settings icon
share icon
ചോദ്യം

വീട്ടിൽ ഒരു മുടിയനായ പുത്രനോ പുത്രിയോ ഉണ്ടെങ്കിൽ ക്രിസ്തീയ മാതാപിതാക്കൾ എന്തു ചെയ്യണം?

ഉത്തരം


നമ്മുടെ കുടുംബങ്ങളില്‍ മുടിയനായ പുത്രന്‍മാരോ പുത്രിമാരോ ഉണ്ടെങ്കിൽ നാം എങ്ങനെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും വേണം എന്ന് ലൂക്കോസ്.15:11-32 വരെയുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന മുടിയന്‍ പുത്രന്റെ കഥയിൽ നിന്ന് നമുക്ക്‌ മനസ്സിലാക്കുവാൻ കഴിയും. മക്കള്‍ പ്രായപൂര്‍ത്തി ആയി കഴിഞ്ഞാൽ അവർ മാതാപിതാക്കന്‍മാരുടെ അധികാരത്തിന്‍ കീഴിൽ അല്ല എന്നത്‌ നാം ഒരിക്കലും വിസ്മരിക്കരുത്‌.

കര്‍ത്താവു പറഞ്ഞ ആ കഥയിലെ രണ്ടാമത്തെ മകൻ തനിക്കുള്ള അവകാശത്തെ വിറ്റു കാശാക്കി ദൂരദേശത്തേക്ക്‌ പോയി തന്റെ സ്വത്തു മുഴുവൻ നശിപ്പിക്കുന്നു. രക്ഷിക്കപ്പെടാത്ത ഒരു പൈതല്‍ പ്രാകൃത മനുഷ്യനായി ജീവിതം തുടരുന്നു. എന്നാല്‍ ചെറുപ്പത്തിൽ കര്‍ത്താവിനെ സ്വീകരിച്ച്‌ ഏറ്റുപറഞ്ഞ ഒരു പൈതൽ വളരുമ്പോൾ മറുതലിച്ചു പോയാൽ തനിക്കു ലഭിച്ചിരുന്ന ആത്മീയ സമ്പത്തുകള്‍ മുഴുവൻ നശിപ്പിക്കുന്ന അവസ്ഥയിൽ എത്തുന്നു. ദൈവത്തിനെതിരായ മറുതലിപ്പ്‌ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ മാതാപിതാക്കളോടും അധികാരത്തോടും ഉള്ള മറുതലിപ്പായിട്ടാണ്‌.

കര്‍ത്താവു പറഞ്ഞ കഥയിലെ പിതാവ്‌ മകൻ പോകുന്നതിനെ തടയുന്നില്ല എന്നത്‌ ശ്രദ്ധിക്കുക. മാത്രമല്ല മകന്റെ പിന്നാലെ പോയി മകനെ സൂക്ഷിക്കുവാനും പിതാവ്‌ ശ്രമിക്കുന്നില്ല. അതിനു പകരം മകന്റെ "ബുദ്ധി തെളിയുവാനായി" പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ആകാംഷയോടെ കാത്തിരിക്ക മാത്രമല്ല, അവന്‍ വരുന്നത്‌ ദൂരത്തിലിരുന്ന് മനസ്സിലാക്കിയ പിതാവ്‌ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്ത്‌ സ്വീകരിക്കയും ചെയ്തു.

പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞ നമ്മുടെ മക്കൾ തങ്ങള്‍ക്കു തന്നെ ഭാവിയിൽ വളരെ ദോഷം വരുത്തിക്കൂട്ടുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോൾ അവരെ പറഞ്ഞു മനസ്സിലാക്കേണ്ട ചുമതല നമുക്കുണ്ട്‌. പ്രാര്‍ത്ഥനയോടെ അവരെ അത്തരം കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. എന്നാല്‍ പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞ ഒരാളിന്റെ പുറകെ പോയി കാര്യങ്ങൾ ശരിയാക്കുവാന്‍ കഴികയില്ലല്ലോ.

മക്കള്‍ പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞാൽ അവർ ദൈവത്തിന്റേയും ദൈവം ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക അധികാരികളുടേയും കീഴിലാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌ (റോമർ. 13:1-7). മുടിയന്‍ പുത്രന്‍മാര്‍ നമ്മുടെ വീടുകളില്‍ ഉണ്ടെങ്കില്‍ അവരോട്‌ സ്നേഹത്തോടും പ്രാര്‍ത്ഥനയോടും കൂടെ ഇടപെട്ട്‌ എന്തെങ്കിലും ചയ്യുവാന്‍ കഴിയും എന്നല്ലാതെ ബലപ്രയോഗം ഒരിക്കലും ഉപകരിക്കയില്ല. പലപ്പോഴും അവരവര്‍ മൂലം ഏര്‍പ്പെട്ട മുറിവുകളിൽ കൂടെ ദൈവം പലര്‍ക്കും പല കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാറുണ്ട്‌. അങ്ങനെയുള്ള സമയങ്ങളില്‍ അവരവർ ബുദ്ധിയോടെ ദൈവത്തിങ്കലേക്കു തിരിയേണ്ടത്‌ ആവശ്യമാണ്‌. മാതാപിതാക്കൾ എന്ന നിലക്ക്‌ നമ്മുടെ മക്കളെ രക്ഷിക്കുവാന്‍ നമുക്കു കഴിയുകയില്ല. അത്‌ ദൈവമാണ്‌ ചെയ്യേണ്ടത്‌. അതു സംഭവിക്കുമാറ്‌ നാം കാര്യങ്ങൾ ദൈവകരങ്ങളിൽ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥനയോടും വിശ്വാസത്തോടും കൂടെ കാത്തിരിക്കേണ്ടതാണ്‌. ഇത്‌ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. എന്നാലും വേദപുസ്തകാടിസ്ഥാനത്തില്‍ കാര്യങ്ങൾ ചെയ്യുമ്പോൾ ദൈവം പ്രവര്‍ത്തിക്കയും നമുക്കു മനഃസമാധാനം ലഭിക്കയും ചെയ്യും. നമുക്ക്‌ നമ്മുടെ പ്രായപൂര്‍ത്തിയായ മക്കളെ ന്യായം വിധിക്കുവാന്‍ അധികാരമില്ല. ന്യായവിധികര്‍ത്താവും ദൈവമാണ്‌. "സര്‍വഭൂമിക്കും ന്യായാധിപനായവന്‍ നീതി പ്രവര്‍ത്തിക്കാതിരിക്കുമോ?" (ഉല്‍പത്തി.18:25).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

വീട്ടിൽ ഒരു മുടിയനായ പുത്രനോ പുത്രിയോ ഉണ്ടെങ്കിൽ ക്രിസ്തീയ മാതാപിതാക്കൾ എന്തു ചെയ്യണം?
© Copyright Got Questions Ministries