍ത്ഥന. പലപ്പോഴും വിശ്വാസികള്‍ ഈ കൈമുതലിനെ ആത്മാര്‍ത്ഥതയോടെ ഉപയോഗിക്കാറില്ല. നമുക്കിന്ന് പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനക്കൂട്ടങ്ങളും ഒക്കെ ഉണ്ടെങ്കിലും ആദിമ സഭയിൽ അവർ ചെയ്തിരുന്നതു പോലെ നാമിന്നു ചെയ്യാറില്ല (പ്രവർത്തികൾ.3:1; 4:31; 6:4; 13:1-3 ആദിയായവ). അപ്പൊസ്തലനായ പൌലോസ്‌ താന്‍ ശുശ്രൂഷിച്ചവര്‍ക്കു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു എന്നു പറഞ്ഞിട്ടുണ്ട്‌. നാമും അങ്ങനെ ചെയ്തിരുന്നെങ്കില്‍... . ദൈവം തന്റെ വചനത്തില്‍ പ്രാര്‍ത്ഥനയെക്കുറിച്ച്‌ അനേക അത്ഭുത വാഗ്ദത്തങ്ങൾ തന്നിട്ടുണ്ട്‌(മത്തായി.7:7-11; ലൂക്കോസ്.18:1-8; യോഹന്നാൻ.6:23-27; 1 യോഹന്നാൻ.5:14-15 ആദിയായവ). അപ്പൊസ്തലനായ പൌലോസ്‌ ആത്മീയ യുദ്ധത്തെപ്പറ്റി പറയുമ്പോൾ പ്രാര്‍ത്ഥനയുടെ പങ്ക്‌ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌ (എഫേസ്യർ.6:18).

ഇതിന്റെ പ്രാധാന്യം എന്താണ്‌? പത്രോസ്‌ കര്‍ത്താവിനെ തള്ളിപ്പറഞ്ഞതിനു മുമ്പ്‌ ഗെതസെമനത്തോട്ടത്തില്‍ വച്ച്‌ കര്‍ത്താവ്‌ അവനോടു പറഞ്ഞത്‌ ശ്രദ്ധിക്കുക. കര്‍ത്താവ്‌ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ പത്രോസ്‌ ഉറങ്ങുകയായിരുന്നു. അവനെ ഉണര്‍ത്തി കര്‍ത്താവ്‌ അവനോടു പറഞ്ഞു: "പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിപ്പീൻ; ആത്മാവ്‌ ഒരുക്കമുള്ളത്‌, ജഡമോ ബലഹീനം" (മത്തായി.26:41).

പത്രോസിനേപ്പോലെ നമുക്കും നല്ലതു ചെയ്യുവാന്‍ ആഗ്രഹമുണ്ട്‌. പക്ഷേ, അതിനുള്ള ബലം നമുക്കില്ല. കര്‍ത്താവു പറഞ്ഞതുപോലെ നാം തുടര്‍ന്ന് യാചിക്കുന്നവരായി, അന്വേഷിക്കുന്നവരായി, തട്ടുന്നവരായി കാണപ്പെട്ടാല്‍ ദൈവം നമുക്ക്‌ ബലം കല്‍പിക്കും (മത്തായി.7:7-10). ഈ കൈ മുതല്‍ നാം ആത്മാര്‍ത്ഥമായി കൈകാര്യം ചെയ്യേണ്ടതാണ്‌.

പ്രാര്‍ത്ഥന വെറും യാന്ത്രീകമാണെന്ന് കരുതരുത്‌. അതങ്ങനെയല്ല. ദൈവം അത്ഭുതവാനാണ്‌. നമ്മുടെ ബലഹീനതകളെ കണക്കിലെടുത്ത്‌ ദൈവത്തിന്റെ അളവില്ലാത്തകലവറയിലേക്കും അവന്റെ കൃപയിലേക്കും തിരിഞ്ഞ്‌ അവന്റെ ഹിതത്തിന്‌ നമ്മെ ഭരമേല്‍പിക്കുന്നതാണ്‌ പ്രാര്‍ത്ഥന (1യോഹന്നാൻ.5:14-15).

(4) സഭ - പലപ്പോഴും നാം വിസ്മരിക്കാറുള്ള ഒരു കൈമുതലാണ്‌ ദൈവത്തിന്റെ സഭഎന്നത്‌. കര്‍ത്താവ്‌ തന്റെ ശിഷ്യന്‍മാരെ വേലക്ക്‌ പറഞ്ഞയച്ചപ്പോൾ അവരെ ഈരണ്ടായിട്ടാണ്‌ പറഞ്ഞയച്ചത്‌ (മത്തായി.10:1). പ്രവര്‍ത്തികളുടെ പുസ്തകത്തിലെ മിഷിനറി യാത്രകളിലെല്ലാം രണ്ടോ അതിലധികമോ അംഗങ്ങള്‍ പങ്കെടുത്തതായി വായിക്കുന്നു. യേശു കര്‍ത്താവു പറഞ്ഞു: "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടി വന്നാലും അവരുടെ മദ്ധ്യേ ഞാനുണ്ട്‌" (മത്തായി.18:20)എന്ന്. ചിലര്‍ ചെയ്യുന്നതുപോലെ സഭാകൂടിവരവുകളെ അലക്ഷ്യപ്പെടുത്തരുതെന്നും അവയെ സ്നേഹത്തിനും സല്‍പ്രവര്‍ത്തികള്‍ക്കും അന്യോന്യം ഉത്സാഹപ്പെടുത്തുവാനുള്ള സമയമാക്കണമെന്നും എബ്രായർ.10:24-25 വരെ വായിക്കുന്നു. തമ്മില്‍ തമ്മിൽ പാപങ്ങളെ ഏറ്റുപറയുവാൻ കല്‍പന ഉണ്ട്‌ (യാക്കോബ്.5:16). ഇരുമ്പ്‌ ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നതു പോലെ മനുഷ്യൻ മനുഷ്യനു മൂര്‍ച്ചകൂട്ടുന്നു എന്ന് സദൃശ്യ വാക്യങ്ങൾ.27:17 പറയുന്നു. ഒരുവനേക്കാൾ ഇരുവർ ഏറെ നല്ലത്‌... മുപ്പിരിച്ചരട്‌ വേഗത്തിൽ അറ്റു പോകയില്ല എന്ന് സഭാപ്രസംഗി. 4:9,12 പറയുന്നു.

നമ്മുടെ സഭാകൂട്ടയ്മയില്‍ നിന്ന് ഒരാളെ കണ്ടു പിടിച്ച്‌ ആ ആളുമായി നമ്മുടെ ഹൃദയം പകരുവാന്‍ കഴിഞ്ഞെങ്കിൽ അത്‌ നമ്മുടെ ക്രിസ്തീയ വളര്‍ച്ചക്ക്‌ സഹായകരമായിരിക്കും. ഒരുവര്‍ക്കായി ഒരുവർ പ്രാര്‍ത്ഥിക്കുവാനും അന്യോന്യം സഹായിക്കുവാനും ഇത്‌ ഉപകരിക്കും. നമ്മുടെ വളര്‍ച്ചയെ നിരീക്ഷിക്കുവാനും ഇത്‌ സഹായകരമാണ്‌.

ചിലപ്പോള്‍ മാറ്റങ്ങൾ വേഗത്തിലായിരിക്കും സംഭവിക്കുക. ചിലപ്പോൾ സാവധാനത്തിലും. ഏതായാലും ദൈവം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ കൈമുതലിനെ നാം വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയാൽ നമ്മുടെ രൂപാന്തരത്തിന്‌ ദൈവം അത്‌ ഉപയോഗിക്കും എന്നതിന്‌ സംശയമില്ല. ദൈവം വിശ്വസ്തനാണെന്ന് അറിഞ്ഞ്‌ നാം ഈ കൈമുതലിനെ തുടര്‍ച്ചയായി വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തേണ്ടതാണ്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്റെ ക്രിസ്തീയ ജീവിതത്തിൽ എനിക്ക്‌ പാപത്തിൻ മേൽ എങ്ങനെ ജയം വരിക്കാം?
© Copyright Got Questions Ministries