settings icon
share icon
ചോദ്യം

മനുഷ്യൻ ത്രിഘടക ജീവിയോ അതോ ദ്വിഘടക ജീവിയോ?

ഉത്തരം


ഉല്‍പത്തി 1:26-27 അനുസരിച്ച്‌ മനുഷ്യൻ മറ്റുള്ള ജീവികളിൾ നിന്ന് വിഭിന്നനാണ്‌ എന്ന് മനസ്സിലാക്കാം. കാണാവുന്ന ശരീരവും, അതേസമയം അശരീരിയായ ദൈവത്തോടു ബന്ധം ഉണ്ടാകത്തക്കവണ്ണം കാണാനാവാത്ത ഭാഗങ്ങളും ഉള്ളവനായിട്ടാണ്‌ മനുഷ്യനെ ദൈവം സൃഷ്ടിച്ചത്‌. എല്ലും തൊലിയും മാംസള ഭാഗങ്ങളും രക്തവും ഈ ഭൂമിയിൽ ഉള്ളിടത്തോളം മനുഷ്യന്‌ ഉണ്ട്‌. എന്നാല്‍ ദേഹി, ആത്മാവ്‌, ബുദ്ധിവൈഭവം, ഇഛാശക്തി, മനസ്സാക്ഷി എന്നീ കാണാനാവാത്ത ഘടകങ്ങളും മനുഷ്യനുണ്ട്‌. ശരീര മരണ ശേഷവും ഇവ മരിക്കാതെ തുടര്‍ന്ന് ജീവിക്കുന്നു.

കാണാനാവുന്നതും കാണാനാവാത്തതുമായ ഘടകങ്ങൾ സകല മനുഷ്യര്‍ക്കും ഉണ്ട്‌. ഇവകളെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്ന് നോക്കാം. ഉല്‍പത്തി 2:7 അനുസരിച്ച്‌ മനുഷ്യൻ ജീവനുള്ള ദേഹിയാണ്‌. സംഖ്യ.16:22 ല്‍ "സകലജഡത്തിന്റേയും ആത്മാക്കള്‍ക്ക്‌ ഉടയവനായ ദൈവമേ" എന്ന് ദൈവത്തെ വിളിച്ചിരിക്കുന്നു. "സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുക്കൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍ നിന്നല്ലോ ആകുന്നത്‌" എന്ന് സദൃശ്യ വാക്യം.4:23 ൽ വായിക്കുന്നു. മനുഷ്യഹൃദയം ഇച്ഛയുടേയും വികാരത്തിന്റേയും കേന്ദ്രം ആണെന്ന് ഈ വാക്യത്തിൽ നിന്ന് മനസ്സിലാക്കാം. പ്രവർത്തികൾ.23:1 ൽ ഇങ്ങനെ വായിക്കുന്നു. "പൌലോസ്‌ ന്യായാധിപസംഘത്തെ ഉറ്റു നോക്കി: സഹോദരന്‍മാരേ ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുകൂടി ദൈവത്തിന്റെ മുമ്പെ നടന്നിരിക്കുന്നു എന്നു പറഞ്ഞു". നല്ലതും തെറ്റും നമുക്കു മനസ്സിലാക്കിത്തരുന്ന മനസ്സിന്റെ ഭാഗമാണ്‌ മനസ്സാക്ഷി. "ഈ ലോകത്തിന് അനുരൂപമാകാതെ നന്‍മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുവീൻ" എന്ന് റോമർ.12:2 ൽ വായിക്കുന്നു. ഇങ്ങനെ മറ്റനേക വാക്യങ്ങളില്‍ മനുഷ്യന്റെ കാണാനാവാത്ത ഭാഗങ്ങളെപ്പറ്റി വായിക്കുന്നു. സകല മനുഷ്യരും ഒരുപോലെ ഇവ രണ്ടും ഉള്ളവരായി കാണപ്പെടുന്നു.

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ദേഹി, ആത്മാവ്‌ മാത്രമല്ല മനുഷ്യനിലെ കാണപ്പെടാത്ത മറ്റു അനേക കാര്യങ്ങളെപ്പറ്റിയും വേദപുസ്തകം പറയുന്നുണ്ട്‌ എന്ന്‌ കാണുന്നു. എന്തൊക്കെ ആയാലും, ദേഹി, ആത്മാവ്‌, ഹൃദയം, മനസ്സ്‌, മനസ്സാക്ഷി എന്നിവ തമ്മിൽ അഭേദ്യമായ ബന്ധം ഉണ്ട്‌ എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ ദേഹിയും ആത്മാവും മനുഷ്യന്റെ കാണപ്പെടാത്ത ഭാഗങ്ങളിലെ പ്രധാന ഘടകങ്ങളാണ്‌. അവയോടു ചേര്‍ന്ന്‌ മറ്റനേക ഘടകങ്ങളും ഉണ്ട്‌ എന്നതും മറക്കരുത്‌. ഇത്രയും അറിഞ്ഞിരിക്കെ, മനുഷ്യൻ ദ്വിഘടക ജീവിയാണോ അതോ ത്രിഘടക ജീവിയാണോ എന്ന്‌ തീരുമാനിക്കുന്നത്‌ അത്ര ലഘുവായ കാര്യമല്ല എന്ന്‌ മനസ്സിലാക്കാം. ഈ വിഷയത്തെപ്പറ്റി പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു വാക്യം എബ്രായർ.4:12 ആണ്‌. "ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയുള്ളതും പ്രാണനേയും ആത്മാവിനേയും സന്ധിമജ്ജകളേയും വേര്‍പിരിക്കുംവരെ തുളച്ചു കയറുന്നതും ഹൃദയത്തിലെ ചിന്തനകളേയും ഭാവനകളേയും വിവേചിക്കുന്നതും ആകുന്നു". ഈ വിഷയത്തെപ്പറ്റി രണ്ടുകാര്യങ്ങള്‍ ഈ വാക്യം പഠിപ്പിക്കുന്നു. പ്രാണനും (ദേഹി) ആത്മാവും തമ്മില്‍ വേര്‍പിരിക്കുവാൻ കഴിയും എന്നതും, ദൈവവചനത്തിനു മാത്രമേ അത്‌ ചെയ്യുവാന്‍ കഴിയുകയുള്ളു എന്നതുമാണവ. നമുക്കു ചെയ്യുവാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക്‌ അമിത താല്‍പര്യം കൊടുത്ത്‌ സമയം നഷ്ടപ്പെടുത്തുന്നതിനു പകരം "ഭയങ്കരവും അതിശയവുമായി" (സങ്കീർത്തനം.139:14) നമ്മെ സൃഷ്ടിച്ച ദൈവത്തിന്‍മേൽ ശ്രദ്ധവെച്ച്‌ അവനു വേണ്ടി ജീവിക്കുവാന്‍ ശ്രമിക്കുന്നതാണ്‌ അഭികാമ്യം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

മനുഷ്യൻ ത്രിഘടക ജീവിയോ അതോ ദ്വിഘടക ജീവിയോ? മനുഷ്യന് ദേഹം, ദേഹി, ആത്മാവ്‌ എന്ന മൂന്നു ഘടകങ്ങൾ ഉണ്ടോ അതോ ദേഹം, ദേഹി-ആത്മാവ്‌ എന്ന രണ്ടു ഘടകങ്ങൾ മാത്രമാണോ ഉള്ളത്‌?
© Copyright Got Questions Ministries