| |
പാപത്തിന്റെ നിര്‍വചനം എന്താണ്?
ചോദ്യം: പാപത്തിന്റെ നിര്‍വചനം എന്താണ്?
ഉത്തരം:
അധര്‍മ്മത്തെയാണ് പാപം എന്ന് ബൈബിള്‍ വിളിച്ചിരിക്കുന്നത് (1യോഹ്.3:4). പാപം ദൈവത്തിന് എതിരായുള്ള പ്രവര്‍ത്തനമാണ് (ആവ.9:7; യോശു.1:18). പാപം ആരംഭിച്ചത് അരുണോദയ പുത്രന് എന്ന് അറിയപ്പെടുന്ന ലൂസിഫറില്‍ നിന്നാണ്. അവന്‍ ദൈവത്തിന്റെ ദൂതന്മാരില് അതി മനോഹരനും ശക്തനും ആയിരുന്നു. അവനു കൊടുക്കപ്പെട്ടിരുന്ന സ്ഥാനത്തില്‍ അവന് തൃപ്തനാകാതെ, ദൈവസിംഹാസനത്തിനുമേല്‍ ഉയരണം എന്ന് അവന് ആഗ്രഹിച്ചു. അത് അവന്റെ വീഴ്ചക്ക് കാരണമായിത്തീര്‍ന്നു (യെശ 14:13-15). അങ്ങനെ പാപത്തിന് തുടക്കവുമായി. എതിരാളി എന്ന് അര്‍ത്ഥമുള്ള സാത്താന്‍ എന്ന് അവന്റെ പേരു മാറ്റപ്പെട്ടു. അവന് ഏദെന് തോട്ടത്തില്‍ ചെന്ന് "നിങ്ങള്‍ ദൈവത്തെപ്പോലെ ആകും" എന്നു പറഞ്ഞ് ആദാമിനേയും ഹവ്വയെയും വഞ്ചിച്ച് മനുഷവര്‍ഗ്ഗത്തെ പാപത്തിന് അധീനതയില്‍ ആക്കി. ഉല്‍പത്തി 3 ആം അദ്ധ്യായത്തില്‍ മനുഷന് ദൈവകല്‍പന ലംഘിച്ച് പാപത്തിന് അധീനരായതെപ്പറ്റി നാം വായിക്കുന്നു. അന്നു മുതല്‍ ഇന്നു വരെ ആദാമിന്റെ സന്തതികളായ നമുക്ക് പാപം തലമുറ തലമുറകളായി അനന്തരാവകാശമായി കൈമാറ്റപ്പെട്ടു വരുന്നു. റോമ.5:12 പറയുന്നത് ആദാമില്‍ കൂടെ പാപം ലോകത്തില്‍ പ്രവേശിക്കയും പാപത്തിന്റെ ഫലമായി മരണം മനുഷന് അവകാശമാകയും ചെയ്തു എന്നാണ്. പാപത്തിന്റെ ശമ്പളം മരണമത്രേ (റോമ.6:23).
ആദാമില്‍ നിന്ന് അനന്തരാവകാശമായി നമുക്കു ലഭിച്ച പാപത്തിന്റെ ഫലമായി മനുഷവര്‍ഗ്ഗം മുഴുവന്‍ ഇന്ന് പാപപ്രകൃതി ഉള്ളവരായി, പാപത്തോടു പ്രതിപത്തി ഉള്ളവരായിത്തീര്‍ന്നു. ആദാം പാപം ചെയ്തപ്പോള്‍ അവന്റെ പ്രകൃതി മാറ്റപ്പെട്ട് അത് ലംഘന സ്വഭാവം ഉള്ളതായിത്തീര്‍ന്നു. അവന് ആത്മീയമരണവും ധാര്‍മ്മീക അധഃപ്പതനവും ഏര്‍പ്പെട്ടു. അവ തലമുറ തലമുറകളായി മനുഷവര്‍ഗ്ഗത്തിന് കൈമാറ്റപ്പെട്ടു വരുന്നു. നാം പാപികള്‍ ആയിരിക്കുന്നത് നാം പാപം ചെയ്യുന്നതു കൊണ്ടല്ല; മറിച്ച്, നാം പാപം ചെയ്യുന്നത് നാം പാപികള്‍ ആയതുകൊണ്ടാണ്. ധാര്‍മ്മീക അധഃപ്പതനത്തിനെ അനന്തരാവകാശമായി ലഭിച്ച പാപം എന്ന് പറയുന്നു. നമ്മുടെ മാതാപിതാക്കളില്‍ നിന്ന് നമ്മുടെ ശരീര പ്രകൃതി നമുക്കു ലഭിക്കുന്നതുപോലെ തന്നെ ആദാമില്‍ നിന്ന് മനുഷവര്‍ഗ്ഗം മുഴുവന്‍ പാപപ്രകൃതി ഉള്ളവരായിത്തീര്‍ന്നു. ദാവീദ് രാജാവ് ഈ അവസ്ഥയെപ്പറ്റി ഇങ്ങനെ പാടി: "ഇതാ ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു" (സങ്കീ.51:5).
ഇനിയും ചുമത്തപ്പെട്ട പാപത്തെപ്പറ്റി ചിന്തിക്കാം. "ചുമത്തപ്പെടുക" (impute)എന്നത് നീതിന്യായകോടതിയിലും പണം ഇടപാടുകളിലും ഉപയോഗിക്കുന്ന വാക്കാണ്. ഒരാളുടെ കണക്കില്‍ നിന്ന് എടുത്ത് മറ്റൊരാളിന്റെ കണക്കില്‍ ചേര്‍ക്കുന്നതിനെ ആണ് ഇങ്ങനെ പറയുന്നത്. പാപം മനുഷന്റെ അനന്തരാവകാശമായി അവന് ഉണ്ടായിരുന്നെങ്കിലും, മോശെയില്‍ കൂടെ ന്യായപ്രമാണം കൊടുക്കപ്പെട്ടതിനു ശേഷമാണ് മനുഷന്റെ മേല്‍ പാപം ചുമത്തപ്പെട്ടതു് (റോം.5:13). പാപം ചുമത്തപ്പെടുന്നതിനു മുമ്പും പാപത്തിന്റെ അവസാന ഫലമായ മരണം മനുഷന്റെ മേല്‍ വാണിരുന്നു (റോമ.5:14). ആദാം മുതല്‍ മോശെ വരെയുള്ള ആളുകള്‍ മരണത്തിന് അധീനരായിരുന്നത് അവര്‍ ന്യായപ്രമാണം ലംഘിച്ചതു കൊണ്ടല്ല (അവര്‍ക്ക് ന്യായപ്രമാണം ഇല്ലായിരുന്നുവല്ലോ); മറിച്ച് അനന്തരാവകാശമായി ലഭിച്ച പാപ പ്രകൃതി അവര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ടത്രേ. മോശെക്കു ശേഷം മനുഷന് ശിക്ഷിക്കപ്പെടുന്നത് അവന്റെ പാപ പ്രകൃതി കൊണ്ടും ന്യായപ്രമാണ ലംഘനം കൊണ്ടും അത്രേ.
ഈ ചുമത്തപ്പെടല്‍ സിദ്ധാന്തം ദൈവം മനുഷവര്‍ഗ്ഗത്തിന്റെ നന്‍മക്കായി ഉപയോഗിച്ചു. ക്രിസ്തു പാപം ചെയ്തവന്‍ അല്ലായിരുന്നു എങ്കിലും മനുഷ വര്‍ഗ്ഗത്തിന്റെ പാപം അവന്റെ മേല്‍ ചുമത്തി പാപത്തിന്റെ ശികഷ അവന് ക്രൂശില്‍ കൊടുത്തു തീര്‍ത്തു. അവന്‍ സര്‍വ ലോക പാപത്തിന്റേയും പരിഹാരി ആയിത്തീര്‍ന്നു (1യോഹ.2:2). അവന് ആദാമില്‍ നിന്ന് പിന്തുടര്‍ച്ചയായി വന്ന പാപം അനന്തരാവകാശമായി കിട്ടിയിരുന്നില്ല എന്നത് മറക്കരുത്. അവന്റെ മേല്‍ പാപം ചുമത്തപ്പെടുക മാത്രമാണ് ചെയതമത്. അവന് ഒരിക്കലും പാപി ആയി തീര്‍ന്നില്ല. മനുഷവര്‍ഗ്ഗത്തിന്റെ പാപം അവന്റെ മേല്‍ ചുമത്തപ്പെടുക മാത്രമാണ് ചെയ്തത്. മനുഷ വര്‍ഗ്ഗം ചെയ്ത പാപത്തിന്റെ കുറ്റവാളി അവന് ആണെന്ന് കണക്കാക്കപ്പെട്ടു. തിരിച്ച്, നമ്മുടെ പാപം അവനു ചുമത്താപ്പെട്ടതുപോലെ തന്നെ ക്രിസതു്വിന്റെ നീതി വിശ്വസിക്കുന്നവര്‍ക്കും കണക്കിടപ്പെട്ടു (2കൊരി.5:21).
മൂന്നാമത് നാം ഓരോരുത്തരും നമ്മുടെ ദിവസേനയുള്ള ജീവിതത്തില്‍ ചെയ്യുന്ന പാപങ്ങള്‍ ഉണ്ട്. നാമെല്ലാവരും പാപപ്രകൃതി ഉള്ളവര്‍ ആയതു കൊണ്ട് നമൊക്കെ ജീവിതത്തില്‍ വ്യാജഭാവം പോലെ ചെറിയ പാപങ്ങളും കൊലപാതകം പോലെ വലിയ പാപവും ചെയ്യുന്നവരായിരിക്കുന്നു. ക്രിസ്തുവില്‍ വിശ്വാസം അര്പ്പിച്ചിട്ടില്ലാത്തവര് തങ്ങള്‍ക്ക് അനന്തരാവകാശമായി കിട്ടിയ പാപത്തിനും, ന്യായപ്രമാണ ലംഘനത്താല്‍ ചുമത്തപ്പെട്ട പാപത്തിനും, അവരവരുടെ അനുദിന ജീവിതത്തിലെ പാപത്തിനും ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാല്‍ ക്രിസ്തുവിനെ വിശ്വസിച്ച് ആശ്രയിക്കുന്നവരുടെ നരക ശിക്ഷ മാറ്റപ്പെട്ടെന്നു മാത്രമല്ല, അവര്‍ പാപത്തെ ജയിക്കുവാനുള്ള ബലം ഉള്ളവരായും തീരുന്നു. ഇന്ന് വിശ്വാസിയുടെ ജീവിതത്തില്‍ ദൈവാത്മാവ് വസിച്ച് പാപത്തെക്കുറിച്ച് ഉണര്‍ത്തി പാപത്തെ ജയിക്കുവാനുള്ള ശക്തി പ്രദാനം ചെയ്യുന്നതുകൊണ്ട് ഒരു വിശ്വാസി അനുദിന ജീവിതത്തില്‍ പാപത്തിന്മേല് ജയം വരിക്കുവാന്‍ കഴിവുള്ളവനായിത്തീര്‍ന്നിരിക്കുന്നു (റോമ. 8:9-11). നമ്മുടെ അനുദിന ജീവിതത്തിലെ പാപങ്ങള്‍ നാം ഏറ്റുപറഞ്ഞു ഉപേക്ഷിക്കുമ്പോള്‍ വീണ്ടും ദൈവം നമ്മെ തന്റെ കൂട്ടായ്മയിലേക്ക് ചേര്‍ക്കുന്നു. "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം നീതിമാനും വിശ്വസ്ഥനും ആകുന്നു " (1യോഹ.1:9).
നാമെല്ലാവരും മൂന്നുവിധ ശിക്ഷാവിധികള്‍ക്കാണ് പാത്രരായിരിക്കുന്നത്. പാപത്തിനു നീതിയായി ലഭിക്കേണ്ട കൂലി മരണം അത്രേ (രോമ. 6:23). അത് വെറും ശാരീരിക മരണം അല്ല, നിത്യമരണം ആണ് (വെളി.20:11-15). ദൈവത്തില്‍ നിന്ന് എന്നെന്നേക്കുമായി മാറ്റപ്പെട്ട അവസ്ഥയാണത്. എന്നാല്‍ ക്രിസ്തുവിന്റെ ക്രൂശുമരണത്തോടു കൂടി അവനില്‍ വിസ്വസിക്കുന്നവരുടെ ശിക്ഷാവിധി എന്നെന്നേക്കുമായി മാറ്റപ്പെട്ട് "അവനില്‍ നമുക്ക് അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനം എന്ന വീണ്ടെടുപ്പ് ഉണ്ട്. അത് അവന് നമുക്ക് ധാരാളമായി കാണിച്ച കൃപാധാന പ്രകാരം ... നല്‍കിയിരിക്കുന്നു" (എഫെ.1:7-8). നാം അവനോടുകൂടി നിത്യനിത്യമായി വാഴുവാന്‍ ഇത് നമ്മെ പ്രാപ്തരാക്കും.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
പാപത്തിന്റെ നിര്‍വചനം എന്താണ്?
|
|
|