settings icon
share icon
ചോദ്യം

ക്രിസ്തീയ വിശ്വാസികള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം


അനേക ക്രിസ്തീയ വിശ്വാസികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിഷയമാണ്‌ ദശാംശം കൊടുക്കുക എന്നത്‌. പല സഭകളിലും ദശാംശംകൊടുക്കുന്നതിനു അമിത പ്രാധാന്യം നൽകുന്നു. അതേസമയം അനേക ക്രിസ്ത്യാനികള്‍ ദൈവത്തിനു (സ്തോത്രകാഴ്ച) കൊടുക്കുന്ന വിഷയത്തില്‍ വിമുഖത കാണിക്കയും ചെയ്യുന്നു. ദശാംശം കൊടുക്കുക, സ്തോത്രകാഴ്ച കൊടുക്കുക എന്നിവ സന്തോഷത്തിന്റേയും അനുഗ്രഹത്തിന്റേയും പ്രതീകമാണ്‌. എന്നാല്‍ ഇന്നത്തെ സഭകളില്‍ അപ്രകാരം ചുരുക്കമായേ കാണുന്നുള്ളൂ.

ദശാംശം കൊടുക്കുക എന്നത്‌ പഴയനിയമത്തിലെ ഒരു രീതിയായിരുന്നു. എല്ലാ യിസ്രായേല്യരും അവരുടെ എല്ലാ സമ്പാദ്യത്തില്‍ നിന്നും (കൃഷിയുടെയും, മൃഗസമ്പത്തിന്റെയും) പത്തില്‍ ഒന്ന്‌ വേര്‍തിരിച്ച്‌ ദേവാലയത്തില്‍/സമാഗമനകൂടാരത്തില്‍ കൊണ്ടുവരണം എന്നത്‌ അന്നത്തെ നിബന്ധനയായിരുന്നു (ലേവ്യ.27:30; സംഖ്യ.18:26; ആവര്‍ത്തനം.14:24; 2ദിനവൃത്താന്തം 31:5). പഴയ നിയമത്തിൽ പല തരം ദശാംശം നിലനിന്നിരുന്നു, ഒന്ന് ലേവ്യർക്ക്, ആലയത്തിലെ പെരുന്നാളുകൾക്ക്,മറ്റൊന്ന് ദേശത്തിലെ പാവങ്ങൾക്ക്, എല്ലാം കൂടി ചേർന്ന് 23. 3 ശതമാനം വരുമായിരുന്നു. അന്നത്തെ ദൈവീക ശുശ്രൂഷകള്‍ ചെയ്തിരുന്ന പുരോഹിതന്‍മാരുടേയും ലേവ്യരുടേയും സന്ധാരണത്തിനായി ഏര്‍പ്പെടുത്തിയ ഒരുതരം നികുതിപ്പിരിവായിരുന്നു ഇതെന്ന്‌ ചിന്തിക്കുന്നവരുണ്ട്‌.

പുതിയനിയമ ദൈവമക്കൾ നിർബന്ധപൂർവം ദശാംശം നൽകുന്നതിനെ സംബന്ധിച്ചോ, നിശ്ചിത ശതമാനം മാറ്റിവയ്ക്കുന്നതിനെ സംബന്ധിച്ചോ പുതിയനിയമത്തിൽ എവിടെയും കല്പനയായിട്ടോ, ഉപദേശമായിട്ടോ രേഖപ്പെടുത്തിയിട്ടില്ല. എല്ലാ വിശ്വാസികളും കൃത്യമായി ഇത്ര ശതമാനം മാറ്റിവയ്ക്കണം എന്നു പറയാതെ അവരവര്‍ക്ക്‌ "കഴിവുള്ളത്‌" ചേര്‍ത്തുവയ്ക്കണം എന്നാണ്‌ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നത്‌ (1കൊരിന്ത്യർ.16:2).

പഴയനിയമത്തിലെ ദശാംശം കൊടുക്കല്‍ ഒരു മാതൃകയായി സ്വീകരിച്ച്‌ പുതിയനിയമ വിശ്വാസികളും കുറഞ്ഞത്‌ അത്രയുമെങ്കിലും കൊടുക്കണമെന്ന്‌ പല സഭകളും പഠിപ്പിക്കുന്നു. കൃത്യമായി ഇത്ര ശതമാനം കൊടുക്കണമെന്ന്‌ പറയുന്നില്ലെങ്കിലും ദൈവത്തിനു കൊടുക്കുന്നതിന്റെ പ്രാധാന്യവും അതിന്റെ പ്രയോജനങ്ങളും എന്താണെന്ന്‌ പുതിയനിയമം പറയുന്നുണ്ട്‌. അവരവരുടെ പ്രാപ്തിക്കനുസരിച്ചു കൊടുക്കണമെന്നാണ്‌ ഇപ്പോഴത്തെ നിബന്ധന. അത്‌ ദശാംശത്തേക്കാൾ കൂടിയെന്നോ കുറഞ്ഞെന്നോ വരാവുന്നതാണ്‌. ഓരോ വിശ്വാസിയുടെ ധനശേഷിയും സഭയുടെ ആവശ്യവും അനുസരിച്ച്‌ തീരുമാനിക്കേണ്ട കാര്യമാണത്‌. ഓരോരുത്തരും എത്രയാണ്‌ കൊടുക്കേണ്ടതെന്ന്‌ ദൈവസന്നിധിയിൽ ആരാഞ്ഞ്‌ ദൈവീകജ്ഞാനത്തിൽ തീരുമാനിക്കേണ്ടതാണ്‌ (യാക്കോബ്.1:5). ഇതിൽ ഉപരിയായി ഓരോ ദശാംശങ്ങളും,സ്വമേധയാ ദാനങ്ങളും നൽകുന്നത് നല്ല ഉദ്ദേശത്തോടും, നല്ല മനസോടുകൂടയും, അത് ദൈവസന്നിധിയിൽ ഒരു ആരാധനയായും ക്രിസ്തുവിന്റെ ശരീരമാം സഭക്കുള്ള സേവനമാണ് മാറണം. "അവനവന്‍ ഹൃദയത്തിൽ നിശ്ചയിച്ചതു പോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്‌; നിര്‍ബന്ധത്താലുമരുത്‌. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു" (2കൊരിന്ത്യർ.9:7).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രിസ്തീയ വിശ്വാസികള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
© Copyright Got Questions Ministries