വിശ്വാസം മാത്രം
 
 

രക്ഷ വിശ്വാസത്താല്‍ മാത്രം ലഭിക്കുമോ, അതോ പ്രവര്‍ത്തികളും കൂടെ ആവശ്യമാണോ?



ചോദ്യം: രക്ഷ വിശ്വാസത്താല്‍ മാത്രം ലഭിക്കുമോ, അതോ പ്രവര്‍ത്തികളും കൂടെ ആവശ്യമാണോ?

ഉത്തരം:
ക്രിസ്തീയ വേദശാസ്ത്രത്തിലെ നാഴികക്കല്ലായ ചോദ്യമാണിത്‌. നവീകരണത്തിനു കാരണമായ ഈ ചോദ്യമാണ്‌ ക്രിസ്തീയ സഭയെ രണ്ടായി പിരിച്ചത്‌ - കത്തോലിക്കരും പ്രൊട്ടസ്റ്റ്ന്റു കാരും. വേദാധിഷ്ടിത ദൈവശാസ്ത്രവും ഇതര ക്രൈസ്തവ ചിന്താധാരകളും തമ്മിലുള്ള വ്യത്യാസം ഈ ചോദ്യത്തിലാണ്‌ നിലകൊള്ളുന്നത്‌. രക്ഷ വിശ്വാസത്താല്‍ മാത്രമാണോ അതോ വിശ്വാസത്തിനോടുകൂടെ പ്രവര്‍ത്തികളും ആവശ്യമാണോ? ഞാന്‍ രക്ഷിക്കപ്പെടെണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിച്ചാല്‍ മാത്രം മതിയോ അതൊ അതോടുകൂടെ ചില കര്‍മ്മങ്ങളും ആവശ്യമാണോ?

ഈ ചോദ്യം അല്‍പം സങ്കീര്‍ണ്ണമായതിന്റെ കാരണം എളുപ്പത്തില്‍ പൊരുത്തപ്പെടുത്തുവാന്‍ സാധിക്കാത്ത ചില വേദഭാഗങ്ങള്‍ ഉള്ളതുകൊണ്ടാണ്‌. റോമ. 3:28; 5:1; ഗലാ.3:24 ആദിയായ വേദഭാഗങ്ങള്‍ യാക്കോ.2:24 ഉമായി താരതമ്യപ്പെടുത്തി നോക്കുക. പൌലോസും യാക്കോബും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉള്ളതായി ചിലര്‍ ഈ വേദഭാഗങ്ങളെ കാണുന്നു. രക്ഷ വിശ്വാസത്താല്‍ മാത്രം എന്ന് പൌലോസും, വിശ്വാസവും പ്രര്‍ത്തിയും ആവശ്യമെന്ന് യാക്കോബും പഠിപ്പിക്കുന്നതായി അവര്‍ കരുതുന്നു. വാസ്തവത്തില്‍ അവര്‍ തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലതന്നെ. വിശ്വാസവും പ്രവര്‍ത്തികളും തമ്മിലുള്ള ബന്ധമാണ്‌ ചര്‍ച്ചാവിഷയം. സംശയലേശമെന്യേ പൌലോസ്‌ പറയുന്നത്‌ രക്ഷ വിശ്വാസത്താല്‍ മാത്രമാണ്‌ എന്നാണ്‌ (എഫേ.2:8-9). എന്നാല്‍ യാക്കോബിന്റെ വാക്കുകള്‍ കേട്ടാല്‍ വിശ്വാസം മാത്രം പോരാ, പ്രവര്‍ത്തികളും കൂടെ ആവശ്യമാണ്‌ എന്ന് താന്‍ പറയുന്നതായി തോന്നും.

വാസ്തവത്തില്‍ യാക്കോബു എന്താണ്‌ പറയുന്നത്‌ എന്നു മനസ്സിലാക്കിയാല്‍ ഒറ്റനോട്ടത്തില്‍ പ്രശ്നം എന്നു തോന്നുന്ന ഇതിന്‌ പരിഹാരം കാണുവാന്‍ കഴിയും. സല്‍കര്‍മ്മങ്ങള്‍ പുറപ്പെടുവിക്കാത്ത വിശ്വാസം ഒരാള്‍ക്ക്‌ ഉണ്ടായിരിക്കുവാന്‍ കഴിയും എന്ന ചിന്താഗതിയെ ശക്തിയുക്തം എതിര്‍ക്കുകയാണ്‌ യാക്കോബു ചെയ്യുന്നത്‌ (യാക്കോ.2:17-18). ക്രിസ്തുവിലുള്ള കറയറ്റ വിശ്വാസം ജീവിതത്തെ വ്യത്യാസപ്പെടുത്തി അത്‌ സല്‍കര്‍മ്മങ്ങളെ പുറപ്പെടുവിക്കും എന്ന് ഉറക്കെപ്പറയുകയാണ്‌ യാക്കോബ്‌ (യാക്കോ.2:20-26). നീതീകരണത്തിന്‌ വിശ്വാസവും പ്രവര്‍ത്തിയും ആവശ്യമാണ്‌ എന്ന് യാക്കോബു പറയുന്നില്ല; മറിച്ച്‌ വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തില്‍ സല്‍കര്‍മ്മങ്ങള്‍ വെളിപ്പെടും എന്നത്രേ യാക്കോബു പറയുന്നത്‌. ഒരാള്‍ ക്രിസ്തു വിശ്വാസി എന്നു പറയുകയും ജീവിതം സല്‍കര്‍മ്മപൂരിതം അല്ലാതിരിക്കയും ചെയ്താല്‍ അയാള്‍ക്ക്‌ വിശ്വാസം ഇല്ല എന്നതിന്റെ തെളിവാണത്‌ എന്നാണ്‌ യാക്കോബു പറയുന്നത്‌ (യാക്കോ.2:14,17,20,24).

വാസ്തവത്തില്‍ പൌലോസും ഇതു തന്നെയാണ്‌ പറയുന്നത്‌. ഗലാ.5:22-23 വരെ പട്ടിക ഇട്ടിരിക്കുന്ന ആത്മാവിന്റെ ഫലം വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട ആളിന്റെ ജീവിതത്തില്‍ പ്രകടമാകേണ്ട പ്രവര്‍ത്തികളാണ്‌. എഫേ.2:8-9 ല്‍ രക്ഷ ദൈവത്തിന്റെ ദാനമാണ്‌; അത്‌ വിശ്വാസത്താല്‍ സ്വീകരിക്കേണ്ടതാണ്‌ എന്ന് പൌലോസ്‌ പറഞ്ഞശേഷം അടുത്ത വാക്യം ശ്രദ്ധിക്കുക: "നാം അവന്റെ കൈപ്പണിയായി സല്‍പ്രവര്‍ത്തികള്‍ക്കായിട്ട്‌ ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു" (എഫേ.2:10). യാക്കോബു പറഞ്ഞിരിക്കുന്നതുപോലെതന്നെ ഒരു വിശ്വാസി പുതിയ ജീവിതത്തിന്‌ ഉടമയായിത്തീരും എന്ന് പൌലോസും പറഞ്ഞിരിക്കുന്നത്‌

ശ്രദ്ധിക്കുക: "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവര്‍ പുതിയ സൃഷ്ടി അയിത്തീര്‍ന്നു; പഴയതു കഴിഞ്ഞു പോയി, എല്ലാം പുതുതായിത്തീര്‍ന്നിരിക്കുന്നു" (2കൊരി.5:17). രക്ഷയെപ്പറ്റിയുള്ള ഉപദേശത്തില്‍ യാക്കോബും പൌലോസും വിഭിന്ന അഭിപ്രായക്കാരല്ല. രണ്ടുപേരും രണ്ടു വിഭിന്ന കോണില്‍ നിന്ന് രക്ഷയെ വീക്ഷിച്ചിരിക്കുന്നു എന്നു മാത്രം. പൌലോസ്‌ വിശ്വാസത്തിന്‌ ഊന്നല്‍ കൊടുത്തപ്പോള്‍ യാക്കോബ്‌ ക്രിസ്തുവിലുള്ള വിശ്വാസം സല്‍കര്‍മ്മങ്ങളെ പുറപ്പെടുവിക്കും എന്നു പറഞ്ഞിരിക്കുന്നു; അത്രമാത്രം.



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക



രക്ഷ വിശ്വാസത്താല്‍ മാത്രം ലഭിക്കുമോ, അതോ പ്രവര്‍ത്തികളും കൂടെ ആവശ്യമാണോ?