settings icon
share icon
ചോദ്യം

ക്രിസ്തീയ സ്നാനത്തിന്റെ പ്രാധാന്യത എന്താണ്‌?

ഉത്തരം


യേശു സഭയ്ക്ക് നിയമിച്ച രണ്ട് കർമ്മങ്ങളിൽ ഒന്നാണ് സ്നാനം. യേശു തന്റെ സ്വർഗ്ഗാരോഹണത്തിന് മുമ്പ് ഇപ്രകാരം പറഞ്ഞു, “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കി കൊൾവീൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട്.“ (മത്തായി 28: 19-20) ഇതിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്, സഭയുടെ ഉത്തരവാദിത്തമാണ് ജനങ്ങളെ യേശുവിന്റെ വചനം പഠിപ്പിച്ച് അവരെ ശിഷ്യരാക്കി സ്നാനപ്പെടുത്തുക എന്നുള്ളത്. ഇത് ലോകത്തിന്റെ അന്ത്യം വരെ എല്ലാ ഇടത്തും ചെയ്യേണ്ടുന്ന ഒന്നാണ്. ഇത് യേശുവിന്റെ കല്പനയായതിനാൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

സഭ സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് തന്നെസ്നാനം നിലവിൽ ഉണ്ടായിരുന്നു. മറ്റ് മതങ്ങളിൽ നിന്ന് യെഹൂദ മതത്തിലേക്ക് ചേരുന്നവരെ സ്നാനപ്പെടുത്തിയിരുന്നു, ഇത് അവർ ശുദ്ധരായി എന്നതിന്റെ അടയാളമായിരുന്നു.യേശുവിന് വഴി ഒരുക്കുവാനായി യോഹന്നാൻ സ്നാപകൻ സ്നാനം നടത്തിയിരുന്നു. എല്ലാവർക്കും മാനസാന്തരം ആവശ്യമായിരിക്കയാൽ ജാതികൾ മാത്രമല്ല, യെഹൂദന്മാരും സ്നാനപ്പെടേണ്ടിയിരുന്നു. എന്നാൽ യോഹന്നാന്റെ മാനസാന്തര സ്നാനവും പ്രവർത്തികൾ 18: 24-26; 19: 1-7 വരെയുള്ള വാക്യങ്ങളിൽ പറയുന്ന ക്രിസ്തീയ സ്നാനവും തമ്മിൽ വ്യത്യാസം ഉണ്ട്. ക്രിസ്തീയ സ്നാനത്തിന് വളരെ ആഴമേറിയ അർത്ഥം ഉണ്ട്.

ക്രിസ്തീയ സ്നാനം എന്നാൽ പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഉള്ള സ്നാനമാണ്. സ്നാനത്തിലൂടെ ഒരു വ്യക്തി സഭയോട് ചേരുന്നു. ഒരു വ്യക്തി രക്ഷിക്കപ്പെടുമ്പോൾ ആത്മസ്നാനത്താൽ സഭയാകുന്ന ക്രിസ്തു ശരീരത്തോട് ചേരുന്നു. 1 കൊരിന്ത്യർ 12: 13 പറയുന്നു, “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.“ ആത്മസ്നാനത്തിന്റെ ഒരു പ്രവർത്തി രൂപമാണ് വെള്ളത്തിലുള്ള സ്നാനം.

ഒരു വ്യക്തി തന്റെ ശിക്ഷ്യത്വത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു അവസരമാണ് സ്നാനം. ഒരു വ്യക്തി സ്നാനത്തിനായി വെള്ളത്തിൽ ഇറങ്ങുമ്പോൾ വാക്കുകൾ ഇല്ലാതെ ആ വ്യക്തി പറയുന്നത്, “ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു, യേശു എന്റെ പാപങ്ങളെ കഴുകി, ഇപ്പോൾ എനിക്ക് ശുദ്ധീകരിക്കപ്പെട്ട ഒരു ജീവിതം ഉണ്ട്.“

യേശുവിന്റെ മരണ അടക്ക പുനരുത്ഥാരണത്തെ കാണിക്കുന്നതാണ് സ്നാനം. കൂടാതെ നാം പാപത്തിൽ മരിച്ചു എന്നും നമുക്ക് യേശുക്രിസ്തുവിൽ കൂടെ ഒരു പുതിയ ജീവൻ ലഭിച്ചു എന്നും ഇത് കാണിക്കുന്നു. യേശുവിനെ കർത്താവ് എന്ന് ഒരു പാപി ഏറ്റു പറയുമ്പോൾ ആ വ്യക്തി പാപത്തിന് മരിച്ച് (റോമർ 6: 11) ഒരു പുതിയ സൃഷ്ടിയായി എഴുന്നേൽക്കുന്നു (കൊലോസ്സ്യർ 2: 12). വെള്ളത്തിൽ മുങ്ങുന്നത് പാപത്തിൽ മരിക്കുന്നതിനെ കാണിക്കുന്നു, വെള്ളത്തിൽ നിന്ന് എഴുന്നേറ്റു വരുന്നത് രക്ഷിക്കപ്പെട്ട് ശുദ്ധീകരിക്കപ്പെട്ട വിശുദ്ധ ജീവിതത്തെ കാണിക്കുന്നു. റോമർ 6: 4 ഇങ്ങനെ പറയുന്നു, “അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികൾ ആയിതീർന്ന സ്നാനത്താൽ അവനോട് കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ.“

ഒരു വിശ്വാസിയുടെ ഉള്ളിൽ രഹസ്യമായി നടന്ന മാറ്റത്തിന്റെ പരസ്യമായ സാക്ഷ്യമാണ്‌ ക്രിസ്തീയ സ്നാനം. രക്ഷിക്കപ്പെട്ടതിന് ശേഷം ദൈവീക കല്പനയോടുള്ള അനുസരണമാണ് സ്നാനം. സ്നാനവും രക്ഷയും തമ്മിൽ ബന്ധമുണ്ടെങ്കിലും, സ്നാനപ്പെട്ടെങ്കിലേ രക്ഷ പൂർണ്ണമാകൂ എന്നില്ല. കാര്യങ്ങളുടെ ക്രമം ബൈബിളിൽ കാണുന്നു, 1) ഒരു വ്യക്തി കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നു 2) ആ വ്യക്തി സ്നാനപ്പെടുന്നു. പ്രവർത്തികൾ 2: 41 ലും ഈ ക്രമം കാണുവാൻ കഴിയുന്നു, “അവന്റെ (പത്രോസിന്റെ) വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു.“ (പ്രവർത്തികൾ 16: 14-15)

യേശു ക്രിസ്തുവിൽ പുതുതായി വിശ്വസിക്കുന്നവർ എല്ലാവരും വേഗം തന്നെ സ്നാനം ഏൽക്കണം. പ്രവർത്തികൾ 8 ൽ ഫിലിപ്പോസ് ഷണ്ഡനോട് യേശുവിന്റെ സുവിശേഷം പറഞ്ഞു, അവർ അങ്ങനെ യാത്ര ചെയ്യുമ്പോൾ വെള്ളം ഉള്ള ഒരു സ്ഥലത്ത് എത്തി, അപ്പോൾ ഷണ്ഡൻ പറഞ്ഞു, “ഇതാ വെള്ളം ഞാൻ സ്നാനം ഏൽക്കുന്നതിന് എന്തു വിരോധം.“ (35-36) അപ്പോൾ തന്നെ അവർ രഥം നിർത്തി, ഫീലിപ്പോസ് ഷണ്ഡനെ സ്നാനപ്പെടുത്തി.

ഒരു വിശ്വാസി ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളോട്‌ ഏകീഭവിച്ചു എന്നത്‌ ചിത്രീകരിക്കുന്നതാണ് സ്നാനം. എവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുന്നുവോ, അവിടെ എല്ലാം ജനങ്ങൾ യേശുവിനെ വിശ്വസിക്കും. അങ്ങനെയുള്ളവരെ സ്നാനപ്പെടുത്തണം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രിസ്തീയ സ്നാനത്തിന്റെ പ്രാധാന്യത എന്താണ്‌?
© Copyright Got Questions Ministries