| |
ആരാണ് മോര്മൊണ്? അവര്‍ എന്തു വിശ്വസിക്കുന്നു?
ചോദ്യം: ആരാണ് മോര്മൊണ്? അവര്‍ എന്തു വിശ്വസിക്കുന്നു?
ഉത്തരം:
മോര്‍മൊണ്‍സ് അഥവാ "ലാറ്റര്‍ ഡേ സെയ്ന്റ്സ്" (LDS) എന്ന് വിളിക്കപ്പെടുന്ന മതവിഭാഗക്കാര്‍ ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് സ്മിത്ത് എന്ന ആളിനാല്‍ ആരംഭിക്കപ്പെട്ടതാണ്. പിതാവായ ദൈവവും പുത്രനായ ക്രിസ്തുവും തനിക്ക് പ്രത്യക്ഷനായി ഇപ്പോഴുള്ള സഭകളെല്ലാം കളങ്കപ്പെട്ടുപോയി എന്ന് പറഞ്ഞതായി താന്‍ അവകാശപ്പെട്ടു. അതിനു ശേഷം തന്റെ സഭ മാത്രമാണ് ലോകത്തിലെ ഏക സത്യസഭ എന്ന് താന്‍ പ്രസ്താവിച്ചു. വേദപുസ്തകത്തെ വിപുലപ്പെടുത്തി, തിരുത്തി എഴുതി വേദപുസ്തകത്തിനു നിരക്കാത്ത കാര്യങ്ങള്‍ അവര്‍ പഠിപ്പിക്കുന്നു എന്നാണ് മോര്‍മൊണ്‍സ് ചെയ്യുന്ന കുറ്റകൃത്യം. ബൈബിള്‍ മതിയായതല്ലെന്നും അതിനോട് ആരെങ്കിലും ഏതെങ്കിലും എപ്പോഴെങ്കിലും ചേര്‍ക്കുവാന്‍ ആവശ്യമുണ്ട് എന്നും ഞങ്ങള്‍ കരുതുന്നില്ല. ദൈവത്തെ വിശ്വസിക്കുക എന്നു പറഞ്ഞാല്‍ ദൈവനിശ്വാസിയമായ തിരുവചനത്തെ വിശ്വസിക്കുക എന്നാണ് അതിനര്‍ത്ഥം (2തിമൊ.3:16).
ദൈവീകസത്യങ്ങള്‍ മനുഷന് ലഭ്യമാകുന്നത് നാലു വഴികളിലാണെന്ന് മോര്‍മൊണ്‍സ് വിശ്വസിക്കുന്നു. 1) ശരിയായി തര്‍ജ്ജമ ചെയ്യപ്പെട്ട വേദപുസ്തകം (ഏതൊക്കെ ഭാഗങ്ങളാണ് തെറ്റായി തര്‍ജ്ജമ ചെയ്യപ്പെട്ടത് എന്നത് വ്യക്തമല്ല). 2) 1830 ല്‍ പ്രസിദ്ധീകരിച്ച മോര്മൊന്റെ പുസ്തകം (The Book of Mormon) എന്നറിയപ്പെടുന്ന ജോസഫ് സ്മിത്ത് തര്‍ജ്ജമ ചെയ്ത പുസ്തകം. ജോസഫ് സ്മിത്തിന്റെ അഭിപ്രായത്തില്‍ മറ്റേതു പുസ്തകത്തേയും അപേക്ഷിച്ച് ലോകത്തിലെ ഏറ്റവും ശരിയായ പുസ്തകം ഇതാണ്. ഈ പുസ്തകത്തെ ജീവിതത്തില്‍ പ്രായോഗികമാക്കിയാല്‍ ദൈവത്തോട് ഏറ്റവും അടുത്ത് ജീവിക്കാന്‍ സാധിക്കും എന്ന് താന്‍ പറഞ്ഞു. 3) ഉപദേശവും ഉടമ്പടികളും (The Doctrine and Covenants) എന്ന് അറിയപ്പെടുന്ന ആധുനീക വെളിപ്പാടുകള്‍ അടങ്ങിയ "പുനരുദ്ധരിക്കപ്പെട്ട ക്രിസ്തു സഭയുടെ" പുസ്തകം. 4) വലിയ വിലയുള്ള മുത്ത് (The Pearl of Great Price) എന്ന അറിയപ്പെടുന്ന, വേദപുസ്തകത്തില്‍ നിന്നു നഷ്ടപ്പെട്ടിരുന്ന ഉപദേശങ്ങളും സത്യങ്ങളും എന്ന് അവര്‍ പറയുന്ന പുസ്തകം. ഇതില്‍ സൃഷ്ടിയെപ്പറ്റി പുതുതായ കാര്യങ്ങള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ദൈവത്തെപ്പറ്റി മോര്‍മൊണ്‍സ് പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. ദൈവം സദാകാലവും ഈ അഖിലാണ്ഡത്തിന്റെ പരമാധികാരി ആയിരുന്നില്ല. ആ നിലയിലേയ്ക്ക് ദൈവം ഉയര്‍ന്നത് തന്റെ നീതിയുള്ള ജീവിതം കൊണ്ടും കഠിനമായ അദ്ധ്വാനം കൊണ്ടുമാണ്. മനുഷന്റെ ശരീരം പോലെ ഒരു ശരീരം പിതാവായ ദൈവത്തിനുണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു. ആദാം വാസ്തവത്തില്‍ ക്രിസ്തുവിന്റെ പിതാവായിരുന്നു എന്നും അവര്‍ പഠിപ്പിച്ചിരുന്നു. എന്നാല്‍ വേദപുസ്തകം അനുസരിച്ച് ഏകസത്യദൈവമേ ഉള്ളൂ (ആവ.6:4; യെശ.43:10; 44:6-8). അവന്‍ എപ്പോഴും ഉണ്ടായിരുന്നു; എപ്പോഴും ഉണ്ടായിരിക്കയും ചെയ്യും (ആവ.33:27; സങ്കീ.90:2; 1തിമൊ.1:17). അവന്‍ പരിപൂര്‍ണ്ണനാണ്; അവനൊപ്പം വേറാരുമില്ല (സ്ങ്കീ.86:8; യെശ.40:25). പിതാവായ ദൈവം മനുഷനല്ല; ഒരിക്കലും മനുഷന് ആകയും ഇല്ല (സംഖ്യ.23:19; 1ശമു.15:19; ഹോശ.11:9). ദൈവം ആത്മാവാണ് (യോഹ.4:24). അത്മാവിന് അസ്ഥിയും മാംസവും ഇല്ല (ലൂക്കോ.24:39).
മരണത്തിനു ശേഷമുള്ള അവസ്ഥയില്‍ പല പിരിവുകള്‍ ഉണ്ടെന്ന് മോര്‍മൊണ്‍സ് വിശ്വസിക്കുന്നു. ഓരോ മനുഷനും അവനവന്റെ പ്രവര്‍ത്തികള്‍ അനുസരിച്ച് മൂന്നോ നാലോ ഇടങ്ങളിലേക്ക് മാറ്റപ്പെടും എന്നവര്‍ പറയുന്നു. എന്നാല്‍ ബൈബിള്‍ പഠിപ്പിക്കുന്നത് മരണശേഷം സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം എന്ന രണ്ട് സ്ഥലങ്ങള്‍ മാത്രം ഉള്ളതായിട്ടാണ്. വിശ്വാസികള്‍ ശരീരം വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടും (2കൊരി.5:6-8) അവിശ്വാസികള്‍ യാതനാസ്ഥലത്തെക്കും (ലൂക്കോ.16:22-23) പോകുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ മടങ്ങിവരവില്‍ വിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേറ്റ് രൂപാന്തരപ്പെട്ട ശരീരം ഉള്ളവരായിത്തീരും (1കൊരി.15:50-54). വിശ്വാസികള്‍ക്കായി ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കപ്പെടും. അവിശ്വാസികള്‍ പിശാചിനോടൊപ്പം അഗ്നിക്കടലില്‍ ആയിരിക്കും (വെളി.20:11-15). മരണത്തിനു ശേഷം ന്യായവിധി മാത്രമാണുളളയത് എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു (എബ്രാ.9:27).
മോര്മൊണ് നേതാക്കന്‍മാരുടെ അഭിപ്രായം അനുസരിച്ച് ദൈവത്തിനു മറിയയുമായി ശരീരവേഴ്ച ഉണ്ടായതിന്റെ ഫലമായാണ് യേശു ജനിച്ചത് എന്നാണ്. യേശു ഒരു ദൈവം ആയിരുന്നു. അതുപോലെ മറ്റു മനുഷര്ക്കും ദൈവമായി മാറുവാന്‍ കഴിയും എന്നവര്‍ പഠിപ്പിക്കുന്നു. രക്ഷ വിശ്വാസത്താല്‍ മാത്രം സാധിക്കുന്ന കാര്യമല്ല, അതിനു നമ്മുടെ പ്രവര്‍ത്തികളും ആവശ്യമുണ്ട് എന്ന് അവര്‍ പഠിപ്പിക്കുന്നു.
ദൈവം മാത്രമാണ് പരിശുദ്ധന് എന്നും ദൈവമാകുവാന്‍ ഒരു മനുഷനും ഒരിക്കലും സാധിക്കയില്ലെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (1ശമു.2:2). ദൈവസന്നിധിയില്‍ നീതിമാനാകുന്നത് വിശ്വാസത്താല്‍ മാത്രമാണെന്ന് വേദപുസ്തകം പറയുന്നു (1കൊരി.1:2). യേശുക്രിസ്തു മാത്രമാണ് ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ എന്നും (യോഹ,3:16) അവന്‍ മാത്രം പാപരഹിതനായി ജീവിച്ച് ഇന്ന് സ്വര്‍ഗ്ഗത്തില്‍ മഹിമയില്‍ ജീവിക്കുന്നു എന്നും വേദപുസ്തകം പഠിപ്പിക്കുന്നു (എബ്രാ.7:26). ദൈവത്വത്തിന്റെ പൂര്‍ണ്ണത ക്രിസ്തുവില്‍ ഉണ്ടായിരുന്നെന്നും അവന്‍ മാത്രം ഈ ഭൂമിയില്‍ ജനിക്കുന്നതിനു മുമ്പ് ദൈവരൂപത്തില്‍ കാണപ്പെട്ടിരുന്നു എന്നും വേദപുസ്തകം പഠിപ്പിക്കുന്നു (യോഹ.1:1-8; 8:56). ക്രിസ്തു നമുക്കായി തന്നെത്താന്‍ ബലിയാക്കി എന്നും ദൈവം അവനെ മരണത്തില്‍ നിന്നുയിര്‍പ്പിച്ച് എല്ലാ നാമത്തിനും മേലായ നാമം അവനു കൊടുത്തു എന്നും ഏവരും യേശുക്രിസ്തു കര്‍ത്താവ് എന്ന് ഏറ്റുപറയുമെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (ഫിലി. 2:6-11). നമ്മുടെ സ്വയനീതിയാല്‍ ആര്‍ക്കും ദൈവരാജ്യം അവകാശമാക്കുവാന്‍ സാധിക്കയില്ലെന്നും അത് വിശ്വാസത്താല്‍ മാത്രം ലഭ്യമാകുന്നതാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (മത്താ.19:26). നാമെല്ലാവരും പാപികള്‍ ആണെന്നും ദൈവത്തിന്റെ കൃപയാല്‍ രക്ഷ ദാനമായി ലഭിക്കുന്നതാണെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (റോമ. 6:23).
രക്ഷക്കുള്ള ഒരേ വഴി ജീവനുള്ള ദൈവത്തേയും അവന്റെ പുത്രനേയും അറിയുക മാത്രമാണ് (യോഹ.17:3). അത് പ്രവര്‍ത്തിയാലല്ല, വിശ്വാസത്താല്‍ മാത്രം സാധിക്കുന്നു (റോമ.1:17; 3:28). നാം ആരായിരുന്നാലും എന്തു ചെയ്തിരുന്നാലും ക്രിസ്തുവിലുള്ള വിശ്വാസം മൂലം നമുക്കു രക്ഷ കൈവരിക്കുവാന്‍ സാധിക്കും (റോമ.3:22). "മറ്റൊരുത്തരിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവും ഇല്ല" (അപ്പൊ. 4:12) എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്.
മോര്മൊണ്സില് പലരും നല്ല മനുഷര്‍ ആണ്. അവരില്‍ പലരും ദയാശീലരും, സ്നേഹിക്കുവാന്‍ കൊള്ളാവുന്നവരും ആണ്. എങ്കിലും അവര്‍ തെറ്റായ ഒരു വിശ്വാസത്താല്‍ ദൈവത്തിന്റെ പ്രകൃതി, ക്രിസ്തുവിന്റെ ആളത്വം, രക്ഷയുടെ മാര്‍ഗ്ഗം എന്നിവ അറിയാത്തവരായി വഞ്ചിക്കപ്പെട്ടിരിക്കയാണ് എന്നതില്‍ സംശയമില്ല.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
ആരാണ് മോര്മൊണ്? അവര്‍ എന്തു വിശ്വസിക്കുന്നു?
|
|
|