settings icon
share icon
ചോദ്യം

എന്തുകൊണ്ടാണ്‌ സഭാകൂടിവരവ്‌ പ്രാധാന്യം അര്‍ഹിക്കുന്നത്‌?

ഉത്തരം


നാം സഭയിൽ കൂടിവരണം എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. ഇത് നിമിത്തം സഹവിശ്വാസികളോടൊത്തു ദൈവത്തെ ആരാധിക്കുവാനും, നമ്മുടെ ആത്മീക വളർച്ചക്കാവശ്യമായ വചന പഠനം ലഭിക്കുവാനുമിടയാകും.ആദിമസഭ "അപ്പോസ്തലന്മാരുടെ ഉപദേശം കേട്ടും, കൂട്ടായ്മ ആചരിച്ചും, അപ്പം നുറുക്കിയും, പ്രാർത്ഥന കഴിച്ചും പോന്നു." (അ. പ്രവ2:42 ). മേൽപറഞ്ഞ എല്ലാ കാര്യത്തിലും,ഭക്തിയിലും ആ നല്ല മാതൃക പിന്തുടരേണ്ടതാണ്. അവർക്ക് പ്രത്യേകമായ സഭകെട്ടിടങ്ങൾ ഇല്ലായിരുന്നു എങ്കിലും അവർ ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കികൊണ്ട് ഉല്ലാസവും ഹൃദയ പരമാര്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ചെയ്തു പോന്നു (അ. പ്രവ2:46). കൂടിവരുന്നിടങ്ങളിലെല്ലാം വചനപഠനത്തിനായും, പരസ്പര കൂട്ടായ്മക്കുമായുള്ള വലിയ ആവേശം അവരിലുണ്ടായിരുന്നു.

സഭാ കൂടിവരവുകളിൽ പങ്കെടുക്കുക എന്നുള്ളത് കേവലം ഒരു "നല്ല അഭിപ്രായമല്ല" മറിച്ച് ദൈവപൈതലിനെക്കുറിച്ചുള്ള ദൈവഹിതമാണ്. എബ്രായർ 10 :24 - 25 പറയുന്നതുപോലെ "ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചു കൊണ്ട് സ്നേഹത്തിനും സൽപ്രവർത്തികൾക്കും ഉത്സാഹം വർധിപ്പിക്കാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്ന് കാണുന്തോറും അത് അധികമായി ചെയ്യേണ്ടതാകുന്നു". മറ്റുവിശ്വാസികളെ സന്ധിക്കുവാൻ ഉള്ള വിമുഖത ആദിമസഭയിൽ പോലും ഉണ്ടായിരുന്നു.നാം അങ്ങനെ ചെയ്യരുത്,എല്ലാവരെയും കൂടിവരവുകൾക്കായി കഴിവുള്ളടത്തോളം ഉത്സാഹിപ്പിക്കണം എന്ന് എബ്രായ ലേഖന കർത്താവ് ആഹ്വാനം ചെയ്യുന്നു.നാൾ സമീപിച്ചിരിക്കുകയാൽ അതികം ഉത്സാഹാഹത്തോടെ കൂടിവരവുകളിൽ നാം സംബന്ധിക്കേണം.

ദൈവമക്കൾക്കു പരസ്പരം സ്നേഹിക്കാനും (1യോഹ4:12 ), അന്യോന്യം പ്രബോധിപ്പാനും (എബ്രാ 3:13), സ്നേഹിക്കുവാനും സത്പ്രവർത്തികൾക്കായിട്ടു തമ്മിൽ പ്രബോധിപ്പാനും (എബ്രാ10:24 ), അന്യോന്യം സേവിക്കുന്നതിനും (ഗലാ5:13 ), അന്യോന്യം അഭ്യസിപ്പിക്കുന്നതിനും ( റോമർ 15:14 ), പരസ്പരം ബഹുമാനിക്കുന്നതിനും (റോമർ 12:10),മറ്റുള്ളവരോട് ദയയും,മനസ്സലിവും കാണിക്കുന്നതിനും ( എഫേ 4:32) ഉള്ള സ്ഥലമാണ് ദൈവ സഭ.

ഒരുവൻ രക്ഷക്കായി യേശുക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ ആ വ്യക്തി ക്രിസ്തുവിന്റെ ശരീരമാം സഭയുടെ ഒരംഗമായി മാറുന്നു.(1കോരി 12:27). സഭയാം ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ആ "ശരീരത്തിലെ എല്ലാ അവയവങ്ങളും" ഉണ്ടായിരിക്കുകയും അവ പ്രവർത്തിക്കുകയും ചെയ്യണം (1കോരി12:14-20 ). വെറുതെ സഭയിൽ പങ്കെടുക്കുക എന്നതിനേക്കാൾ ഉപരിയായി ദൈവം നമുക്ക് നൽകിയിരിക്കുന്ന ആത്മീക വരങ്ങൾ മറ്റുള്ളവരുടെ ഇടയിൽ ഉപയോഗിക്കുവാൻ കഴിയണം(എഫേ 4:11-13). ഇപ്രകാരം തനിക്കു ലഭിച്ച താലന്തുകളെ വ്യാപാരം ചെയ്യാതെ ഒരു വ്യക്തിയും ആത്മീക പക്വത കൈവരിക്കുകയില്ല, മാത്രമല്ല ഇതിനായി നമുക്ക് സഹവിശ്വാസികളുടെ സഹകരണങ്ങളും പ്രോത്സാഹനവും അത്യന്താപേക്ഷിതമാണ് (1കോരി12:21-26).

ഇക്കാരണത്താൽ സഭാകൂടിവരവുകളിൽ പങ്കെടുക്കുക, കൂട്ടായ്മ ആചരിക്കുക എന്നിവ ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ ഒരു ഭാഗമാകേണ്ടതാണ്. ആഴ്ചതോറുമുള്ള കൂടിവരവ് ഒരർത്ഥത്തിൽ "നിർബന്ധമായും" ചെയ്യേണ്ട ഒന്നല്ല മറിച്ച് ക്രിസ്തുവിന്റെ ശരീരമാകും സഭയിലെ ഓരോ അംഗങ്ങൾക്കും ദൈവത്തെ ആരാധിക്കുവാനും , വചനം കേൾക്കുവാനും,സഹവിശ്വാസികളുമായുള്ള കൂട്ടായ്മബന്ധം ആചരിക്കുവാനുമുള്ള വലിയ ആഗ്രഹത്താൽ ആയിരിക്കേണം.

ക്രിസ്തു തന്നെയാണ് സഭയുടെ മൂലക്കല്ല് (1പത്രോസ് 2:6),നാം എല്ലാവരും "ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മീക ഗ്രഹമായി യേശുക്രിസ്തു മുഖാന്തിരം ദൈവത്തിന് പ്രസാദമുള്ള ആത്മീക യാഗം കഴിപ്പാന്തക്ക വിശുദ്ധ പുരോഹിത വർഗമാകേണ്ടതിനു പണിയപ്പെടുന്നു"(1പത്രോസ്2:5 ). ദൈവത്തിന്റെ ആത്മീകഗൃഹത്തിന്റെ നിർമ്മാണ സാമഗ്രികൾ ആയ നമുക്ക് തമ്മിൽ സ്വാഭാവികമായും ഒരു പരസ്പരബന്ധം ഉണ്ടായിരിക്കും. ആ ബന്ധം ഓരോ പ്രാവശ്യവും കൂടിച്ചേരുമ്പോഴും അത് വ്യക്തമായി കാണുവാൻ കഴിയും.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എന്തുകൊണ്ടാണ്‌ സഭാകൂടിവരവ്‌ പ്രാധാന്യം അര്‍ഹിക്കുന്നത്‌?
© Copyright Got Questions Ministries