ബൈബിള്‍ അനുസരിച്ച് യൂണിവേര്‍സലിസം അല്ലെങ്കില്‍ എല്ലാവരും രക്ഷിക്കപ്പെടും എന്നത് ശരിയാണോ?
ചോദ്യം: ബൈബിള്‍ അനുസരിച്ച് യൂണിവേര്‍സലിസം അല്ലെങ്കില്‍ എല്ലാവരും രക്ഷിക്കപ്പെടും എന്നത് ശരിയാണോ?
ഉത്തരം:
അവസാനത്തില്‍ എല്ലാവരും രക്ഷിക്കപ്പെടും എന്ന പഠിപ്പിക്കലിനെയാണ് യൂണിവേര്‍സലിസം എന്ന് പറയുന്നത്. അവസാനത്തില്‍ എല്ലാവരും രക്ഷിക്കപ്പെടും എന്ന് വിശ്വസിക്കുന്നവര്‍ ഇന്ന് അനേകരാണ്. ഒരു പക്ഷെ സ്നേഹവാനായ ദൈവം മനുഷന് അഗ്നിക്കടലില്‍ നിത്യനിത്യമായി കിടക്കുവാന് അനുവദിക്കില്ല എന്ന ചിന്താഗതിയായിരിക്കാം അവര്‍ അങ്ങനെ വിശ്വസിക്കുന്നതിന് കാരണം. ദൈവനീതിയെ കണക്കിലെടുക്കാതിരുന്നാല്‍ അങ്ങനെ ചിന്തിക്കുവാന്‍ ന്യായമുണ്ട്. എന്നാല്‍ വേദപുസ്തകം വ്യക്തമായി പഠിപ്പികകുലന്നത് ഒരു നിത്യ നരകം ഉണ്ട് എന്നു തന്നെയാണ്.
വീണ്ടെടുക്കപ്പെടാത്തവര്‍ അവരുടെ നിത്യത നരകത്തില്‍ ചെലവിടും എന്ന് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നു. യേശുകര്‍ത്താവിന്റെ വാക്കുകള്‍ തന്നെ ഈ കാര്യം വളരെ വ്യക്തമാക്കുന്നുണ്ട്. "ഇവര്‍ നിത്യദണ്ഡനയിലേക്കും നീതിമാന്മാര് നിത്യജീവനിലേക്കും പോകും" (മത്താ.25:46). ഈ വാക്യം വ്യക്തമാക്കുന്നത് എത്രകാലം നീതിമാന്മാര് സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമോ അത്രയും കാലം അവിശ്വാസികള്‍ നരകത്തില്‍ ആയിരിക്കും എന്നാണ്. ചിലര്‍ ചിന്തിക്കുന്നത് നരകത്തിലുള്ളവര്‍ കാലക്രമത്തില്‍ ഇല്ലാതായിത്തീരും എന്നാണ്. എന്നാല്‍ അങ്ങനെ വിശ്വസിക്കുവാന്‍ വേദപുസ്തകം അനുവദിക്കുന്നില്ല. മത്താ.25:41, മര്‍ക്കോ.9:44 എന്നീ വാക്യങ്ങളില്‍ നരകത്തെ നിത്യാഗ്നി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ നിത്യാഗ്നിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ എന്താണ് വഴി? പലരും ചിന്തിക്കുന്നത് എല്ലാ വഴികളും ഒടുവില്‍ ദൈവത്തിങ്കല്‍ ചെന്നെത്തും എന്നാണ്. അല്ലെങ്കില്‍ സ്നേഹനിധിയായ ദൈവം ഒടുവില്‍ എല്ലാവരേയും സ്വര്‍ഗ്ഗത്തില്‍ സ്വീകരിക്കും എന്നാണ്. വാസ്തവത്തില്‍ ദൈവം സ്നേഹം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ദൈവപുത്രന് മനുഷനായി ലോകത്തില്‍ വന്നു പാടു പെടുവാന്‍ ദൈവം അനുവദിച്ചത്. ഇന്ന് നാം രക്ഷിക്കപ്പെടുവാന്‍ അവന് മാത്രമാണ് വഴി. "മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവുമില്ല" (അപ്പൊ.4:12). "ദൈവം ഒരുവനത്രേ; ദൈവത്തിനും മനുഷര്‍ക്കും മദ്ധ്യസ്ഥനും ഒരുവനത്രേ. എല്ലാവര്‍ക്കുമായി തന്നെത്താന്‍ മറുവിലയായി ഏല്‍പ്പിച്ചുകൊടുത്ത ക്രിസ്തു യേശു തന്നെ" (1തിമോ.2:5). യേശു പറഞ്ഞു: "ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തിരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" (യോഹ.14:6). "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ.3:16,18,36). നിത്യജീവന്‍ പ്രാപിക്കുവാന്‍ ദൈവം ഒരുക്കിയിരിക്കുന്ന വഴിയെ നിരാകരിക്കുന്നവരാണ് ദൈവപുത്രനെ നിരാകരിക്കുന്നവര്‍.
ഇത്തരം നിരവധി വാക്യങ്ങളുടെ വെളിച്ചത്തില്‍ സര്‍വലൌകീക രക്ഷ എന്നത് വേദപുസ്തകം അനുസരിച്ച് സ്വീകാര്യമല്ല. വേദപുസ്തക സത്യങ്ങളുടെ നേരേ വിപരീതമായ ഉപദേശമാണത്. വേദപുസ്തകം വിശ്വസിക്കുന്നവരെ ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ എന്ന് പലരും എഴുതി തള്ളി എന്ന് വരാവുന്നതാണ്. എന്നാല്‍ ഈ ഉപദേശം ക്രിസ്തുവിന്റെ വാക്കുകള്‍ അടിസ്ഥാനമാക്കിയുള്ളതാണ് എന്നത് മറക്കരുത്. പലപ്പോഴും ഈ സത്യങ്ങള്‍ മറുതലിക്കുന്നവര്‍ അവരുടെ പാപപ്രവര്‍ത്തികള്‍ വിടുവാന്‍ മനസ്സില്ലാത്തവരും ഒരു രക്ഷകന്റെ ആവശ്യം ഉണ്ടെന്ന് അംഗീകരിക്കാത്തവരുമാണ്. ദൈവത്തിന്റെ രക്ഷാമാര്‍ഗ്ഗത്തെ അവഗണിക്കുന്നവര്‍ക്കും സ്വര്‍ഗ്ഗം ഉണ്ട് എന്നു പറയുന്നത് ദൈവനീതിയെ അവഹേളിക്കുന്നതിനും ക്രിസ്തുവിന്റെ മരണത്തെ പുച്ഛിക്കുന്നതിനും തുല്യമാണ്.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
ബൈബിള്‍ അനുസരിച്ച് യൂണിവേര്‍സലിസം അല്ലെങ്കില്‍ എല്ലാവരും രക്ഷിക്കപ്പെടും എന്നത് ശരിയാണോ?
|